Responsive Ad Slot

അനധികൃത മദ്യ വിൽപ്പന നടത്തിയ ചിതറ വളവുപച്ച സ്വദേശി പിടിയിൽ

ചിതറ: ചിതറ വളവുപച്ച തടത്തരികത്ത് വീട്ടിൽ അ൦ബി എന്ന് വിളിക്കുന്ന അജയകുമാറിനെ (56) ആണ് രാവിലെ മദ്യ വിൽപ്പന നടത്തവേ ചടയമംഗലം, എക്സൈസ് ഇൻസ്പെക്ടർ എൻ. ജി അജയകുമാർ അറസ്റ്റ് ചെയ്തത്. 1.98 ലിറ്റർ മദ്യം പിടിച്ചെടുത്തു. മദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തുകയായിരുന്നു. പ്രിവൻറീവ് ഓഫീസ൪ റസിസാ൦ബൻ, സിവിൽ എക്സൈസ് ഓഫീസ൪ മാരായ ഹരികൃഷ്ണൻ, ബിൻസാഗർ, മുബീൻ എന്നിവരും ടീമിൽ ഉണ്ടായിരുന്നു.

ചിതറ കാഞ്ഞിരത്തും മൂട്ടിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

ചിതറ: ചിതറ കാഞ്ഞിരത്തും മൂട്ടിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിൽ( 48) ചിതറ സ്വദേശിയായ അരുൺ( 32) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്താണ് ടിപ്പുവുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ യുടെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



ജില്ലയില്‍ ഇന്നലെ 11387 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 11387 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 486 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 147 മുന്നണിപ്പോരാളികള്‍ക്കും 397 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള 563 പേര്‍ക്കും 60 വയസിന് മുകളിലുള്ള 9522 പേര്‍ക്കും ആദ്യ ഡോസ് നല്‍കി. 186 ആരോഗ്യപ്രവര്‍ത്തരും 78 മുന്നണിപ്പോരാളികളും എട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചു.

കൊല്ലം പൊതുതിരഞ്ഞെടുപ്പ് - ആകെ പത്രികകള്‍ 94, ഇന്നലെ മാത്രം 45

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ (മാര്‍ച്ച് 19) 45 പത്രികള്‍ കൂടി സമര്‍പ്പിച്ചു. ആകെ 94 പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്. കൊട്ടാരക്കര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രികള്‍ സമര്‍പ്പിച്ചത്, 11 എണ്ണം. ഏറ്റവും കുറവ് കൊല്ലത്തും ചവറയിലും, ആറു വീതം. പുനലൂര്‍, കുണ്ടറ മണ്ഡലങ്ങളില്‍ 10 വീതവും ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളില്‍ ഒന്‍പത് വീതവും കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം മണ്ഡലങ്ങളില്‍ എട്ടുവീതവും പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. സൂക്ഷമ പരിശോധന ഇന്ന്(മാര്‍ച്ച് 20) കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 നാണ്.

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ സി.ആര്‍. മഹേഷ്, രാമചന്ദ്രന്‍, ബിറ്റി, അജയകുമാര്‍ എന്നിവര്‍ ഉപവരണാധികാരി ജോയിന്റ് ഡയറക്ടര്‍ എം ജി പ്രമീള മുമ്പാകെയും ചവറയില്‍ വൈ. ജോണ്‍സണ്‍, മനോഹരന്‍ പിള്ള, എസ് സുജിത്ത്‌മോന്‍ എന്നിവര്‍ ഉപവരണാധികാരി ചവറ ബി.ഡി.ഒ ഇ.ദില്‍ഷാദിനും മുമ്പാകെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കുന്നത്തൂരില്‍ കുഞ്ഞുമോന്‍, അഞ്ജു രവി, സുബാഷ്, മാന്തറ വേലായുധന്‍ എന്നിവര്‍ ഉപവരണാധികാരി ശാസ്താംകോട്ട ബി.ഡി.ഒ ആര്‍.എസ്.റംജിത്ത് മുമ്പാകെയും അരുണ്‍കുമാര്‍ വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍ മുമ്പാകെയും പത്രിക സമര്‍പ്പിച്ചു.

