കടയ്ക്കൽ: അമ്മ വൃക്ക നൽകാൻ തയ്യാറായിട്ടും, ചികിത്സാച്ചെലവിന് പണമില്ലാതെ വലഞ്ഞ യുവതിക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുനർജന്മമേകി കൊല്ലം മെഡിട്രീന ആശുപത്രി. വൃക്ക രോഗിയും നിർദ്ധന കുടുംബത്തിലെ അംഗവുമായ കൊല്ലം കടയ്ക്കൽ സ്വദേശി സൗമ്യയ്ക്കാണ് മെഡിട്രീന കൈത്താങ്ങായത്.
രണ്ട് വൃക്കകളും തകരാറിലായ സൗമ്യ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നില നിറുത്തിയിരുന്നത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വൃദ്ധരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലാണ് രണ്ടു മക്കൾക്കൊപ്പം സൗമ്യ ജീവിച്ചിരുന്നത്. സ്വന്തമായി വീടില്ല. അമ്മ പ്രസന്നകുമാരി ഒരു വൃക്ക മകൾക്ക് നൽകാൻ തയ്യാറായിരുന്നെങ്കിലും പണം തടസമായി. ഇതിനിടെയാണ് സൗമ്യയെ കുറിച്ചറിഞ്ഞ മെഡിട്രീന ആശുപത്രിയിലെ നെഫ്രോളജി കൺസൾട്ടന്റ് ഡോ.റെമി ജോർജ്, മെഡിട്രീന ഹോസ്പിറ്റൽ എം.ഡിയും ചെയർമാനും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. പ്രതാപ് കുമാറിനോടും മെഡിട്രീന ഗ്രൂപ്പ് സി.ഇ.ഒ ഡോ.മഞ്ജു പ്രതാപിനോടും വിവരം പറഞ്ഞത്.
തുടർന്ന് സൗമ്യയുടെ ചികിത്സ ചെലവുകൾ പൂർണമായും ഏറ്റെടുക്കുകയും സൗജന്യമായി വൃക്ക മാറ്റിവയ്ക്കൽ നടത്തിക്കൊടുക്കുകയുമായിരുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു ശസ്ത്രക്രിയ. സൗമ്യയുടെ ശരീരം അതിവേഗം പുതിയ വൃക്കയെ സ്വീകരിക്കുകയും വൃക്കയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയും ചെയ്തു. 12 ലക്ഷത്തിലേറെ രൂപയാണ് ശസ്ത്രക്രിയയ്ക്കായി മെഡിട്രീന ചെലവഴിച്ചത്.
ഡോ.റെമി ജോർജിനൊപ്പം യൂറോളജി വിഭാഗത്തിലെ ഡോ.രവീന്ദ്ര, ഡോ. പ്രവീൺ സുന്ദർ, ഡോ .വിപിൻദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ശങ്കർ, ഡോ.നഹാസ്, ഡോ.ആകാശ് (സി.ടി.വി.എസ്), അബിൻസ് കുര്യൻ (ട്രാൻസ് പ്ളാന്റ് കോ ഓർഡിനേറ്റർ), ഒ.ടി സ്റ്റാഫുകൾ, ടെക്നീഷ്യൻമാർ, നഴ്‌സുമാർ തുടങ്ങിയർ ദൗത്യത്തിൽ പങ്കാളികളായി. കൂടാതെ വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞവർക്കും വൃക്ക ദാനം ചെയ്തവർക്കും തുടർചികിത്സയ്ക്കും മറ്റു പരിശോനകൾക്കുമായി കിഡ്നി ട്രാൻസ്‌പ്ളാന്റ് ക്ലിനിക്ക് മെഡിട്രീനയിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 2 മുതൽ 4 വരെയാണ് പ്രവർത്തനം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