Responsive Ad Slot

local എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
local എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ സമ്പൂർണ്ണ മാലിന്യ മുക്തിയിലേയ്ക്ക്

കടയ്ക്കൽ: ഒരുതരി മാലിന്യംപോലുമുണ്ടാകരുതെന്ന ലക്ഷ്യവുമായി മുന്നോട്ടാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂടെയുള്ളത് അക്ഷീണം പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കുടുംബശ്രീ സി.ഡി.എസിലെ ഹരിതകര്‍മസേന സദാകര്‍മനിരതം. കടയ്ക്കലിന്റെ പാരിസ്ഥിതികസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയപങ്കാണ് ഇവര്‍ക്കുള്ളത്.

സേനയില്‍ 38 അംഗങ്ങളാണുള്ളത്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോന്നിലും രണ്ടുപേര്‍ വീതം ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും വഴിയോരങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങളായി നൂറു ശതമാനം യൂസര്‍ഫീ ലഭിക്കുന്നത് ഹരിതകര്‍മസേനയുടെ പൊതുസ്വീകാര്യതയ്ക്ക് സാക്ഷ്യം.

ഇതിന് മുന്നോടിയായി വർണ്ണാഭമായ ഘോഷയാത്ര കടയ്ക്കൽ പാഞ്ചായത് ഓഫിസിൽ നിന്നും ആരംഭിച്ച്.വിപ്ലവ സ്മാരകത്തിൽ അവസാനിച്ചു. ഘോഷയാത്രയിൽ നൂറ് കണക്കിന് ബഹുജനങ്ങൾ പങ്കാളികളായി, ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടാൻ വൈഖരി ടീമിന്റെ ശിങ്കാരി മേളം ഒപ്പമുണ്ടായിരുന്നു. ഹരിത കർമ്മ സേന അംഗങ്ങൾ, കടയ്ക്കൽ GVHSS വിദ്യാർഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത്‌ ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി സുഹൃത്തുക്കൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ പഞ്ചായത്ത്‌ സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.

കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വര്‍ഷം കഠിന തടവ്

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ അനീഷ് മകൻ അംമ്പു എന്ന് വിളിക്കുന്ന നീരജിനെ (22) 61 വർഷം കഠിന തടവിനും 67500 രൂപ പിഴയും ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ചു മീര ബിർല ആണ് ശിക്ഷ വിധിച്ചത്.

2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.

വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അശ്ലീല ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ പി എസ്. രാജേഷ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷിബു സി തോമസ് ഹാജരായി.

വീട്ടുമുറ്റത്ത് കഞ്ചാവുകൃഷിനടത്തിയ യുവാവ് അറസ്റ്റിൽ

കടയ്ക്കൽ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച കടയ്ക്കൽ ആലത്തറമല സൂര്യാഭവനിൽ സുനീഷ് (25) അറസ്റ്റിലായി. പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. സ്വന്തം ഉപയോഗത്തിനാണ് പ്രതി കഞ്ചാവ് വളർത്തിയതെന്ന് സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ എ. കെ. രാജേഷ്, എ. ഇ. ഐ ഷാജി, ഗ്രേഡ് എ. ഇ. ഐ ഉണ്ണികൃഷ്ണൻ പ്രിവന്റീവ് ഓഫീസർ ബിനീഷ്, സി. ഇ. ഒ മാരായ ജയേഷ്, മാസ്റ്റർ ചന്തു,ശ്രേയസ് ഉമേഷ്, ലിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കടയ്ക്കൽ ടൗൺ എൽപിഎസിലെ ബഹുനില മന്ദിരം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കൽ ടൗൺ എൽപി സ്‌കൂളിൽ പുതിയ ബഹുനില മന്ദിരവും നിർമാണം പുരോഗമിക്കുന്ന വർണക്കൂടാരം പദ്ധതിയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 

കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ അധ്യക്ഷനായി. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 70 ലക്ഷവും മന്ത്രി ജെ ചിഞ്ചുറാണിയുടെ എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷവും വിനിയോഗിച്ചാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ക്ലാസ് മുറികളിലെ കംപ്യൂട്ടർവൽക്കരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും പ്രതീക്ഷ 2025-–26 പാഠ്യപദ്ധതി കിംസാറ്റ് ചെയർമാൻ എസ് വിക്രമനും ഉദ്‌ഘാടനംചെയ്തു. 