കൊട്ടാരക്കരയില്‍ മണിക്കുട്ടന്‍ വരണാധികാരി എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ പി.ബി.സുനില്‍ലാലിന് മുമ്പാകെയും സോമന്‍പിള്ള, ടി. ജൈനേന്ദ്രന്‍, വി.ലാല്‍ എന്നിവര്‍ ഉപവരണാധികാരി വെട്ടിക്കവല ബി.ഡി.ഒ കെ.എസ്. സുരേഷ്‌കുമാറിന് മുമ്പാകെയും പത്രിക നല്‍കി.

പത്തനാപുരത്ത് സതീഷ്‌കുമാര്‍, ജിതിന്‍ദേവ് എന്നിവര്‍ വരണാധികാരി പുനലൂര്‍ ഡി.എഫ്.ഒ ടി.സി ത്യാഗരാജന്‍ മുമ്പാകെയും അജി.കെ, ജ്യോതികുമാര്‍ ചാമക്കാല ഉപവരണാധികാരി പത്തനാപുരം ബി.ഡി.ഒ ലെനിന്‍ മുമ്പാകെയും പുനലൂരില്‍ ഉമേഷ് ബാബു, നാഗരാജന്‍, ഷിബു സ്‌കറിയ എന്നിവര്‍ വരണാധികാരി തെ•ല ഡി.എഫ്.ഒ എസ്. സണ്‍ മുമ്പാകെയും ബി അബ്ദുറഹ്മാന്‍ രണ്ടത്താണി, ജോസ്, നൗഷാദ് എന്നിവര്‍ ഉപവരണാധികാരി അഞ്ചല്‍ ബി.ഡി.ഒ കെ.പി.ശ്രീജറാണി മുമ്പാകെയും പത്രിക സമര്‍പ്പിച്ചു.

ചടയമംഗലത്ത് മനു, ലാലു എന്നിവര്‍ ഉപവരണാധികാരി ചടയമംഗലം ബി.ഡി.ഒ എം.സഖി മുമ്പാകെയും കുണ്ടറയില്‍ ഷിജു എം. വര്‍ഗ്ഗീസ്, സന്തോഷ്, മിഥുന്‍ മോനച്ചന്‍ എന്നിവര്‍ വരണാധികാരി ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായര്‍ മുമ്പാകെയും പി. വിനോദ് ഉപവരണാധികാരി ചിറ്റുമല ബി.ഡി.ഒ കെ.അജിത്ത്കുമാര്‍ മുമ്പാകെയും പത്രിക സമര്‍പ്പിച്ചു.

കൊല്ലം മണ്ഡലത്തില്‍ എം. മുകേഷ്, രമണന്‍, രാജേന്ദ്ര ബാബു, എം.സുനില്‍ എന്നിവര്‍ വരണാധികാരി അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി.ഷിന്‍സ് മുമ്പാകെയും ഇരവിപുരത്ത് മോഹനന്‍, ഷിഹാബുദ്ദീന്‍, എസ്.പ്രസാദ് എന്നിവര്‍ വരണാധികാരി അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ജനറല്‍ വി.ആര്‍ രാജീവ് മുമ്പാകെയും ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍, രാജീവ്, ശ്രീനാഗേഷ്, അഡ്വ. ആര്‍.ദീലീപ്കുമാര്‍ എന്നിവര്‍ ഉപവരണാധികാരി ഇത്തിക്കര ബി.ഡി.ഒ ജി.ഷെയ്‌നി മുമ്പാകെയും സേതു, സുനു എന്നിവര്‍ വരണാധികാരി എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍.സുധീഷ് മുമ്പാകെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

മണ്ഡല പരിചയം; 'ഇടത്തോട്' ചാഞ്ഞ ചടയമംഗലം

 

വെളിയം ഭാർഗവനിൽ തുടങ്ങുന്നതാണ് ചടയമംഗലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം

കൊല്ലം ജില്ലയെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാക്കുന്ന ഒരു ഭാഗമാണ് ചടയമംഗലവും. സിപിഐയുടെ ഉറച്ച സീറ്റുകളിലൊന്ന്. 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ കണ്ട ചടയമംഗലം 12 തവണയും സിപിഐ സ്ഥാനാർഥികളെ തന്നെ വിജയിപ്പിച്ച് നിയമസഭയിൽ എത്തിച്ചു.

