Responsive Ad Slot

കടയ്ക്കലില്‍ പ്രൈവറ്റ് ബസില്‍ നിന്നും സ്വര്‍ണ്ണ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു

കടയ്ക്കൽ: കടയ്ക്കലില്‍ പ്രൈവറ്റ് ബസില്‍ നിന്നും മധ്യവയസ്കയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിനി സുമതിയാണ് പിടിയിലായത്.

വര്‍ക്കലയില്‍ നിന്നും മടത്തറക്ക് പോകുന്ന പ്രൈവറ്റ് ബസ് കടയ്ക്കല്‍ എത്തിയപ്പോഴാണ് മധ്യവയസ്കയുടെ മാല നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സുമതിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരിന്നു.

വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കും

ചടയമംഗലം: വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം സ്ഥാനാർഥിയായി അർച്ചന പ്രജിത്ത് മത്സരിക്കും. നിലമേലിൽ നടന്ന കൺവൻഷനിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ വിദ്യാർഥി-യുവജന പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ദലിത് പാന്തേഴ്സ് സംസ്ഥാന സമിതിയംഗവുമാണ് അർച്ചന. 

തെരഞ്ഞെടുപ്പ് കൺവൻഷനിൽ പാർട്ടി ജില്ല പ്രസിഡന്റ് അഡ്വ. സജീബ് അധ്യക്ഷത വഹിച്ചു. ചടയമംഗലം മണ്ഡലം പ്രസിഡന്റ് സ്വാഗതം പറഞ്ഞു. സ്ഥാനാർഥി അർച്ചന പ്രജിത്ത്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജുസൈന ഫാത്തിമ, പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം ജോസ് യോഹന്നാൻ, ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതിന് കടയ്ക്കലില്‍ പത്തൊന്‍പതുകാരന്‍ പിടിയില്‍

കടയ്ക്കൽ: വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതിന് കൊല്ലം കടയ്ക്കലില്‍ ഒരാള്‍ പിടിയില്‍. പലരില്‍ നിന്നായി എട്ടു വാഹനങ്ങളാണ് യുവാവ് തട്ടിയെടുത്തത്. ഇതില്‍ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്.

കടയ്ക്കല്‍ മുകുന്നേരി സ്വദേശി അംബു എന്നു വിളിപ്പേരുള്ള സുരേഷിന് പ്രായം 19 ആണ്. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ സുരേഷ് ഒന്നുകില്‍ പണയപ്പെടുത്തും. അല്ലെങ്കില്‍ മറിച്ചു വില്‍ക്കും. കാഞ്ഞിരത്തുംമൂട് സ്വദേശിയായ വാഹന ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സുരേഷ് പിടിയിലായത്. ‌തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്നു ഇയാള്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ വിതരണം

കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് സമയം. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ നൽകുക. 60 വയസ്സ് കഴിഞ്ഞവർക്കും, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. 
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് : https://selfregistration.cowin.gov.in/

ഇടിമിന്നല്‍; ജാഗ്രത വേണം - ജില്ലാ കലക്ടര്‍

ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ ദൃശ്യമല്ലങ്കിലും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കാന്‍ ഇറങ്ങരുത്. ഇടിമിന്നല്‍ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് ജനലും വാതിലും അടച്ചിടണം.

ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോണ്‍ ഉപയോഗിക്കരുത്. മിന്നലുള്ളപ്പോള്‍ കുളിക്കരുത്. ഗൃഹാന്തര്‍ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ വേണം ഇരിക്കാന്‍. ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ജലാശയത്തില്‍ ഇറങ്ങരുത്. പട്ടം പറത്താനും പാടില്ല. പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കരുത്.

കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രൊട്ടക്ടറും ഘടിപ്പിക്കാം. മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്; ആദ്യ 30 സെക്കന്‍ഡ് നിര്‍ണായകമാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്-കലക്ടര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്റ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ആന്റ് ലിനക്‌സ്, പി.എച്ച്.പി ആന്റ് എം.വൈ.എസ്.ക്യു. എല്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 04742731061 നമ്പരിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം വിലാസത്തിലും ബന്ധപ്പെടാം.