സ്‌കൂൾ കെട്ടിട നിർമാണ റിപ്പോർട്ട് പ്രധാനാധ്യാപിക ഗീതാകുമാരി അവതരിപ്പിച്ചു. വർണക്കൂടാരം പദ്ധതി വിശദീകരണം എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം കോ - ഓർഡിനേറ്റർ സജീവ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്‌, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ വി വേണു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, വാർഡ് അംഗം എ ശ്യാമ, ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ജി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പ്രീതൻ ഗോപി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയാലക്ഷ്മി നന്ദിയും പറഞ്ഞു.

കടയ്ക്കൽ ക്ഷേത്രം ഇന്നു തുറക്കും

കടയ്ക്കൽ: തിരുവാതിര ഉത്സവം കഴിഞ്ഞ് അടച്ച കടയ്ക്കൽ ദേവീക്ഷേത്രവും മുടിപ്പുര ക്ഷേത്രവും ഞായറാഴ്ച ഭക്തർക്കായി തുറക്കും. തിരുവാതിരയുടെ സമാപനച്ചടങ്ങായ തിരുമുടി എഴുന്നള്ളത്തും ഗുരുസിയും കഴിഞ്ഞാൽ ആചാരപ്രകാരം ഏഴുദിവസം ക്ഷേത്രം അടച്ചിടും. ഞായറാഴ്ചമുതൽ പതിവു ചടങ്ങുകളോടെ ക്ഷേത്രം തുറക്കും. വൈകീട്ട് 6.30-ന് നൃത്തോത്സവം, കൈകൊട്ടിക്കളി, രാത്രി ഒൻപതിന് പടയണി, നാട്യധ്വനി നൃത്തം എന്നിവ നടക്കും.

വിപ്ലവഗാനം പാടാൻ ആവശ്യപ്പെട്ടിട്ടില്ല; കടയ്ക്കൽ ക്ഷേത്ര വിവാദത്തിൽ വിശദീകരണവുമായി വ്യാപാരികൾ

കടയ്ക്കൽ: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ സംഗീത പരിപാടിക്കിടെയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി സമിതി. അലോഷിയുടെ പരിപാടിയിൽ വിപ്ലവഗാനം പാടാൻ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിട്ടില്ലെന്ന് കടയ്ക്കൽ ഏരിയാ പ്രസിഡന്റ് അനിൽ മടത്തറ മീഡിയവണിനോട് പറഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരമാണ് സിപിഎം പ്രചാരണ ഗാനങ്ങൾ പാടിയത്.

വ്യാപാരി വ്യവസായി സമിതി പരിപാടി സ്പോൺസർ ചെയ്യുക മാത്രമാണ് ചെയ്തത്. സംഗീത പരിപാടിയെ രാഷ്ട്രീയ സ്വഭാവത്തിൽ മോശമായി ചിത്രീകരിച്ചത് ശരിയല്ലെന്നും അനിൽ മടത്തറ പറഞ്ഞു.

പരിപാടി എത്തരത്തിൽ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കമ്മിറ്റിയാണ്. വിപ്ലവഗാനങ്ങൾ പാടിയതിൽ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഇതിനു മുമ്പും അലോഷി ഇത്തരത്തിലുള്ള ഗാനങ്ങൾ കടയ്ക്കലിൽ പാടിയിട്ടുണ്ട്. മറ്റു കലാകാരന്മാരും ഇത്തരത്തിലുള്ള പരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം അവതരിപ്പിച്ചിരുന്നു. കെപിസിസി സാഹിതിയുടെ നേതൃത്വത്തിൽ നാടകവും അരങ്ങേറി. വിപ്ലവഗാനത്തെ പാട്ടായി മാത്രം കാണണം. കാണികൾ ആവശ്യപ്പെട്ട മറ്റു പാട്ടുകളും അലോഷി പാടിയിരുന്നുവെന്നും അനിൽ മടത്തറ വ്യക്തമാക്കി.

