Responsive Ad Slot

കടയ്ക്കൽ വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം

കടയ്ക്കൽ: വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ഒരാൾക്ക് പരിക്ക്. ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ സി ഇ. ഒ ചന്തുവിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്സ് സൈസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പാലോണം ബിനുഭവനിൽ ബിനുവാണ് (39) അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റു നാല് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. 

കടയ്ക്കൽ പാലോണം കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഇൻസ്‌പെക്ടർ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനായി എത്തിയത്. ബിനു വിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വിറക് കൊണ്ട് മർദ്ദിക്കുകയായിരുന്നു. ഇവരിൽ നിന്ന് വാറ്റിയെടുത്ത വ്യാജ ചാരായവും വാറ്റുപകരണങ്ങളും പിടി കൂടി.

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

കുമ്മിൾ: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മുക്കുന്നം കല്ലുതേരി എഎസ്എസ് മൻസിലിൽ സുഹൈൽ(20) നെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റാ എൻട്രി ഓപ്പറേറ്ററായി പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. കോവിഡ് ആയത് കൊണ്ട് വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയന്നറിയിച്ചു സുഹൈൽ സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തു. 28000 രൂപ ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. 

ഉദ്യോഗാർത്ഥികൾ ഫോണിൽ സുഹൈലുമായി ബന്ധപ്പെട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റായി 2000 രൂപ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ വഴി സുഹൈൽ കൈപ്പറ്റി. 2 മാസം ജോലി ചെയ്തെങ്കിലും ആർക്കും ശമ്പളം കിട്ടിയില്ല. തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകി. അന്വോഷണത്തിൽ 90പേരിൽ നിന്നും ഇയാൾ പണം വാങ്ങിയതായി കണ്ടെത്തി. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

നിലമേൽ; കോവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മനഃശാസ്ത്ര സേവനം

കോവിഡ്  കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക്  മനഃശാസ്ത്ര സേവനം
  • നിരീക്ഷണത്തിൽ കഴിയുന്നവർ
  • അവരുമായി ബന്ധപ്പെട്ടിരിക്കുന്നവർ
  • കോവിഡ് വന്നു മരണപ്പെട്ടവരുടെ ബന്ധുക്കൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ
  • കുട്ടികൾ
  • ഗർഭിണികൾ
  • വയോധികർ
  • ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കു
എല്ലാം സൗജന്യമായി ശാസ്ത്രിയമായ മാനസികാരോഗ്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്

MrSANTHOSH 
HEALTH INSPECTOR
Ph: 6238657995

Mr.VAISHNU.V 
CLINICAL PSYCHOLOGIST
Ph: 9047317003

ഒരു വിളിപ്പാടകലെ നിങ്ങൾക്ക്ഒപ്പം ഞങ്ങളും
NILAMEL COMMUNITY HEALTH CENTER

കുരിയോട് ഓട്ടോറിക്ഷയും പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

ചടയമംഗലം: ചടയമംഗലം എംസി റോഡിൽ ജഡായു ജംഗ്ഷനിൽ ഓട്ടോറിക്ഷയും പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ഒരാളുടെ നില അതീവ ഗുരുതരം

മന്ത്രി സഭയില്‍ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ ജെ.ചിഞ്ചുറാണിക്ക് കടയ്ക്കലില്‍ ഉജ്ജ്വല സ്വീകരണം

കടയ്ക്കല്‍: പുതിയ മന്ത്രി സഭയില്‍ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ ജെ.ചിഞ്ചുറാണിക്ക് കടയ്ക്കലില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ കടയ്ക്കലില്‍ എത്തിയ ചിഞ്ചുറാണിയെ എല്‍.ഡി .എഫ് നേതാക്കള്‍ ചുവന്ന ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം ചിഞ്ചുറാണി കടയ്ക്കല്‍ വിപ്ലവ സ്മാരകത്തിലെത്തി പുഷ്പ ചക്രം സമര്‍പ്പിച്ചു.

കടയ്ക്കലിലെയും ചടയമംഗലത്തെയും സി.പി.ഐ, സി.പി.എം പാര്‍ട്ടി ഓഫീസുകളിലും സന്ദര്‍ശിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കടയ്ക്കല്‍ അബ്ദുല്‍ റഹ്‌മാന്റെ വീട്ടിലെത്തി ചിഞ്ചുറാണി അനുഗ്രഹം വാങ്ങി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് . ബുഹാരി, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കരകുളം ബാബു, എസ് .വിക്രമന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ .സി.

