Responsive Ad Slot

വാക്‌സിനേഷന് കുടുംബാംഗങ്ങള്‍ മുന്‍കൈയെടുക്കണം: ഡി.എം.ഒ


60 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗര•ാര്‍ക്കും, ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ഗുരുതര രോഗമുള്ള 45 നും 59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് ഏപ്രില്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. അപകട സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമായതിനാല്‍ കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് പ്രതിരോധ കുത്തിവയ്പ്പ് നടത്തണം.

വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് തല്‍സമയം രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിനേഷന്‍ നല്‍കും. എല്ലാ പ്രാഥമിക - കുടുംബ - സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്താം. വ്യാഴാഴ്ചകളില്‍ ജീവിത ശൈലി രോഗനിര്‍ണയ ക്ലിനിക്കിലെത്തുന്നവര്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താം. 'കോവിന്‍ ആപ്' വഴി പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.

വാക്‌സിനേഷനായി സ്വയം രജിസ്റ്റര്‍ ചെയ്യാം രജിസ്റ്റര്‍ ചെയ്യാന്‍ cowin.gov.in ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി നല്‍കുമ്പോള്‍ അക്കൗണ്ട് രൂപീകരിക്കും. പിന്നീട് തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കണം. ശേഷം പേര്, ജനിച്ച വര്‍ഷം, തുടങ്ങിയ വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയിലേതുപോലെ നല്‍കണം. ഷെഡ്യൂള്‍ ബട്ടണ്‍ അമര്‍ത്തി സംസ്ഥാനം, ജില്ല, തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഇതിന് ശേഷം സെര്‍ച്ച് ചെയ്താല്‍ വീടിന് അടുത്തുള്ള വാക്‌സിനേഷന്‍ ആശുപത്രികളുടെ വിവരം കിട്ടും - ലഭ്യമായ ദിവസവും സമയവും ഉണ്ടാകും. സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൊണ്ടു വന്നാല്‍ മതിയാകും. 45 നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയവ ഉണ്ടെങ്കില്‍ അവ വ്യക്തമാക്കുന്ന രജിസ്റ്റേര്‍ഡ് ഡോക്ടറുടെ സാക്ഷ്യപത്രവും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണം. ചികിത്സാ രേഖകളും കരുതുന്നത് അഭികാമ്യം.

സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം - ജില്ലാ കലക്ടര്‍

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സജീവമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് നിര്‍ദേശം.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്‌ക്വാഡുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശോധനകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് മാനദണ്ഡ പാലനം കര്‍ശനമാക്കും.

ഇന്ന് (മാര്‍ച്ച് 18) ജില്ലയിലെത്തുന്ന കേന്ദ്ര നിരീക്ഷകര്‍ക്ക് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച ക്രമീകരണങ്ങളും ഒരുക്കങ്ങളും സംബന്ധിച്ച റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുതാര്യത ഉറപ്പുവരുത്തുന്ന റാന്റമൈസേഷന്‍ രണ്ടാം ഘട്ടവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തുടര്‍ പരിശീലനങ്ങളും ഉടന്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലുള്ള രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ സബ് ശിഖാ സുരേന്ദ്രന്‍ യോഗത്തിലവതരിപ്പിച്ചു.

എ. ഡി. എം. അലക്‌സ്. പി. തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത, സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തപാൽ വോട്ട്; അറിയേണ്ട വസ്തുതകൾ


നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്.

തപാൽ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നൽകേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹർക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. പോളിംഗ് ഓഫീസർ ആബ്സൻറീ വോട്ടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നൽകുക. വോട്ടർ പട്ടികയിൽ ഭിന്നശേഷിയുള്ള വ്യക്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർക്കാണ് തപാൽ ബാലറ്റിന് അർഹതയുള്ളത്. ഫോം 12 ഡി ക്ക് ഒപ്പം ഇവർ നിശ്ചിത സർക്കാർ ഏജൻസി നൽകിയ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ ബാലറ്റ് അനുവദിക്കുക. തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദർശിച്ച് തപാൽ ബാലറ്റ് നൽകും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കാം.

വോട്ടർപട്ടികയിൽ തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരം വരണാധികാരി രേഖപ്പെടുത്തും. തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ വോട്ടർപ്പട്ടികയുടെ പകർപ്പ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും നൽകും.
തപാൽ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാർഥികളെ അറിയിക്കും. സ്ഥാനാർഥികൾക്ക് അംഗീകൃത പ്രതിനിധികളെ വരണാധികാരിയുടെ മുൻകൂർ അനുമതിയോടെ തപാൽ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം. തപാൽവോട്ട് രേഖപ്പെടുത്താൻ സഹായിയെ ആവശ്യമുള്ളവർക്ക് (കാഴ്ചപരിമിതർ, ശാരീരിക അവശതയുള്ളവർ) അനുവദിക്കും.

സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഫോം 14 എ പൂരിപ്പിച്ച് നൽകണം. പോളിംഗ് ഏജന്റ്, സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്ക് സഹായി എന്ന നിലയ്ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. തപാൽ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതർക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. കോവിഡ്ബാധിതർക്കും/രോഗം സംശയിക്കുന്നവർക്കും പോളിംഗിന്റെ അവസാനമണിക്കൂറിൽ ബൂത്തിലെത്തി വോട്ടുചെയ്യാം. എന്നാൽ, പൊതു ക്യൂവിലുള്ള എല്ലാവരും വോട്ടുരേഖപ്പെടുത്തിയശേഷമേ ഇവർക്ക് വോട്ടുചെയ്യാനാകൂ.

കടയ്ക്കൽ ചന്ദ്രനൊപ്പം എം.എൽ.എ നിലമേൽ രാജനായി സുരേഷ് കൃഷ്ണ ; " വൺ " ക്യാരക്ടർ പോസ്റ്റർ പുറത്ത്

മമ്മൂട്ടി നയകനായെത്തുന്ന വണ്‍ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് കൃഷ്ണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. എംഎല്‍എ നിലമേല്‍ രാജന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് കൃഷ്ണ എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ തന്നെ ആരാധകര്‍ക്കിടെയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രതിപക്ഷ നേതാവായി എത്തുന്നത്.
സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനാണ് ചീഫ് സെക്രട്ടറിയുടെ വേഷത്തിലെത്തുന്നത്.

സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നിമിഷ സജയന്‍, ഇഷാനി കൃഷ്ണ, സിദ്ദിഖ്, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കടയ്ക്കലില്‍ പ്രൈവറ്റ് ബസില്‍ നിന്നും സ്വര്‍ണ്ണ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു

കടയ്ക്കൽ: കടയ്ക്കലില്‍ പ്രൈവറ്റ് ബസില്‍ നിന്നും മധ്യവയസ്കയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിനി സുമതിയാണ് പിടിയിലായത്.

വര്‍ക്കലയില്‍ നിന്നും മടത്തറക്ക് പോകുന്ന പ്രൈവറ്റ് ബസ് കടയ്ക്കല്‍ എത്തിയപ്പോഴാണ് മധ്യവയസ്കയുടെ മാല നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സുമതിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരിന്നു.

വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കും

ചടയമംഗലം: വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കും. നിലമേലിൽ നടന്ന കൺവൻഷനിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ വിദ്യാർഥി-യുവജന പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ദലിത് പാന്തേഴ്സ് സംസ്ഥാന സമിതിയംഗവുമാണ് അർച്ചന. 

തെരഞ്ഞെടുപ്പ് കൺവൻഷനിൽ പാർട്ടി ജില്ല പ്രസിഡന്റ് അഡ്വ. സജീബ് അധ്യക്ഷത വഹിച്ചു. ചടയമംഗലം മണ്ഡലം പ്രസിഡന്റ് സ്വാഗതം പറഞ്ഞു. സ്ഥാനാർഥി അർച്ചന പ്രജിത്ത്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജുസൈന ഫാത്തിമ, പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം ജോസ് യോഹന്നാൻ, ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതിന് കടയ്ക്കലില്‍ പത്തൊന്‍പതുകാരന്‍ പിടിയില്‍

കടയ്ക്കൽ: വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതിന് കൊല്ലം കടയ്ക്കലില്‍ ഒരാള്‍ പിടിയില്‍. പലരില്‍ നിന്നായി എട്ടു വാഹനങ്ങളാണ് യുവാവ് തട്ടിയെടുത്തത്. ഇതില്‍ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്.

കടയ്ക്കല്‍ മുകുന്നേരി സ്വദേശി അംബു എന്നു വിളിപ്പേരുള്ള സുരേഷിന് പ്രായം 19 ആണ്. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ സുരേഷ് ഒന്നുകില്‍ പണയപ്പെടുത്തും. അല്ലെങ്കില്‍ മറിച്ചു വില്‍ക്കും. കാഞ്ഞിരത്തുംമൂട് സ്വദേശിയായ വാഹന ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സുരേഷ് പിടിയിലായത്. ‌തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്നു ഇയാള്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ വിതരണം

കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് സമയം. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ നൽകുക. 60 വയസ്സ് കഴിഞ്ഞവർക്കും, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. 
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് : https://selfregistration.cowin.gov.in/

ഇടിമിന്നല്‍; ജാഗ്രത വേണം - ജില്ലാ കലക്ടര്‍

ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ ദൃശ്യമല്ലങ്കിലും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കാന്‍ ഇറങ്ങരുത്. ഇടിമിന്നല്‍ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് ജനലും വാതിലും അടച്ചിടണം.

ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോണ്‍ ഉപയോഗിക്കരുത്. മിന്നലുള്ളപ്പോള്‍ കുളിക്കരുത്. ഗൃഹാന്തര്‍ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ വേണം ഇരിക്കാന്‍. ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ജലാശയത്തില്‍ ഇറങ്ങരുത്. പട്ടം പറത്താനും പാടില്ല. പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കരുത്.

കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രൊട്ടക്ടറും ഘടിപ്പിക്കാം. മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്; ആദ്യ 30 സെക്കന്‍ഡ് നിര്‍ണായകമാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്-കലക്ടര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്റ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ആന്റ് ലിനക്‌സ്, പി.എച്ച്.പി ആന്റ് എം.വൈ.എസ്.ക്യു. എല്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 04742731061 നമ്പരിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം വിലാസത്തിലും ബന്ധപ്പെടാം.

തപാല്‍ വോട്ട് :17 വരെ അപേക്ഷിക്കാം

കൊല്ലം: ജില്ലയിലെ അവശ്യസര്‍വീസ് വിഭാഗത്തിലുള്ള അസന്നിഹിത വോട്ടര്‍മാര്‍ താപാല്‍ വോട്ടിനായി മാര്‍ച്ച് 17നകം അപേക്ഷിക്കണം. പോളിംഗ് ദിവസം ജോലിനോക്കുന്നവര്‍ക്കാണ് സംവിധാനം. ആരോഗ്യം, പൊലിസ്, അഗ്നിസുരക്ഷ, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജല അതോറിറ്റി, കെ. എസ്. ആര്‍. ടി. സി, ട്രഷറി, വനം, കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍, ടെലഗ്രാഫ്, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റയില്‍വേ, ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് വകുപ്പുകളാണ് അവശ്യ സര്‍വീസായി പരിഗണിക്കുന്നത്. 

ഇവയുടെ ജില്ലാതല മേധാവികള്‍ നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് പേരു വിവരം, തസ്തിക, മൊബൈല്‍ നമ്പര്‍ എന്നിവ അടിയന്തരമായി സമര്‍പിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

അപേക്ഷാ ഫോം (ഫോം 12ഡി) ജില്ലാ കലക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സംശയ നിവാരണത്തിനും വിവരങ്ങള്‍ക്കും 9495754135 നമ്പരില്‍ വിളിക്കാം.

ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ


കിളിമാനൂർ: തട്ടത്തുമലയിൽ ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ അബ്ദുൽ സലാം (52) ആണ് പിടിയിലായത്. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അബ്ദുൾ സലാം എന്നയാളും ഇയാളുടെ ഭാര്യയും തമ്മിൽ ദാമ്പത്യ കാരണങ്ങൾ സംബന്ധിച്ച് കൊട്ടാരക്കര കുടുംബകോടതിയിൽ കേസ് നടന്നു വരുകയായിരുന്നു . കേസിലെ വിധി അനുകൂലമാക്കാൻ അബ്ദുൽസലാം തൻ്റെ പേരിലുള്ള വസ്തുക്കൾ സഹോദരന്മാരുടെ പേരിലും കൂട്ടുകാരന്റെ പേരിലും മാറ്റിയിരുന്നു. ഇതിനെതിരെ ഇയാളുടെ ഭാര്യ 23-2-.2021 ന് കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുൽ സലാമിൻ്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഇയാളുടെ ഭാര്യാ പിതാവും മകനും കോടതി സ്റ്റാഫും ചേർന്ന് തട്ടത്തുമലയിൽ

കാറിലെത്തി പാറക്കട എന്ന സ്ഥലത്ത് ഭാര്യാ പിതാവും മകനും ഇറങ്ങിനിന്ന സമയം സ്റ്റേ ഓർഡർ കിട്ടി ഭാര്യ പിതാവ് അബ്ദുൽ സലാമിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയതറിഞ്ഞ് ഇവരെ പിന്തുടർന്ന് കാറിലെത്തി ഭാര്യ പിതാവിനേയും മകനേയും കണ്ട് ഇവർ നിന്ന ഭാഗത്തേക്ക് തന്റെ വാഹനത്തിന്റെ വേഗത കൂട്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഭാര്യാപിതാവ് ഹോസ്പിറ്റലിൽ പോകുംവഴി മരണപ്പെട്ടു. മകൻ ഗുരുതരാവസ്ഥയിൽ ഗോകുലം

ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി. മധുവിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഗോപകുമാറിൻറ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ് എസ്, എസ്.ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽ ഖാദർ, ജിഎസ് ഐ ഷാജി, റാഫി, സുരേഷ്, എ.എസ് ഐ ഷജിം, സി.പി ഒ, സജിത്ത്,സി .പി .ഒ .മണിലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

© all rights reserved
made with Kadakkalnews.com