Responsive Ad Slot

Slider

കടയ്ക്കൽ ടൂറിസത്തിന് പുതിയ രൂപം; മൂന്നു ഘട്ട പദ്ധതികൾ

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് "കടയ്ക്കൽ ടൂറിസം" പദ്ധതിക്ക് തുടക്കം കുറിച്ചു. മൂന്ന് ഘട്ടങ്ങളിലായി പാരമ്പര്യവും ആധുനികതയും കേന്ദ്രീകരിച്ച് വികസനം.
കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്നായ കടയ്ക്കൽ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം ഓഗസ്റ്റിൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും. 2021-ൽ അധികാരത്തിൽ വന്ന ഭരണസമിതി വർഷങ്ങളായുള്ള നാടിൻ്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ തീവ്രശ്രമത്തിലാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ അറിയിച്ചതനുസരിച്ച്, വെറുമൊരു പ്രാദേശിക ടൂറിസം എന്നതിലുപരി, കടയ്ക്കലിൻ്റെ പേര് ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഒരു ബൃഹത്തായ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ടൂറിസത്തിന് 'കടയ്ക്കൽ ടൂറിസം' എന്ന് പുനർനാമകരണം ചെയ്യുകയും മൂന്ന് പ്രധാന ഘട്ടങ്ങളിലായി വികസനം നടപ്പിലാക്കുകയും ചെയ്യും.

പദ്ധതിയുടെ പ്രധാന ഘട്ടങ്ങൾ:
  • ഫെയിസ് 1: മാറ്റ്ടാംപാറ അഡ്വഞ്ചർ പാർക്ക്: സാഹസിക വിനോദങ്ങൾക്കും കൗതുകകരമായ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ ഘട്ടം, ടൂറിസം പദ്ധതിയുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറും.
  • ഫെയിസ് 2: കടയ്ക്കൽ ആധുനിക മാർക്കറ്റ്, വിപ്ലവ സ്മാരക സ്ക്വയർ, സാംസ്കാരിക നിലയം: ഈ ഘട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാർക്കറ്റ്, വിപ്ലവ സ്മാരക സ്ക്വയർ, പുതിയ സാംസ്കാരിക നിലയം എന്നിവ നിർമ്മിക്കും. ഇത് കടയ്ക്കലിനെ കേരളത്തിലെ ശ്രദ്ധേയമായ ഒരു സ്ഥലമാക്കി മാറ്റും. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്വാതന്ത്ര്യ സ്മാരകവും ഇവിടെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
  • ഫെയിസ് 3: കടയ്ക്കൽ ദേവീക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളും: തളി ക്ഷേത്രം, ശിവക്ഷേത്രം, കിളിമരുത്ത് കാവ് തുടങ്ങിയ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് റോഡുകൾ മനോഹരമാക്കുകയും ലൈറ്റ് മിനി ടൗവറുകൾ സ്ഥാപിക്കുകയും ചെയ്യും. തീർഥാടകർക്കായി വെയിറ്റിംഗ് ഏരിയകളും ആധുനിക ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള സംവിധാനങ്ങളെ മെച്ചപ്പെടുത്തി ഒരു മഹാതീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഈ മൂന്ന് ഘട്ടങ്ങളിലൂടെ കടയ്ക്കലിൻ്റെ സമഗ്രമായ വികസനമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ 25 അംഗങ്ങളുള്ള ഒരു ടൂറിസം മാനേജ്മെൻ്റ് കമ്മിറ്റി (TMC) രൂപീകരിക്കും. ഈ കമ്മിറ്റിയായിരിക്കും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്.

2025-26 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് മാറ്റ്ടാംപാറ അഡ്വഞ്ചർ പാർക്കിൻ്റെ ആദ്യ ഘട്ടം ഓഗസ്റ്റ് മാസത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി 25-ൽ അധികം മിനി ഡി.പി.ആർ (Detailed Project Report) കൾ തയ്യാറാക്കുന്നുണ്ട്.

ഈ വലിയ മുന്നേറ്റത്തിന് എല്ലാ ബഹുജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ അഭ്യർത്ഥിച്ചു. കടയ്ക്കലിൻ്റെ ടൂറിസം മേഖലയ്ക്ക് ഇതൊരു നിർണ്ണായക വഴിത്തിരിവാകുമെന്നും വരും തലമുറയ്ക്ക് ഇതൊരു മുതൽക്കൂട്ട് ആകുമെന്നും പ്രതീക്ഷിക്കാം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com