Responsive Ad Slot

Slider

വീതി കൂട്ടാൻ സ്ഥലമുണ്ടായിട്ടും വീർപ്പുമുട്ടി ആശാൻമുക്ക് -ശങ്കർനഗർ റോഡ്

28 വർഷം മുമ്പ് നാട്ടുകാർ സ്ഥലം വിട്ടു കൊടുത്ത് 8മീറ്റർ വീതിയിൽ വിശാലമാക്കിയ പാതയാണ് ആശാൻമുക്ക് - ശങ്കർ നഗർ റോഡ്.
കടയ്‌ക്കൽ: 28 വർഷം മുമ്പ് നാട്ടുകാർ സ്ഥലം വിട്ടു കൊടുത്ത് 8മീറ്റർ വീതിയിൽ വിശാലമാക്കിയ പാതയാണ് ആശാൻമുക്ക് - ശങ്കർ നഗർ റോഡ്. പക്ഷെ കാലം ഇത്രയായിട്ടും ഏറ്റെടുത്ത സ്ഥലം കൂട്ടി ചേർത്ത് ടാറിട്ട് വൃത്തിയാക്കി ഉന്നത നിലവാരം പുലർത്തുന്ന റോഡാക്കാൻ കഴിഞ്ഞിട്ടില്ല. കടയ്‌ക്കൽ പ‌ഞ്ചായത്തിലെ കുറ്റിക്കാട്, വെള്ളാർവട്ടം, വടക്കേവയൽ വാർഡുകളിലൂടെ കടന്നു പോകുന്ന 2 കിലോമീറ്റർ നീളുന്ന റോഡിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിന്ന് ബ്‌ളോക്ക് ഏറ്റെടുക്കുന്നതിനാണ് 1996 ൽ സ്ഥലം വിട്ടു നൽകി വീതി കൂട്ടിയത്. പിന്നീട് മെല്ലെപ്പോക്കായിരുന്നു. വയൽഭാഗത്ത് സംരക്ഷണഭിത്തിയുടെ നിർമ്മാണം പോലും പൂർത്തിയായില്ല. ഇതോടെ സ്ഥലം വിട്ടു നൽകിയ പലരും റോഡിന്റെ വശത്തേക്ക് ക്രമേണ വ്യാപിപ്പിച്ചു.

രണ്ട് വിദ്യാലയങ്ങളിലേക്കും ഒരു കശുഅണ്ടി ഫാക്‌ടറിയിലേക്കും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കുറ്റിക്കാട് നിന്ന് ചടയമംഗലത്തേക്കുള്ള എളുപ്പ വഴി കൂടിയാണ്. ഒരു ക്വാറിയും ഒരു സിമന്റ് സംഭരണ ശാലയും ഇവിടെയുണ്ട്. നിത്യേന ഇതുവഴി പോകുന്ന ടിപ്പർ ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളിൽ നിന്ന് ഒതുങ്ങാൻ കുട്ടികളും സ്‌ത്രീകളും നന്നേ പാടുപെടുന്നു. സ്ഥലം വിട്ടു കൊടുത്തവർ റോഡ് നന്നാകുന്നത് കാണാൻ ആരെ സമീപിക്കണമെന്ന ബോർഡ് നാട്ടുകാർ സ്ഥാപിച്ചു. മഴക്കാലമായാൽ വെള്ളക്കെട്ടാണ് ഈ റോഡിന്റെ മറ്റൊരുശാപം. ലോറികൾ പറത്തുന്ന പൊടിയും ദുസഹമാണ്.ചടയമംഗലം ബ്‌ളോക്ക് ഭരണസമിതിക്കും ജില്ലാ കളക്‌ടർക്കും നാട്ടുകാർ പരാതി നൽകി .

മികച്ച ഭരണാധികാരിയും വികസന നായകനുമായിരുന്ന ആർ.ശങ്കറിന്റെ നാമധേയത്തിലുള്ള റോഡിന്റെ അവസ്ഥ അദ്ദേഹത്തോടുള്ള അനാദരമാണ്. രണ്ടു വർഷം മുമ്പ് പേരിന് മാത്രമായിരുന്നു ടാറിംഗ് .മെച്ചപ്പെട്ട യാത്രാസൗകര്യത്തിനാണ് നാട്ടുകാർ സ്ഥലം വിട്ടുനൽകിയത്.
ബി. അജയകുമാർ
എസ്.എൻ.ഡി.പി യോഗം 4007 ാം നമ്പർ
കുറ്റിക്കാട് ശാഖ സെക്രട്ടറി

 

പഞ്ചായത്ത് 7ലക്ഷം മുടക്കി ടാറിംഗ് നടത്തിയിരുന്നു. ഇടക്കാലത്ത് കോടതിയിൽ നിന്നൊരു സ്‌റ്റേ ഉത്തരവുണ്ടായിരുന്നു. അതോടെ റോഡ് നവീകരണം മാറ്റി വെച്ചു. നിയമ പ്രശ്‌നങ്ങൾ തീരുന്ന മുറയ്‌ക്ക് ഫണ്ടിന്റെ ലഭ്യത കൂടി കണക്കിലെടുത്ത് പാർശ്വഭിത്തി നിർമ്മാണവും കോൺക്രീറ്റും നടത്തും.
ആർ. ശ്രീജ
നാലാം വാർഡ് അംഗം

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com