കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായി പടുത്തുയർത്തിയ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (കിംസാറ്റ്) മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കടയ്ക്കൽ ഗോവിന്ദമംഗലത്താണ് കിംസാറ്റ് പൂർത്തിയാക്കിയത്. നാല് താലൂക്കുകളിലെ പതിനഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ മൂന്ന് വർഷം മുമ്പാണ് ആശുപത്രി നിർമ്മാണം തുടങ്ങിയത്. ജനങ്ങളിൽ നിന്ന് എട്ട് കോടി രൂപ ഓഹരി സമാഹരിച്ചും നബാർഡ് കേരള ബാങ്ക് മുഖേന നൽകിയ പത്തു കോടി രൂപ വായ്പ വിനിയോഗിച്ചും ബാങ്കു വക നാൽപ്പത്തിരണ്ട് കോടി രൂപ ചെലവഴിച്ചുമാണ് ഒന്നാം ഘട്ട നിർമ്മാണം നടത്തിയത്.
ഒരു നില പൂർണമായും കുട്ടികളുടെയും അമ്മമാരുടെയും ചികിത്സയ്ക്കും മറ്റൊരു നില അസ്ഥിരോഗ ചികിത്സയ്ക്കുമായാണ് ക്രമീകരിച്ചിട്ടുള്ളത്. കാർഡിയോളജി, ഗ്യാസ്‌ട്രോ, ജനറൽ മെഡിസിൻ, ഇ.എൻ.ടി, നെഫ്രോളജി, ന്യൂറോളജി, ഡയബറ്റോളജി എന്നിങ്ങനെ എല്ലാ വിഭാഗത്തിലും വിദഗദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണുള്ളത്. സ്‌പൈനൽകോഡ് ചികിത്സയ്ക്കും സർജറിയ്ക്കും ഏറ്റവും മികച്ച സേവനവും ഇവിടെ ലഭ്യമാകും. സർക്കാരിന്റെ മെഡിസെപ്പ് ഉൾപ്പെടെ വിവിധ ഇൻഷ്വറൻസ് കമ്പനികളുടെ സേവനം ഉറപ്പുവരുത്താനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. ഒ.പി ബ്ലോക്ക് മന്ത്രി വി.എൻ.വാസവൻ, ഓപ്പറേഷൻ തീയേറ്റററുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ, മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡയാലിസിസ് യൂണിറ്റ് സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ്, ലാബ് മുൻ എം.എൽ.എ മുല്ലക്കര രത്നാകരൻ, ബ്ലഡ് ബാങ്ക് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, റേഡിയോളജി ബ്ലോക്ക് എസ്.രാജേന്ദ്രൻ, ഫാർമസി നബാർഡ് ചീഫ് ഡോ.ഗോപകുമാരൻ നായർ, കാഷ്വാലിറ്റി വിഭാഗം എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്യും. കിംസാറ്റ് പ്രസിഡന്റ് എസ്.വിക്രമൻ സ്വാഗതം ആശംസിക്കും.
ആകെ വിസ്തൃതി - 10 ഏക്കർ
ചെലവഴിച്ചത് ₹ 60 കോടി
നിലകൾ - 07
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