വെളിയം ഭാർഗവനിൽ തുടങ്ങുന്നതാണ് ചടയമംഗലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. ഏറ്റവും ഒടുവിൽ മുല്ലക്കര രത്നകരന്റെ ഹാട്രിക് വിജയം വരെ എത്തിനിൽക്കുമ്പോൾ ചടയമംഗലം അടിവരയിടുന്നു, എന്നും ഇടതിനൊപ്പമെന്നും ചെങ്കോട്ടയായി തുടരുമെന്നും.

തിരഞ്ഞെടുപ്പ് ചരിത്രം

1957ലെ പ്രഥമ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ എക്കാലത്തെയും മികച്ച നേതാക്കന്മാരിൽ ഒരാളായ വെളിയം ഭാർഗവനാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1960ലും ഭാർഗവൻ വിജയം ആവർത്തിച്ചു. 1967ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഡി.ഡി പോറ്റിയാണ് ജയിക്കുന്നത്. 1970ൽ എം.എൻ ഗോവിന്ദൻ നായരും 1977ലും 1980ലും ഇ ചന്ദ്രശേഖരൻ നായരും മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 15 വർഷം കെ.ആർ ചന്ദ്രമോഹനും പത്താം നിയമസഭയിൽ ആർ ലളിത ദേവിയും നിയമസഭയിലെത്തി. 2001ൽ കോൺഗ്രസ് ചടയമംഗലത്ത് ചരിത്രം തിരുത്തി. പ്രയാർ ഗോപാലകൃഷ്ണനാണ് കോൺഗ്രസിനുവേണ്ടി ആദ്യമായി ചടയമംഗലത്ത് വിജയിക്കുന്നത്. എന്നാൽ 2006ൽ മുല്ലക്കര രത്നാകരനെ ഇറക്കിയാണ് സിപിഐ മണ്ഡലം തിരികെ പിടിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയം ആഴർത്തിച്ചു.

2016ലെ തിരഞ്ഞെടുപ്പ്

മൂന്നാം അങ്കത്തിനിറങ്ങുമ്പോഴും ചടയമംഗലം മുല്ലക്കര രത്നാകരനൊപ്പം നിന്ന കാഴ്ചയായിരുന്നു കഴിഞ്ഞ തവണ കണ്ടത്. വോട്ട് വിഹിതം കുറഞ്ഞെങ്കിലും വലിയ മാർജിനിൽ തന്നെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എം.എം ഹസനെ പരാജയപ്പെടുത്തിയാണ് മുല്ലക്കര നിയമസഭയിലെത്തിയത്. 21,928 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുല്ലക്കര നേടിയത്. ബിജെപി വോട്ട് വിഹിതത്തിൽ പത്ത് ശതമാനം വർധനവും നേടി.

കരുത്തരായ നേതാക്കൾ

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വെളിയം ഭാർഗവനുള്ള സ്ഥാനം വലുതാണ്. അദ്ദേഹം രണ്ട് തവണ മത്സരിച്ച മണ്ഡലമെന്ന പ്രത്യേകത ചടയമംഗലത്തിനുണ്ട്. എം.എന്‍.ഗോവിന്ദന്‍ നായരും ഇ.ചന്ദ്രശേഖരന്‍ നായരും മുല്ലക്കര രത്‌നാകരനും സംസ്ഥാന മന്ത്രിമാരായും മികവ് പുലര്‍ത്തി. പി.എസ്.പി.യിലെ ഡി.ദാമോദരന്‍ പോറ്റി സ്പീക്കറായി തിളങ്ങിയതും ചടയമംഗലത്തിന്റെ പ്രതിനിധിയായാണ്.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചിഞ്ചുറാണി