തപാല്‍ വോട്ട് :17 വരെ അപേക്ഷിക്കാം

കൊല്ലം: ജില്ലയിലെ അവശ്യസര്‍വീസ് വിഭാഗത്തിലുള്ള അസന്നിഹിത വോട്ടര്‍മാര്‍ താപാല്‍ വോട്ടിനായി മാര്‍ച്ച് 17നകം അപേക്ഷിക്കണം. പോളിംഗ് ദിവസം ജോലിനോക്കുന്നവര്‍ക്കാണ് സംവിധാനം. ആരോഗ്യം, പൊലിസ്, അഗ്നിസുരക്ഷ, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജല അതോറിറ്റി, കെ. എസ്. ആര്‍. ടി. സി, ട്രഷറി, വനം, കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍, ടെലഗ്രാഫ്, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റയില്‍വേ, ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് വകുപ്പുകളാണ് അവശ്യ സര്‍വീസായി പരിഗണിക്കുന്നത്. 

ഇവയുടെ ജില്ലാതല മേധാവികള്‍ നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് പേരു വിവരം, തസ്തിക, മൊബൈല്‍ നമ്പര്‍ എന്നിവ അടിയന്തരമായി സമര്‍പിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

അപേക്ഷാ ഫോം (ഫോം 12ഡി) ജില്ലാ കലക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സംശയ നിവാരണത്തിനും വിവരങ്ങള്‍ക്കും 9495754135 നമ്പരില്‍ വിളിക്കാം.

ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ


കിളിമാനൂർ: തട്ടത്തുമലയിൽ ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ അബ്ദുൽ സലാം (52) ആണ് പിടിയിലായത്. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അബ്ദുൾ സലാം എന്നയാളും ഇയാളുടെ ഭാര്യയും തമ്മിൽ ദാമ്പത്യ കാരണങ്ങൾ സംബന്ധിച്ച് കൊട്ടാരക്കര കുടുംബകോടതിയിൽ കേസ് നടന്നു വരുകയായിരുന്നു . കേസിലെ വിധി അനുകൂലമാക്കാൻ അബ്ദുൽസലാം തൻ്റെ പേരിലുള്ള വസ്തുക്കൾ സഹോദരന്മാരുടെ പേരിലും കൂട്ടുകാരന്റെ പേരിലും മാറ്റിയിരുന്നു. ഇതിനെതിരെ ഇയാളുടെ ഭാര്യ 23-2-.2021 ന് കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുൽ സലാമിൻ്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഇയാളുടെ ഭാര്യാ പിതാവും മകനും കോടതി സ്റ്റാഫും ചേർന്ന് തട്ടത്തുമലയിൽ

കാറിലെത്തി പാറക്കട എന്ന സ്ഥലത്ത് ഭാര്യാ പിതാവും മകനും ഇറങ്ങിനിന്ന സമയം സ്റ്റേ ഓർഡർ കിട്ടി ഭാര്യ പിതാവ് അബ്ദുൽ സലാമിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയതറിഞ്ഞ് ഇവരെ പിന്തുടർന്ന് കാറിലെത്തി ഭാര്യ പിതാവിനേയും മകനേയും കണ്ട് ഇവർ നിന്ന ഭാഗത്തേക്ക് തന്റെ വാഹനത്തിന്റെ വേഗത കൂട്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഭാര്യാപിതാവ് ഹോസ്പിറ്റലിൽ പോകുംവഴി മരണപ്പെട്ടു. മകൻ ഗുരുതരാവസ്ഥയിൽ ഗോകുലം

ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി. മധുവിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഗോപകുമാറിൻറ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ് എസ്, എസ്.ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽ ഖാദർ, ജിഎസ് ഐ ഷാജി, റാഫി, സുരേഷ്, എ.എസ് ഐ ഷജിം, സി.പി ഒ, സജിത്ത്,സി .പി .ഒ .മണിലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഐ ടി ഐ പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ 19 ന്

കുളത്തൂപ്പുഴയില്‍ പുതുതായി ആരംഭിച്ച കൂവക്കാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എസ് സി വി ടി പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡില്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 19 ന് രാവിലെ 9.30 ന് ആയൂര്‍ ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2671715 നമ്പരില്‍ ലഭിക്കും.