കൊവിഡ് പ്രതിരോധം: സജീവസാന്നിധ്യമായി കടയ്ക്കല്‍ സര്‍ക്കാര്‍‍ ആയുര്‍വേദ ആശുപത്രി

കടയ്ക്കല്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി കടയ്ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും. കോവിഡ് ബാധിതര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശാവര്‍ക്കര്‍മാര്‍ മുഖേന ആശുപത്രിയെ സമീപിക്കാം. കോവിഡ് ഭേദമായതിനുശേഷം ശാരീരികപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും ചികിത്സ സൗകര്യം ഒരുക്കുന്നുണ്ട്.

സര്‍ക്കാര്‍ പദ്ധതികളായ സുഹായിഷം, സ്വാസ്ഥ്യം, പുനര്‍ജനി, അമൃതം, ഭേഷജം എന്നിവ മുഖേനയാണ് പരിശോധനകള്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള പദ്ധതിയാണ് സുഹായിഷം. 60 വയസ് വരെയുള്ളവര്‍ക്കാണ് സ്വാസ്ഥ്യം പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതികള്‍ മുഖേന ഡയറ്റ്, പ്രതിരോധം എന്നിവയില്‍ ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

കൊവിഡ് ഭേദമായതിനുശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കായാണ് പുനര്‍ജനി പദ്ധതി. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് അരിഷ്ടം, കഷായം തുടങ്ങിയ ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള പദ്ധതിയാണ് അമൃതം. ഇതിലൂടെ രോഗം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളെടുക്കണം, അതിനാവശ്യമായ പ്രതിരോധ മരുന്നുകള്‍ എന്നിവ നല്‍കുന്നു. ഭേഷജം പദ്ധതി കൊവിഡ് രോഗികള്‍ക്കായുള്ളതാണ്. താല്പര്യമുള്ളവര്‍ക്ക് ആയുര്‍വേദത്തിലും ചികിത്സ നടത്താം.

കോവിഡ് ബാധിതരായവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് നിരാമയ പോര്‍ട്ടലുമുണ്ട്. ടെലി കൗണ്‍സിലിങ് സംവിധാനമാണിത്. അതാത് ആയുര്‍വേദ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാരാണ് കൗണ്‍സിലിങ് നടത്തുന്നത്. കൊവിഡിന്റെ പ്രാഥമിക സ്റ്റേജ് മുതല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ലോഡിങ് തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു. ഇതുവരെ അയ്യായിരത്തില്‍ പരം ആളുകള്‍ക്ക് ആശുപത്രി മുഖേന ചികിത്സ നല്‍കിയിട്ടുണ്ടെന്നും കടയ്ക്കല്‍ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. ടി ലക്ഷ്മി പറഞ്ഞു.

കുമ്മിള്‍ - പന്നിയുടെ ആക്രമണത്തില്‍ കടയുടമക്ക്​ പരിക്ക്

കുമ്മിള്‍: പന്നിയുടെ ആക്രമണത്തില്‍ കടയുടമക്ക്​ പരിക്ക്. കുമ്മിള്‍ അമ്ബലംമുക്കില്‍ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനില്‍ വേണുഗോപാലന്‍നായര്‍ക്കാണ് (64) പരിക്കേറ്റത്. ആക്രമണത്തില്‍ വലതുകൈ ഒടിഞ്ഞു. തലയിലും പരിക്കുണ്ട്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക് ഡൗണ്‍ ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയാണ്. 

ഈ കടയില്‍ തന്നെയാണ് വേണുഗോപാലന്‍ നായര്‍ താമസിച്ചുവരുന്നതും. രാവിലെ ആറുമണിയോടെ പാല്‍ വിതരണക്കാരന്‍ എത്തിയപ്പോള്‍ പാലുവാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം

സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി കോഴ്‌സ്

ഐ.എച്ച്.ആര്‍.ഡിയുടെ കല്ലൂപ്പാറ എന്‍ജിനീയറിങ് കോളേജ് നടത്തുന്ന സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ 9447402630, 0469-2677890, 2678983, 8547005034 എന്നീ നമ്പരുകളിലും www.ihrd.ac.in, www.cek.ac.in വെബ്‌സൈറ്റുകളിലും ലഭിക്കും.

ഡിപ്ലോമ കോഴ്‌സ്

കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 8943894074 എന്ന നമ്പരിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലോ ലഭിക്കും.