മൂന്ന് ടേം പൂർത്തിയാക്കിയ മുല്ലക്കര രത്നാകരന് മണ്ഡലത്തിൽ പിൻഗാമിയെ കണ്ടെത്താൻ സിപിഐയ്ക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാതിരുന്ന ചടയമംഗലത്ത് സ്ഥാനാർഥി ആലോചനകളിൽ തന്നെ കല്ലുകടി വ്യക്തമായിരുന്നു. വനിതാ സ്ഥാനാർഥി എന്ന നിലപാടിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിന്നതാണ് തിരിച്ചടിയായത്. പ്രാദേശിക തലത്തിൽ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന വികാരം മറികടന്നാണ്, അവരുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെയാണ് ചിഞ്ചുറാണി സ്ഥാനാർഥിയാകുന്നത്. സ്ഥാനാർഥിത്വത്തിലെ അനിശ്ചിതത്വം വോട്ടിങ്ങിൽ തിരിച്ചടിയാകില്ലെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. സർക്കാരിന്രെ വികസന-ജനക്ഷേമ നടപടികൾ തന്നെയാണ് ഇവിടെയും മുഖ്യ പ്രചരണ വിഷയം.

എം.എം നസീർ യുഡിഎഫ് സ്ഥാനാർഥി

ഇടതു കോട്ട പിടിച്ചെടുക്കുക എന്ന ഉത്തരവാദിത്വത്തോടെ ഇത്തവണ യുഡിഎഫ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നത് എം.എം നസീറിനെയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളാണ് യുഡിഎഫ് മണ്ഡലത്തിൽ ഉയർത്തി കാട്ടുന്നത്.

മണ്ഡല സ്ഥിതി വിവരം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചടയമംഗലം നിയമസഭാമണ്ഡലം. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് ചടയമഗംലം മണ്ഡലത്തില്‍ ആകെ 192594 വോട്ടര്‍മാരാണുള്ളത്. അതില്‍ 89845 പുരുഷന്മാരും 102749 സ്ത്രീകളുമാണ്.

ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിൽ 2022-ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ ജൂൺ അഞ്ചിന് നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം.

2022 ജനുവരിയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2009 ജനുവരി ഒന്നിന് മുൻപും 2010 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല. അഡ്മിഷൻ നേടിയതിനുശേഷം ജനന തിയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുമ്പോൾ 555 രൂപയ്ക്കും അപേക്ഷഫോം സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേൽ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തർഖണ്ഡ് (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഖണ്ഡ്-248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ www.rimc.gov.in ൽ ലഭിക്കും.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിറ്ററി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് മാർച്ച് 31 മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്പോർട്ട് വലിപ്പത്തിലുള്ള രണ്ട് ഫോട്ടോകൾ എന്നിവ ഒരു കവറിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. സ്ഥലത്തെ ജനന-മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ രേഖ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉള്ളടക്കം ചെയ്യണം. 
വിശദ വിവരങ്ങൾക്ക്: www.rimc.gov.in

ജില്ലയില്‍ ഇന്നലെ വരെ 49 പത്രികകള്‍; 32 പേര്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ എ.സുമയ്യ ഉപവരണാധികാരിയായ ഓച്ചിറ ബി.ഡി ഒ ബി.ജ്യോതി ലക്ഷ്മിക്കും, മധു വരണാധികാരിയായ ജോയിന്റ് ഡയറക്ടര്‍ എം.ജി. പ്രമീളയ്ക്കും മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചവറയില്‍ ഡോ.സുജിത്ത് വിജയന്‍ പിള്ള, വിവേക് ഗോപന്‍ എന്നിവര്‍ ഉപവരണാധികാരിയായ ചവറ ബി.ഡി.ഒ ഇ.ദില്‍ഷാദിനും കുന്നത്തൂരില്‍ രാജി, ഉല്ലാസ് കോവൂര്‍ എന്നിവര്‍ ഉപവരണാധികാരിയായ ശാസ്താംകോട്ട ബി.ഡി.ഒ ആര്‍.എസ്. റംജിത്തിനും, സുകുമാരന്‍ വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍ കുമാറിനും പത്രിക സമര്‍പ്പിച്ചു. 