കടയ്ക്കലിൽ ബേക്കറിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചു

കടയ്ക്കൽ: കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടയുടൻ കടയ്ക്കൽ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. സമീപത്ത് തന്നെ അഗ്നിശമനസേനയുടെ വാഹനം ഉണ്ടായിരുന്നത് വൻ അപകടം ഒഴിവായി. കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. താലൂക്കാശുപത്രി കടയ്ക്കൽ പഞ്ചായത്ത് ഓഫീസ് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴയ മാർക്കറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്.

കടയ്ക്കൽ പോലീസിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ: കേരളത്തിലെമ്പാടും തീർപ്പാക്കാതെ കിടക്കുന്ന പെറ്റി കേസുകൾ അടക്കുന്നതിനുള്ള അദാലത്ത്  സംവിധാനം കഴിഞ്ഞ ഒരു മാസക്കാലമായി കോടതികളിൽ നടന്ന വരികയാണ്. കടയ്ക്കൽ കോടതിയിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ  പങ്കെടുത്ത്  വാഹനങ്ങൾക്കോ, വ്യക്തികൾക്കോ പോലീസിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നും  ലഭിച്ചിട്ടുള്ളതും അടയ്ക്കുവാൻ സമയപരിധി അവസാനിച്ചിട്ടുള്ളതുമായ പെറ്റി കേസുകൾ അടയ്ക്കുവാനുള്ള സൗകര്യം ഉണ്ട്. ഇതിന്റെ സമയപരിധി നാളെ അവസാനിക്കുകയാണ്.
   
ഭൂരിഭാഗം ആളുകളും ഈ സംവിധാനത്തിലൂടെ  പെറ്റി കേസുകൾ ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ കടയ്ക്കൽ ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ കേസുകൾ ഇനിയും തീർപ്പാക്കാത്ത ആളുകൾ ഉണ്ടെങ്കിൽ നാളെ വരെയുള്ള സമയപരിധിക്കുള്ളിൽ കടയ്ക്കൽ കോടതിയിൽ ഏർപ്പെടുത്തിയിട്ടുള്ള അദാലത്ത് സംവിധാനത്തിലൂടെ പെറ്റി കേസുകൾ തീർപ്പാക്കുവാൻ കഴിയും. തുടർന്ന് സമയപരിധി അവസാനിച്ചു കഴിഞ്ഞും കേസുകൾ തീർപ്പാക്കാത്ത വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ്  ചെയ്യുമെന്ന്  കടയ്ക്കൽ പോലീസ് അറിയിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

കടയ്ക്കല്‍: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

മികച്ച സേവനങ്ങളാണ് ഇവിടെ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.

കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി

കടയ്ക്കൽ: കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന പാൻ മസാലയും കഞ്ചാവും പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശിയായ ബഷീർ (45) ഓടിച്ചുകൊണ്ട് വന്ന ലോറിയിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു കടയ്ക്കൽ പൊലീസിന്റെയും കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും നേതൃത്വത്തിൽ ലഹരി വേട്ട നടത്തിയത്.

പ്രതി പറയുന്നത് അനുസരിച്ച് ബാംഗ്ലൂരിൽ നിന്നും വന്ന വാഹനം ബൈപ്പാസിൽ വച്ചു കൈമാറി ബഷീർ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് വാഹനത്തെ കൈ കാണിച്ചു നിർത്താതെ വന്ന വാഹനത്തെ പിന്തുടർന്ന് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു പിടികൂടുകയായിരുന്നു. ഏകദേശം 18624 പാക്കറ്റ് പാൻ മസാലയും 72 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്

കടയ്ക്കൽ തിരുവാതിരയ്ക്ക് ഇന്ന് കൊടിയേറി

കടയ്ക്കൽ: കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി, മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും. വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 23 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും, വ്യാപാര വിപണന മേളയും, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള അമ്യുസ്മെൻറ് പാർക്കും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടാതെ മെഗാ ഷോകൾ, ഗാനമേള, നാടകം, പ്രാദേശിക കലാകാരുടെയും, കുട്ടികളുടെയും നൃത്ത, നൃത്യങ്ങൾ അടക്കം ഒരുപിടി പ്രോഗ്രാകുകൾ ഉണ്ട്. മാർച്ച്‌ 8 മുതൽ 16 കുരുസി നാൾ വരെ ദേവീ ക്ഷേത്ര ഊട്ടുപുരയിൽ അന്നദാനം നടക്കും. മാർച്ച്‌ രണ്ടിന് രാവിലെ ഉത്സവം കൊടിയേറും. 