മാല പിടിച്ചുപറി കേസിലെ പ്രതികൾ പിടിയിൽ

കടയ്ക്കൽ: തൃക്കണ്ണാപുരം ജംഗ്ഷനിൽ കച്ചവടം നടത്തി കൊണ്ടിരുന്ന സുമതി അമ്മയുടെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി സുമതി അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല അപഹരിച്ച് കടന്നുകളഞ്ഞ പ്രതികളെ കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. 

തൊളിക്കുഴി, തേക്കടയിൽ വീട്ടിൽ റഷീദ് മകൻ മകൻ 32 വയസ്സുള്ള ഫാറൂഖിനെയും നിലമേൽ, മുരുക്കും മൺ ഷിയാസ് മനസ്സിൽ യാക്കൂബ് മകൻ 31 വയസ്സുള്ള യൂസഫി നെയും ആണ് അറസ്റ്റ് ചെയ്തത്. കടക്കൽ സി.ഐ. ഗിരിലാൽ പോലീസുകാരായ അജിത് കുമാർ രാകേഷ്, അജയ് , രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് . 

സി.സി. ടി.വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്. ഇവർ സമാന സ്വഭാവത്തിലുള്ള കേസുകളിൽ പ്രതികളാണെന്ന് സംശയിക്കുന്നു. കൂടുതൽ വിവരത്തിനായി പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു

അവധി ദിനത്തിലും സുരക്ഷ കർശനമാക്കി കൊല്ലം റൂറൽ പോലീസ്

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിൽ വിവിധ മേഖലകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര, ഓടനാവട്ടം , വെളിയം, ഓയൂർ, കുളത്തൂപ്പുഴ, തെന്മല കടയ്ക്കൽ ജില്ലാ അതിർത്തിയായ ചല്ലിമുക്ക് തുടങ്ങിയ മേഖലകളിൽ കർശനമായ പരിശോധനകൾ നടത്തി. 

തൊട്ടടുത്ത തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയതിനാൽ കർശന പരിശോധനക്ക് ശേഷം മാത്രമേ വാഹനങ്ങൾ മറ്റ് ജില്ലകളിലേക്ക് കടത്തി വിടുകയുള്ളൂ. വരുംനാളുകളിൽ പഴുതടച്ച സുരക്ഷ അതിർത്തി കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു

ലോക്ഡൗൺ കൊല്ലം റൂറലിൽ സമ്പൂർണ്ണം

കൊട്ടാരക്കര: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ രണ്ടാം ഘട്ട ലോക്ഡൗണിന്റെ ആദ്യ ദിനം കൊല്ലം റൂറൽ ജില്ലയിൽ സമ്പൂർണ്ണം. കൊല്ലം റൂറൽ ജില്ലയിലെ മുഴുവൻ പോലീസും ലോക്ഡൗൺ ദിനത്തിൽ റോഡിലിറങ്ങിയ കാഴ്ചയായിരുന്നു എല്ലായിടവും. കൊല്ലം റൂറൽ ജില്ലയിൽ 66 പിക്കറ്റ് പോസ്റ്റുകൾ പുതുതായി ആരംഭിച്ചു. 

12 പിക്കറ്റ് പോസ്റ്റുകൾ 24 മണിക്കൂർ ആയി ക്രമീകരിച്ചു. 54 പിക്കറ്റ് പോസ്റ്റുകൾ 12 മണിക്കൂർ പിക്കറ്റുകളായി നിർണ്ണയിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് കൊല്ലം റൂറൽ ജില്ലയിൽ ഏർപ്പെടുത്തിയത്. ജില്ലയിൽ 41 മൊബൈൽ പെട്രോളിം​ഗ് വാഹനങ്ങളും 15 ബൈക്ക് പെട്രോളിം​ഗും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ എല്ലാ മേഖലകളിലും പഴുതടച്ച പരിശോധനാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി.രവി ഐ.പി.എസ് നേരിട്ട് കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജംക്ഷൻ, പുത്തൂർ മുക്ക്, കുളക്കട, ഏനാത്ത് എന്നിവിടങ്ങളിൽ പരിശോധന നടത്തി. 

കൊല്ലം റൂറൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.ബിജുമോന്റെ നേതൃത്വത്തിൽ ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല, കടക്കൽ, ചല്ലിമുക്ക് എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തി. കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ എല്ലാ സബ് ഡിവിഷനുകളിലും പരിശോധന ശക്തമാക്കി.
© all rights reserved
made with Kadakkalnews.com