കൊട്ടാരക്കരയില്‍ ഉഷ അശോകന്‍ വരണാധികാരിയായ എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ പി.ബി.സുനില്‍ ലാലിനും ആര്‍.രശ്മി, പി.ജോണ്‍സണ്‍ എന്നിവര്‍ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ് കുമാറിനും പത്രിക സമര്‍പ്പിച്ചു.

പത്തനാപുരത്ത് ബൈജു, കൃഷ്ണമ്മാള്‍ എന്നിവര്‍ വരണാധികാരിയായ പുനലൂര്‍ ഡി.എഫ്.ഒ ടി.സി.ത്യാഗരാജനും ഫൈസി എം പാഷ ഉപവരണാധികാരിയായ
പത്തനാപുരം ബി.ഡി.ഒ ലെനിനും പത്രിക സമര്‍പ്പിച്ചു. പുനലൂര്‍ മണ്ഡലത്തില്‍ പി.എസ്.സുപാല്‍ വരണാധികാരിയായ തെ•ല ഡി.എഫ്.ഒ എസ്. സണ്‍ നും മുരളീധരന്‍പിള്ള, പ്രകാശ് എന്നിവര്‍ ഉപവരണാധികാരിയായ അഞ്ചല്‍ ബി.ഡി.ഒ കെ.പി.ശ്രീജറാണി മുമ്പാകെയും പത്രിക സമര്‍പ്പിച്ചു.

ചടയമംഗലത്ത് നസീര്‍, വിഷ്ണുപ്രസാദ്, ചിഞ്ചുറാണി, ഷറാഫത്ത്, ഷിബു, അര്‍ച്ചന എന്നിവര്‍ ഉപവരണാധികാരിയായ ചടയമംഗലം ബി.ഡി.ഒ എം.സഖിയ്ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. കുണ്ടറയില്‍ വിഷ്ണുനാഥ്, പ്രസന്നകുമാര്‍, സിബു എന്നിവര്‍ വരണാധികാരിയായ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായര്‍ക്കും ബി.വനജാ കുമാരി ഉപവരണാധികാരിയായ ചിറ്റുമല ബി.ഡി.ഒ കെ. അജികുമാറിനും മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

കൊല്ലത്ത് ബിന്ദു കൃഷ്ണ വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി ഷിന്‍സിന് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ഇരവിപുരത്ത് ബാബു ദിവാകരന്‍, ആര്‍.രഞ്ജിത്ത്, എ.റിയാസ് എന്നിവര്‍ വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) വി.ആര്‍. രാജീവിന് മുമ്പാകെയും ചാത്തന്നൂരില്‍ ജി.എസ് ജയലാല്‍, പീതാംബരക്കുറുപ്പ് എന്നിവര്‍ ഉപവരണാധികാരിയായ ഇത്തിക്കര ബി.ഡി.ഒ ജി.ഷെയ്‌നിക്കും മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മാര്‍ച്ച് 17 ന് സമര്‍പ്പിച്ച 17 പത്രികകളും ഇന്നലെ(മാര്‍ച്ച് 18) സമര്‍പ്പിച്ച 32 പത്രികകളും ഉള്‍പ്പടെ ഇതുവരെ സമര്‍പ്പിച്ച ആകെ പത്രികളുടെ എണ്ണം 49 ആണ്.

