കടയ്ക്കൽ: ചിതറയിലെ പെട്രോൾ പമ്പിൽ മണ്ണുമാന്തിയുമായി ഇന്ധനം നിറയ്ക്കാനെത്തിയ ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ.
ചിതറ പേഴുംമൂട് ജിൻഷാദ് മൻസിലിൽ ജിൻഷാദ് (27), അയിരക്കുഴി അമൽ സദനത്തിൽ അഖിൽ കൃഷ്ണ (20), വേങ്കോട് വിഘ്നേഷ് ഭവനിൽ വിഘ്നേഷ് (18) എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ന് വൈകീട്ട് ആറിനായിരുന്നു സംഭവം.
വെട്ടേറ്റ ചിതറ കോത്തല റഹ്‌മത്ത് മൻസിലിൽ മുഹമ്മദ് റാഫി(30)യുടെ മണ്ണുമാന്തിയും ജിൻഷാദിന്റെ മണ്ണുമാന്തിയും പെട്രോൾ പമ്പിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കവും സംഘർഷവുമുണ്ടായി. തുടർന്ന് ജിൻഷാദിന്റെ ജോലിക്കാരായ അഖിൽ കൃഷ്ണ, വിഘ്നേഷ്, അമൽ കൃഷ്ണ എന്നിവർ റാഫിയുടെ മണ്ണു മാന്തി കുത്തിത്തുറക്കാൻ ശ്രമിച്ചു. ഈ ശ്രമം റാഫി തടഞ്ഞു. തുടർന്ന് സംഘട്ടനമുണ്ടായി.
വിവരമറിഞ്ഞെത്തിയ ജിൻഷാദ് മുഹമ്മദ് റാഫിയുടെ കഴുത്തിനു മുകളിൽ വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം ഒളിവിൽ പോയ സംഘത്തിലെ വിഘ്നേഷിനെ കടയ്ക്കലിൽനിന്ന് അറസ്റ്റ് ചെയ്തു. ജിൻഷാദ്, അഖിൽ കൃഷ്ണ എന്നിവരെ തെങ്കാശിയിൽനിന്നാണ് പിടികൂടിയത്. അമൽ കൃഷ്ണ ഒളിവിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