ചിതറ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ല് കത്തിനശിച്ചു. കിഴക്കുംഭാഗം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ചിതറ പെരിങ്ങാട് പണയിൽ വീട്ടിൽ ഷിബാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള സഹിന്ദ് വുഡ് ഇൻഡസ്ട്രീസിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. മില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായും കത്തിനശിച്ചു. അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ പറഞ്ഞു. മില്ല് പ്രവർത്തിച്ചിരുന്ന ഷെഡിന്റെ മുക്കാൽ ഭാഗവും അഗ്നിക്കിരയായി.
തടിമില്ലിന് സമീപം താമസിക്കുന്ന ബാബുമന്ദിരത്തിൽ ലെനിൻ ബാബുവാണ് തീപിടിത്തം ആദ്യം കണ്ടത്. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടത്തെറിച്ച ശബ്ദം കേട്ടാണ് ലെനിൻ ഉണർന്നത്. പുറത്തിറങ്ങി നോക്കിയപ്പോൾ മില്ലിന്റെ കാൽഭാഗം അഗ്നിക്കിരയായിരുന്നു. തുടർന്ന് ഷിഹാബുദ്ദീന്റെ മകൻ ഷിറാഫിനെയും കടയ്ക്കൽ ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അസഹ്യമായ ചൂട് കാരണം ഫയർഫോഴ്സിന് ആദ്യഘട്ടത്തിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് കെട്ടിടത്തിനടുത്തേക്ക് എത്താനായത്.
കടയ്ക്കലിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റാണ് ആദ്യം എത്തിയത്. പുനലൂർ, വിതുര, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