വൈകിട്ട് 6.00 ന് കൈകൊട്ടിക്കളി, 8 മണിമുതൽ 9.30 വരെ നൃത്തപ്രവാഹ്, 9.30 ന് നൃത്തനൃത്യങ്ങൾ, പടയണി. മാർച്ച്‌ 3 ന് വൈകിട്ട് 6. 30 ന് നൃത്താജ്ഞലി 8 ന് നൃത്തസന്ധ്യ, 9.30 ന് നൃത്തോത്സവം, പടയണി. മാർച്ച്‌ 4 ന് വൈകിട്ട് 6.30 ന് പച്ചത്തുരുത്ത്, രാത്രി 7 ന് നടനാർപ്പണം 9 ന് നൂപുര ധ്വനി, പടയണി. മാർച്ച്‌ 5 ന് വൈകിട്ട് 6.30 ന് നൃത്ത സന്ധ്യ, 7.30 ന് നൃത്തോത്സവം, 9.30 ന് കാക്കാരിശി നാടകം, പടയണി. മാർച്ച്‌ 6 ന് വൈകിട്ട് 6.30 ന് നൃത്ത സന്ധ്യ, രാത്രി 7.30 ന് ചിലങ്ക ഫെസ്റ്റ്, 9.30 ന് ധ്വനി 2025, പടയണി. മാർച്ച്‌ 7 ന് രാവിലെ 7ന് ഉദ്ഘാടന സമ്മേളനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് നിർവ്വഹിയ്ക്കും. വ്യാപാര മേള ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സാം കെ ഡാനിയേലും, പൊങ്കാല സിനിമ സീരിയൽ നടി അമൃത വി ആർ ഉദ്ഘാടനം ചെയ്യും.രാവിലെ 8.10 ന് പൊങ്കാല, 8 30 ന് നാദസ്വര കച്ചേരി, വൈകിട്ട് ആറിന് കുത്തിയോട്ടക്കളി മത്സരം, 5.15 ന് വിശേഷാൽ ഐശ്വര്യ വിളക്ക്, രാത്രി 7 മണിയ്ക്ക് ശ്രീബലി എഴുന്നള്ളത്ത്, 8 ന് വർണ്ണോത്സവം മെഗാ ഷോ, രാത്രി 9.15 ന് സേവാ എഴുന്നള്ളത്ത്.

മാർച്ച്‌ 8 ന് വൈകിട്ട് മൂന്നിന് കുതിരയെടുപ്പ്, കുത്തിയോട്ടം കെട്ടിയുയർത്തുന്ന 6 കുതിരകൾ ഭക്തർ തോളിലേറ്റി ക്ഷേത്രങ്ങൾക്ക് വലം വയ്ക്കും.അകമ്പടിയായി കതിരു കുതിര, എടുപ്പുകാള, പൂക്കാവടി, മുത്തുക്കുട, ശിങ്കാരിമേളം, പുഷ്പൃഷ്ടി എന്നിവ നടക്കും, രാത്രി 23 കരകളിൽ നിന്ന് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തും, വൈകിട്ട് 3 ന് ഓട്ടൻ തുള്ളൽ,5 ന് ഗാനാമൃതം, 7 ന് ഗാനമേള, മാർച്ച്‌9 ന് വൈകിട്ട് 7 ന് ഡി ജെ വിത്ത്‌ ചെണ്ട, 9 ന് ഫീൽ ഗുഡ് കോമഡി ഷോ. മാർച്ച്‌ 10 ന് വൈകിട്ട് 6.30 ന് അലോഷി പാടുന്നു ,9 ന് നാടൻ പാട്ട് ദൃശ്യാവിഷ്‌ക്കാരം, മാർച്ച്‌ 11 രാത്രി 7ന് JOB KURYAN LIVE SHOW, രാത്രി 9 ന് കഥകളി. മാർച്ച്‌ 12 രാത്രി 7 ന് നാടകം, 9 THIRUMALI& THUDWISER,.13 ന് വൈകിട്ട്7 ന് BANARJ’S KANAL BAND, 9 ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന മ്യൂസിക്കൽ ഡാൻസ് നൈറ്റ്. മാർച്ച്‌ 14 ന് വൈകിട്ട് 7 ന് കഥാ പ്രസംഗം, രാത്രി 9 ന് മ്യൂസിക്, DROPS. മാർച്ച്‌ 15 രാത്രി 7 ന്, വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള 9 ന് DANCE FESTVAL, 

