കുമ്മിൾ: കുമ്മിൾ പഞ്ചായത്തിലെ കായികപ്രേമികളുടെ ചിരകാല സ്വപ്‌നം യാഥാർഥ്യമാകുന്നു. പഞ്ചായത്തിനു സ്വന്തമായി കളിസ്ഥലമെന്ന സ്വപ്‌നത്തിലേക്ക് കുറച്ചുദൂരം മാത്രം. ഇതിനായി ദീർഘനാളത്തെ പരിശ്രമത്തിലായിരുന്നു പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് സ്റ്റേഡിയത്തിനായി 83 സെന്റ് രണ്ട് ഭൂവുടമകളിൽനിന്ന് പഞ്ചായത്ത് വാങ്ങി. ഭൂമിയ്ക്ക് അഡ്വാൻസ് നൽകി രജിസ്ട്രേഷൻ നടപടിയിലേക്ക് കടന്നു. നടപടി പൂർത്തിയാക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണത്തിന് പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രാഥമിക ഘട്ടമായി അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു.
മികച്ച അത്‌ലറ്റിക്‌സ്, സ്‌പോർട്സ് താരങ്ങളുള്ള കുമ്മിളിൽ ഇതുവരെ കായികതാരങ്ങൾ മാർക്കറ്റിനു സമീപമുള്ള താൽക്കാലിക കോർട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാർക്കറ്റിൽ വിവിധ സ്റ്റാളും ആധുനിക അറവുശാലയും നിർമിച്ചതോടെ ഇവർക്ക് പരിശീലനത്തിനുംമറ്റും ഇടമില്ലാതായി. മുൻ വർഷത്തെ പ്ലാൻ ഫണ്ടിൽ 24ലക്ഷം രൂപ വകയിരുത്തി ഭൂമി വാങ്ങുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാമ്പത്തിക വർഷം 22 ലക്ഷം രൂപ കൂടി വകയിരുത്തി കളിസ്ഥലത്തിനു ഭൂമി നൽകാനുള്ള താൽപ്പര്യപത്രം ക്ഷണിച്ച് നടപടികളുമായി മുന്നോട്ട് പോയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. സ്റ്റേഡിയം വന്നാൽ കുമ്മിൾ ഗവ. എച്ച്എസ്എസ്, മങ്കാട് ഗവ. യുപിഎസ്, വെങ്കിട്ടക്കുഴി, തച്ചോണം, തൃക്കണ്ണാപുരം എൽപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കളിസ്ഥലമാകും. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ നാടക മത്സരങ്ങളടക്കമുള്ള കലാ പ്രവർത്തനങ്ങൾക്കും വേദിയാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