കിളിമാനൂർ: കേരളത്തിന്റെ ഭൂപ്രകൃതി മലകളും പാറകളും വലിയ നെൽപ്പാടങ്ങളും നദികളും ഒക്കെ ചേർന്ന പ്രകൃതി സവിശേഷമായ ഒന്നാണ്. ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ട് ആകുന്ന വലിയ കുന്നുകളും ധാരാളമുള്ള ഇടം. കുന്നിനോട് ചേർന്നുള്ള നദികളും പ്രകൃതി ഭംഗി വർധിപ്പിക്കുന്നു. അത്തരത്തിൽ ഒന്നാണ് തമ്പുരാട്ടി പാറ. നല്ലൊരു ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറാൻ കഴിയുന്ന ഇടമാണ് കിളിമാനൂരിലെ തമ്പുരാട്ടി പാറ. തമ്പുരാട്ടി പാറയിലെ ക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികൾ ഒരുങ്ങുന്നുണ്ട്. കിളിമാനൂർ- മൊട്ടക്കുഴി- കല്ലറ റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലായാണ് തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. പാറയ്ക്ക് മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് എത്തുന്ന ആളുകളെ ആകർഷിക്കുന്നത്.
താഴെയുള്ള റോഡുകളും വിശാലമായ ദൂരെ കാഴ്ചകളും ഉറുമ്പുകളെ പോലെ കാഴ്ചയിൽ തോന്നിപ്പിക്കുന്ന വാഹനങ്ങളും കിളിമാനൂർ പട്ടണത്തിന്റെ വിദൂര ദൃശ്യവും ഒക്കെ മികച്ച കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. പാറയുടെ തൊട്ടു താഴെയായി ചിറ്റാർ ഒഴുകുന്നുണ്ട്. അതിനോട് ചേർന്ന് പാർവതി ദേവിയുടെ ക്ഷേത്രവും ഉണ്ട്. പാറയുടെ മുകളിൽ ശിവ പ്രതിഷ്ഠയും ഉണ്ട്. മാസംതോറും മൺപാതയിലൂടെ ഇവിടെയെത്തി ഭക്തർ പൂജ നടത്താറുണ്ട്. നിലവിൽ പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആണ് തമ്പുരാട്ടി പാറ.
പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തമ്പുരാട്ടി പാറയെ കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനും അതുവഴി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിരുന്നു. നിലവിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ താളിക്കുഴിയിൽ ഉൾപ്പെടുന്ന കടലുകാണി പറയെയും തമ്പുരാട്ടി പാറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികളുടെ സാധ്യതകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