മാർച്ച്‌ 16 ന് വൈകിട്ട് 6 30 ന് സമാപന സമ്മേളനം മന്ത്രി വി എൻ വാസവനും, കടയ്ക്കലമ്മ സാന്ത്വന പദ്ധതി മന്ത്രി ജെ ചിഞ്ചു റാണിയും ഉദ്ഘാടനം ചെയ്യും. രാത്രി 8 മണി മുതൽ ഗാനമേള, രാത്രി 12 മണിമുതൽ തിരുമുടി എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, കുരുസി.

മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം

മടത്തറ: മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം. മദ്യപിച്ചെത്തിയ സമീപവാസിയായ നവാസ് അക്രമം കാണിക്കുകയായിരുന്നു. മടത്തറ കലയപുരത്തെ മെഡി ട്രസ്റ്റ് ആശുപത്രിയുടെ ഗ്ലാസുകൾ പ്രതി
പൊട്ടിക്കുകയുണ്ടായി. പരാതിയിൽ പാലോട് പോലീസ് കേസെടുത്തു. ആശുപത്രി നെയിംബോർഡും നശിപ്പിച്ച സ്ഥിതിയിലാണ്. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആണ് പ്രതി പ്രദേശവാസിയായ കരട് നവാസ് എന്ന് വിളിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നത്.

പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രി ഇത്തരം പ്രശ്നങ്ങൾ മൂലമാണ് രാത്രി 10 മണി വരെ ആക്കി ചുരുക്കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ അറുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു

കടയ്ക്കൽ: കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത്.

ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം 2025 മാർച്ച്‌ 2 (1200 കുംഭം 18) ന് കൊടിയേറി മാർച്ച്‌ 16 (1200 മീനം 2) ന് കുരുസിയോടെ സമാപിക്കുകയാണ്. തിരുവാഭരണ ഘോഷയാത്ര 01-03-2025 ന്, കോടിയേറ്റം മാർച്ച്‌ 2ന് നടക്കും. ഉദ്ഘാടന സമ്മേളനം 07.03.2024 രാവിലെ 7 മണിയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും. 

ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റ് എസ് വികാസ്,സെക്രട്ടറി ഐ അനിൽകുമാർ, കടയ്ക്കൽ തിരുവാതിര മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ പിള്ള, സെക്രട്ടറി അഡ്വ ആർ രാഹുൽ കൃഷ്ണൻ, ട്രഷറർ ഡി വിജേഷ്, ജോയിൻ സെക്രട്ടറി,സജി, വൈസ് പ്രസിഡന്റ്‌ സരുൺ, ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി, വിഥുൻ, സുനിൽ ശങ്കർനഗർ, സുനിൽ കോട്ടപ്പുറം പത്മകുമാർ, അനി ദേവി സ്റ്റുഡിയോ,വിജി, സി ദീപു, പീടിക ക്ഷേത്രം ശാന്തി ശശിധരകുറുപ്പ്, പത്ര മാധ്യമ പ്രവർത്തകരായ ഗോപൻ മനോരമ, സനു കുമ്മിൾ, കലികാ ഷാജി, പ്രഭാകർ, വിവിധ കര കമ്മിറ്റി പ്രതനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ്

കടയ്ക്കൽ: ആരോഗ്യവകുപ്പിലേക്കായി DDRC അവരുടെ CSR ൽ ഉൾപ്പെടുത്തി ഒരു ആംബുലൻസ് സ്പോൺസർ ചെയ്തിരുന്നു. ഈ ആംബുലൻസ് കടയ്ക്കൽ താലൂക് ആശുപത്രിയിലേക്ക് ലഭിക്കുകയും അതിന്റ ഫ്ളാഗ്ഓഫ് ഇന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു.HMC മെമ്പർമാരായ R. S. ബിജു, പ്രൊഫ. ബി. ശിവദാസൻ പിള്ള, പ്രീജ മുരളി,ആശുപത്രി ജീവനക്കാർ പങ്കെടുത്തു.