ജനപ്രിയ താരം മമ്മൂട്ടി കടയ്ക്കൽ ചന്ദ്രനായതിന്റെ പിന്നിൽ കഥ ഇതാണ്

തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു 'വണ്‍'. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ വണ്ണില്‍ കേരളമുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങും മുന്‍പ് തന്നെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

മമ്മൂട്ടിയുടെ കഥാപാത്രത്തിന് എന്തുകൊണ്ട് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന് പേരിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയ്. പലതവണ കടയ്ക്കല്‍ വഴി പോയപ്പോള്‍ ആ പേരിലെ 'പവര്‍' വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്ന് സഞ്ജയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'കഥാപാത്രത്തിനു 'ചന്ദ്രന്‍' എന്നു തന്നെയുള്ള പേരാണ് ആദ്യം മുതലേ പരിഗണിച്ചിരുന്നത്. എന്നാല്‍, അതിനൊപ്പം കടയ്ക്കല്‍ കൂടി ചേര്‍ത്തതോടെയാണു കഥാപാത്രത്തിനു പൂര്‍ണത വന്നത്. ചന്ദ്രന്‍ എന്ന പേരിനൊപ്പം കടയ്ക്കല്‍ എന്ന സ്ഥലപ്പേരു കൂടിയെത്തിയതോടെ കഥാപാത്രത്തിന്റെ ശക്തി ഇരട്ടിയായി'- സഞ്ജയ് പറയുന്നു.

ചിത്രം തെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകര്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്.

മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

വാക്‌സിനേഷന് കുടുംബാംഗങ്ങള്‍ മുന്‍കൈയെടുക്കണം: ഡി.എം.ഒ


60 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗര•ാര്‍ക്കും, ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ഗുരുതര രോഗമുള്ള 45 നും 59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് ഏപ്രില്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. അപകട സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമായതിനാല്‍ കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് പ്രതിരോധ കുത്തിവയ്പ്പ് നടത്തണം.

വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് തല്‍സമയം രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിനേഷന്‍ നല്‍കും. എല്ലാ പ്രാഥമിക - കുടുംബ - സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്താം. വ്യാഴാഴ്ചകളില്‍ ജീവിത ശൈലി രോഗനിര്‍ണയ ക്ലിനിക്കിലെത്തുന്നവര്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താം. 'കോവിന്‍ ആപ്' വഴി പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

വാക്‌സിനേഷനായി സ്വയം രജിസ്റ്റര്‍ ചെയ്യാം രജിസ്റ്റര്‍ ചെയ്യാന്‍ cowin.gov.in ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി നല്‍കുമ്പോള്‍ അക്കൗണ്ട് രൂപീകരിക്കും. പിന്നീട് തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കണം. ശേഷം പേര്, ജനിച്ച വര്‍ഷം, തുടങ്ങിയ വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയിലേതുപോലെ നല്‍കണം. ഷെഡ്യൂള്‍ ബട്ടണ്‍ അമര്‍ത്തി സംസ്ഥാനം, ജില്ല, തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഇതിന് ശേഷം സെര്‍ച്ച് ചെയ്താല്‍ വീടിന് അടുത്തുള്ള വാക്‌സിനേഷന്‍ ആശുപത്രികളുടെ വിവരം കിട്ടും - ലഭ്യമായ ദിവസവും സമയവും ഉണ്ടാകും. സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൊണ്ടു വന്നാല്‍ മതിയാകും. 45 നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയവ ഉണ്ടെങ്കില്‍ അവ വ്യക്തമാക്കുന്ന രജിസ്റ്റേര്‍ഡ് ഡോക്ടറുടെ സാക്ഷ്യപത്രവും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണം. ചികിത്സാ രേഖകളും കരുതുന്നത് അഭികാമ്യം.

സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം - ജില്ലാ കലക്ടര്‍

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സജീവമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് നിര്‍ദേശം.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്‌ക്വാഡുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശോധനകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് മാനദണ്ഡ പാലനം കര്‍ശനമാക്കും.