ചിതറ പോലീസ് സ്റ്റേഷൻ വളവുപച്ചയിൽ 18ന് പ്രവർത്തനം തുടങ്ങുന്നു


ചിതറ: ചിതറ പോലീസ് സ്റ്റേഷൻ ഈമാസം പതിനെട്ടാം തീയതി പ്രവർത്തനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ പോലീസ് സ്റ്റേഷന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. ഇന്നലെ വൈകിട്ട് വളവുപച്ചയിൽ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 2015 ൽ നവീകരിച്ച പുതിയ ചിതറ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അന്നത്തെ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ചിതറ മുരളി നൽകിയ നിവേദനത്തെ തുടർന്നാണ് ചിതറ പോലീസ് സ്റ്റേഷൻ അനുവദിച്ചത്. 

വളവുപച്ചയിൽ ഇതിനായി പ്രദേശവാസികളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പോലീസ് സ്റ്റേഷനായി കെട്ടിടം തയ്യാറാക്കുകയും ചെയ്തു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു എങ്കിലും ജീവനക്കാരെ നിയമിച്ചു സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വൈകി. എന്നാൽ ഇതോടൊപ്പം അനുവദിച്ച നഗരൂർ, അച്ചൻകോവിൽ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. ഇപ്പോൾ ചിതറ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതിനായി ഇൻസ്പെക്ടർ,സബ് ഇൻസ്പെക്ടർ, സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ 36 പേരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. 

പ്രവർത്തനം തുടങ്ങുന്നതിനായി കെട്ടിടത്തിലെ നവീകരണ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധ്രുതഗതിയിൽ നടന്നുവരികയാണ്. കഴിഞ്ഞദിവസം റൂറൽ എസ്പി സ്ഥലം സന്ദർശിച്ചിരുന്നു. ചിതറ പഞ്ചായത്ത് പൂർണ്ണമായും ഇട്ടിവ, കുളത്തൂപ്പുഴ,കുമ്മിൾ പഞ്ചായത്തിലെ ഭാഗിക പ്രദേശങ്ങളും ചിതറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടും. പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതോട് കൂടി വളവുപച്ച - മടത്തറ മേഖലയുടെ വികസന പ്രവർത്തനങ്ങൾക്ക് കൂടിയായിരിക്കും വഴിയൊരുക്കുക.

കിഴക്കന്‍ മേഖലയ്ക്ക് കുതിപ്പേകാന്‍ മലയോര ഹൈവേ യാഥാര്‍ഥ്യത്തിലേക്ക്; പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് കുത്തിപ്പേകാന്‍ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്. പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 11) വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
201.67 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയാണ് മലയോര ഹൈവേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി-കുളത്തൂപ്പുഴ-മടത്തറ വഴി ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ. 46.1 കിലോമീറ്റര്‍ ദൂരം വരുന്ന ഹൈവേയ്ക്ക് 10 മീറ്റര്‍ വീതിയാണുള്ളത്.

സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രയ്ക്കായി ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകള്‍, ഓടകള്‍, കലുങ്കുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ നാല്പതോളം ബസ് ഷെല്‍ട്ടറുകള്‍, വാഹന യാത്രക്കാര്‍ക്കായി വണ്‍ വേ സൈഡ് അമിനിറ്റി സെന്ററും പൂര്‍ത്തീകരിച്ചു. ശുചിമുറി, ലഘു ഭക്ഷണശാല, വിശ്രമമുറി, വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം എന്നിവയും അമിനിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കുളത്തൂപ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു, ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക്, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി അനില്‍കുമാര്‍, ജിഷ മുരളി, എസ് ബൈജു, ടി അജയന്‍, എം എസ് മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.

ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ദുൽഖറിന്റെ സിനിമാ ചിത്രീകരണം

ചിതറ: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ മലയാള സിനിമാ ചിത്രീകരണം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രത്തിനു പേരിട്ടിട്ടില്ല. ബോബി സഞ്ജയ് ആണ് തിരക്കഥ. നാളെ രാവിലെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും. മനോജ്‌ കെ ജയൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദേശത്ത് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. സിനിമയ്ക്ക് സെറ്റിടുന്ന നടപടികൾ പുരോഗമിക്കുന്നു.
© all rights reserved
made with Kadakkalnews.com