കടയ്ക്കലിൽ വയോധികന്റെ കാല് തല്ലിയൊടിച്ചത് ജേഷ്ഠനും സുഹൃത്തുകളും ചേർന്ന്; പ്രതികളിൽ ഒരാൾ പിടിയിൽ

കടയ്ക്കൽ: കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ മുളക് പൊടി എറിഞ്ഞ് കടയ്ക്കൽ കൊച്ചാറ്റുപുറം സ്വദേശി ജോയിയെ ഒരു കൂട്ടം പേർ മാരക ആയുധം ഉപയോഗിച്ച് കാലും കയ്യും തല്ലി ഓടിച്ചിരുന്നു. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് കടയ്ക്കൽ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിൽ ജോയ് യുടെ ജേഷ്ഠൻ ജോസ് ആണ് പ്രതി എന്ന് മനസിലാക്കുന്നത്.

അമ്മയ്ക്ക് ഒപ്പം താമസിച്ചു വരുന്ന ജോയ് അമ്മയെ മർദ്ദിച്ചിരുന്നു. ഇത് പല പ്രാവശ്യം ജോസ് ഉൾപ്പെടെ പറഞ്ഞു ഒതുക്കാൻ ശ്രമിച്ചിട്ടും ജോയ് അമ്മയെ മർദിക്കുന്നത് തുടർന്ന്. കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ജോയിയുടെ മർദ്ദനം തുടർന്നതോടെ ജോയിയുടെ ജേഷ്ഠനും ക്വട്ടേഷൻ സംഘവും ചേർന്ന് ജോയിയുടെ കാലുകൾ അടിച്ചൊടിക്കുകയായിരുന്നു.

സംഭവം കഴിഞ്ഞു ജോസ് വിദേശത്ത് പോകുകയും ചെയ്തു. ടവർ ലോക്കേഷൻ ഉൾപ്പെടെ പരിശോധികൊണ്ടു നടത്തിയ അന്വേഷണത്തിൽ ജോസ് ആണ് പ്രതികളിൽ ഒരാൾ എന്ന് കടയ്ക്കൽ പോലീസ് കണ്ടെത്തി. തുടർന്ന് കടയ്ക്കൽ പോലീസ് ജോസ് നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തൊളിക്കുഴി വാട്സ്ആപ്പ് കുട്ടായിമയുടെ നേത്യത്വത്തിൽ അനുമോദിച്ചു

രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ എസ്. ഫൈസി യെ തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു
രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും "ഇന്ത്യൻ നിയമ വ്യവസ്ഥ : ഒരു ചരിത്ര പഠനം" എന്ന വിഷയത്തിൽ ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടിയ നിയമ ബിരുദ ധാരിയും കുടവൂർ എ കെ എം ഹൈസ്കൂളിലെ ചരിത്ര അധ്യാപകനുമായ എസ് ഫൈസി യെ തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. തൊളിക്കുഴി നിവാസിയും വാട്സ്ആപ്പ് കൂട്ടായ്മയുടെ മുൻ പ്രസിഡന്റുമാണ് ഫൈസി.

വാട്സ്ആപ്പ് കൂട്ടായ്മ പ്രസിഡന്റ് എ ആർ നസീം, സെക്രട്ടറി എം തമീമുദ്ദീൻ, രക്ഷാധികാരി എം.നാസറുദ്ദീൻ, വൈസ് പ്രസിഡണ്ട് ബി.റിയാസ്, ജോ. സെക്രട്ടറി എ. അനസ്, ഗ്രൂപ്പ് പ്രതിനിധികളായ എ എം ഇർഷാദ്, ടി താഹ, എസ് നസീം, എ ആൻസർ, ജെ.ഷാജു എന്നിവർ സംബന്ധിച്ചു.