ഇന്ന് (മാര്‍ച്ച് 18) ജില്ലയിലെത്തുന്ന കേന്ദ്ര നിരീക്ഷകര്‍ക്ക് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച ക്രമീകരണങ്ങളും ഒരുക്കങ്ങളും സംബന്ധിച്ച റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുതാര്യത ഉറപ്പുവരുത്തുന്ന റാന്റമൈസേഷന്‍ രണ്ടാം ഘട്ടവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തുടര്‍ പരിശീലനങ്ങളും ഉടന്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലുള്ള രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ സബ് ശിഖാ സുരേന്ദ്രന്‍ യോഗത്തിലവതരിപ്പിച്ചു.

എ. ഡി. എം. അലക്‌സ്. പി. തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത, സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തപാൽ വോട്ട്; അറിയേണ്ട വസ്തുതകൾ


നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്.

തപാൽ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നൽകേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹർക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. പോളിംഗ് ഓഫീസർ ആബ്സൻറീ വോട്ടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നൽകുക. വോട്ടർ പട്ടികയിൽ ഭിന്നശേഷിയുള്ള വ്യക്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർക്കാണ് തപാൽ ബാലറ്റിന് അർഹതയുള്ളത്. ഫോം 12 ഡി ക്ക് ഒപ്പം ഇവർ നിശ്ചിത സർക്കാർ ഏജൻസി നൽകിയ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ ബാലറ്റ് അനുവദിക്കുക. തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദർശിച്ച് തപാൽ ബാലറ്റ് നൽകും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കാം.

വോട്ടർപട്ടികയിൽ തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരം വരണാധികാരി രേഖപ്പെടുത്തും. തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ വോട്ടർപ്പട്ടികയുടെ പകർപ്പ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും നൽകും.
തപാൽ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാർഥികളെ അറിയിക്കും. സ്ഥാനാർഥികൾക്ക് അംഗീകൃത പ്രതിനിധികളെ വരണാധികാരിയുടെ മുൻകൂർ അനുമതിയോടെ തപാൽ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം. തപാൽവോട്ട് രേഖപ്പെടുത്താൻ സഹായിയെ ആവശ്യമുള്ളവർക്ക് (കാഴ്ചപരിമിതർ, ശാരീരിക അവശതയുള്ളവർ) അനുവദിക്കും.

സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഫോം 14 എ പൂരിപ്പിച്ച് നൽകണം. പോളിംഗ് ഏജന്റ്, സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്ക് സഹായി എന്ന നിലയ്ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. തപാൽ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതർക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. കോവിഡ്ബാധിതർക്കും/രോഗം സംശയിക്കുന്നവർക്കും പോളിംഗിന്റെ അവസാനമണിക്കൂറിൽ ബൂത്തിലെത്തി വോട്ടുചെയ്യാം. എന്നാൽ, പൊതു ക്യൂവിലുള്ള എല്ലാവരും വോട്ടുരേഖപ്പെടുത്തിയശേഷമേ ഇവർക്ക് വോട്ടുചെയ്യാനാകൂ.

കടയ്ക്കൽ ചന്ദ്രനൊപ്പം എം.എൽ.എ നിലമേൽ രാജനായി സുരേഷ് കൃഷ്ണ ; " വൺ " ക്യാരക്ടർ പോസ്റ്റർ പുറത്ത്

മമ്മൂട്ടി നയകനായെത്തുന്ന വണ്‍ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് കൃഷ്ണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. എംഎല്‍എ നിലമേല്‍ രാജന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് കൃഷ്ണ എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ തന്നെ ആരാധകര്‍ക്കിടെയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രതിപക്ഷ നേതാവായി എത്തുന്നത്.
സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനാണ് ചീഫ് സെക്രട്ടറിയുടെ വേഷത്തിലെത്തുന്നത്.

സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നിമിഷ സജയന്‍, ഇഷാനി കൃഷ്ണ, സിദ്ദിഖ്, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
© all rights reserved
made with Kadakkalnews.com