ചിതറ കണ്ണൻകോട് തീപിടുത്തം

ചിതറ: ചിതറ കണ്ണൻകോട് റബ്ബർ ഷീറ്റ് പുരയിൽ തീപിടുത്തം 150 ഓളം റബ്ബർഷീറ്റ്‌കത്തി നശിച്ചു. വിക്രമൻ എന്ന ആളുടെ വീട്ടിലെ റബ്ബർഷീറ്റ്‌സൂക്ഷിക്കുന്ന കെട്ടിടത്തിനാണ് ഇന്നലെ രാവിലെ 10 മണിയോടെ തീ പിടിത്തം ഉണ്ടായത് തൊട്ടടുത്ത് വച്ചിരുന്ന വിറകിൽ കൂടി തീ പടർന്നതോടെ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. റബ്ബർഷീറ്റ്‌സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു

വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയിൽ കടയ്ക്കൽ സ്വദേശി അറസ്‌റ്റിൽ

കടയ്ക്കൽ: വിവാഹിതയും മുപ്പതുകാരിയുമായ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് വാഗ്ദ‌ാനം നൽകി ഇരുപത്തിനാലുകാരൻ പീഡിപ്പിച്ചതായി പരാതി. ഇൻസ്‌റ്റഗ്രാമിലൂടെയാണ് യുവാവും വീട്ടമ്മയും അടുപ്പമായത്. വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ അറസ്‌റ്റു ചെയ്തു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി 24 വയസ്സുള്ള അനുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്‌റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയാണ് വീട്ടമ്മയും അനുജിത്തും തമ്മിൽ അടുപ്പമായത്.
തിരുവനന്തപുരത്തും ബെംഗളുരുവിലുമായി ഇവർ മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. യുവാവുമായുളള ബന്ധം തുടരുന്നതിനിടെ വീട്ടമ്മ വിദേശത്തുളള ഭർത്താവിന് സന്ദേശം അയച്ചത് യുവാവ് കണ്ടെത്തിയതോടെ പ്രശ്‌നമായി. വിവാഹിതയാണെന്നും മുപ്പതുവയസുണ്ടെന്നും മറച്ചുവച്ചെന്നായി അനുജിത്തിന്റെ പരാതി.

ഇക്കാര്യങ്ങളെല്ലാം അനുജിത്ത് വീട്ടമ്മയുടെ ഭർത്താവിനെ അറിയിച്ചതോടെ ഭർത്താവ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുജിത്തും കുടുങ്ങിയത്. തന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞു അനുജിത് മാസങ്ങളോളം കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ കടയ്ക്കൽ പൊലീസ് അനുജിത്തിനെ അറസ്റ്റു ചെയ്തു.

കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു

കടയ്ക്കൽ: കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് മകൻ അടിച്ചൊടിച്ചത്. സംഭവത്തിൽ മകൻ നാസറുദ്ദീനെ കടയ്ക്കൽ പൊലീസ് അറെസ്റ്റ്‌ ചെയ്തു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ വെളളം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു കുൽസം ബീവിയെ മകൻ മർദ്ദിച്ചത്. ഇക്കഴിഞ്ഞ 16 ആം തീയതിയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുൽസം ബീവി നൽകിയ പരാതിയിലാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിക്കെതിര കേസെടുത്തു.

സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്മിൾ ക്ഷേത്രക്കുളം നവീകരിക്കുന്നു

കുമ്മിൾ: കാട് കയറി ജീർണ്ണാവസ്ഥയിലായിരുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന കുമ്മിൾ ക്ഷേത്രക്കുളം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചു കുമ്മിൾ ശിവ പാർവ്വതി ക്ഷേത്രക്കുളമാണ് നവീകരിക്കുന്നത്. കാവുകളുടെയും, കുളങ്ങളുടെയും സംരക്ഷണത്തിനായാണ് ഈ പദ്ധതി. 53 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനാണ് നിർമ്മാണ ചുമതല. ജീർണ്ണിച്ച കൽപടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജല ലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു പറഞ്ഞു. 
© all rights reserved
made with Kadakkalnews.com