കടയ്ക്കല്‍: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്ബോള്‍, തീരത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത് തങ്ങളുടെ ജീവിതത്തെയാണ് കവരുന്നതെന്ന് മനസ്സിലാക്കി സമരത്തിനിറങ്ങിയവരാണ് തിരുവനന്തപുരത്തെ തീരവാസികള്‍.
അവരെപ്പോലെ തന്നെ തുറമുഖ നിര്‍മാണം ദുരിതത്തിലാക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരാകട്ടെ തീരവുമായി ഒരു ബന്ധവുമില്ലാത്ത മലയോരവാസികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ആവശ്യമായ ലക്ഷക്കണക്കിന് ടണ്‍ പാറ കൊല്ലം ജില്ലയില്‍ നിന്നാണ് ഖനനം ചെയ്യുന്നത്. ഖനനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പാറ കൊണ്ടുപോകുന്നതിലെ അപകടാവസ്ഥകളുമാണ് മലയോര മേഖലയേയയും ദുരിതത്തിലാക്കിയിരിക്കുന്നത്.
വിഴിഞ്ഞം കടല്‍ നികത്താന്‍ കടയ്ക്കലിലെ പാറകള്‍
ചെറുകിട പാറ ക്വാറികളും വിരലിലെണ്ണാവുന്ന ക്രഷറുകളും മാത്രം പ്രവര്‍ത്തിച്ചിരുന്ന കടയ്ക്കല്‍ മേഖലയില്‍ വന്‍കിട ഗ്രൂപ്പിന്റെ വരവോടെയാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നത്. കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന കടയ്ക്കല്‍, കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ പാറമലകളിലായി ക്വാറി മാഫിയയുടെ ശ്രദ്ധ.
വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വലിയ അളവില്‍ പാറ വേണമെന്ന സ്ഥിതി വന്നതോടെ ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്നതാണെങ്കിലും അറുപത് കിലോമീറ്റര്‍ മാത്രം ദൂരത്തിലും വേഗത്തിലും പാറ എത്തിക്കാന്‍ കഴിയുന്ന ഇടമായതിനാല്‍ കടയ്ക്കല്‍ മേഖലയിലെ പാറമലകള്‍ വിഴിഞ്ഞം പദ്ധതിക്കായി ഖനനം തുടങ്ങുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിക്ക് വേഗത്തില്‍ പാറ വേണ്ടതിനാല്‍ ക്വാറികളുടെ അനുമതിയടക്കം വേഗത്തിലായി.
ലോറി കയറുന്നത് മുരികക്കോട്ട് കുന്ന് മുതല്‍ കൊണ്ടോടി മല വരെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനായി 65 ലക്ഷം ടണ്‍ പാറ ഖനനം നടത്താനാണ് അനുവാദം ലഭിച്ചിരുന്നത്. പറക്കായി രണ്ട് ദേശങ്ങള്‍ തന്നെ യാതൊരെതിര്‍പ്പും കൂടാതെയാണ് പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുകൊടുത്തത്. മുരികക്കോട്ട് കുന്നിലെ 97/1,78/6,76/1,97/1,76/1 എന്നീ സര്‍വേ നമ്ബറുകളില്‍ ഖനനത്തിനാണ് ടെസ്ന മൈന്‍സിന് എന്‍.ഒ.സി നല്‍കിയത്. ഈ പാറക്കുമുകളില്‍ അഞ്ചേക്കറോളം കൃഷി ഭൂമി നിലവിലുണ്ട്.
ഇതിന്‍റെ സ്വാഭാവിക പിന്‍ബലമായി നിലകൊള്ളുന്ന ഈ കുന്നില്‍ പാറഖനനം നടത്തിയാല്‍ അത് മുഴുവനായും പെരുമഴകളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. മുമ്ബ് ഈ പാറയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ക്വാറി കോടതി ഉത്തരവ് മുഖാന്തരം നിര്‍ത്തിെവച്ചതാണ്. എന്നിട്ടും ഇപ്പോള്‍ ഇവിടെ ഖനനാനുമതി ലഭിച്ചു.
രണ്ട് ക്വാറികളും ഒരു ക്രഷറും പ്രവര്‍ത്തിച്ചിരുന്ന കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി മലയിലെ അമ്ബതേക്കറിലേറെ ഭൂമിയിലാണ് ഖനനം നടത്തുന്നത്. വിഴിഞ്ഞത്തിനായി പാറ വന്‍തോതിലാവശ്യം വന്നതോടെയാണ് ഇവിടെ പുതിയ പേരില്‍ കമ്ബനി രൂപവത്കരിച്ച് ഖനനത്തിനിറങ്ങിയത്. ഇവിടങ്ങളില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം അനുസ്യൂതം തുടരുകയാണ്.
രാപകല്‍ വ്യത്യാസമില്ലാതെ ദിനംപ്രതി നാനൂറിലധികം ലോഡ് പാറയാണ് വിഴിഞ്ഞത്തേക്ക് പോകുന്നത്. െപാലീസാണെങ്കില്‍ 'വിഴിഞ്ഞം പോര്‍ട്ട്' എന്ന് രേഖപ്പെടുത്തിയ ലോറികള്‍ക്ക് പിഴ ചുമത്താനും തയാറാകുന്നില്ല. അതിനാല്‍തന്നെ ഈ മേഖലകളില്‍ അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്. ഖനനത്തിന്റെ പാരസ്ഥിതിക പ്രശ്നങ്ങള്‍ക്കപ്പുറം നാട്ടുകാര്‍ക്കിപ്പോള്‍ പതിവ് തലവേദന പാറ കയറ്റിപ്പോകുന്ന ടിപ്പറുകളാണ്. വിഴിഞ്ഞം ബോര്‍ഡ് വെച്ച് മറ്റ് ആവശ്യങ്ങള്‍ക്കും പാറ കൊണ്ടുപോകുന്നുമുണ്ട്.
നിയമം കാറ്റില്‍ പറത്തിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍
ഓരോ ദിവസവും ക്വാറികളില്‍ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമാണ് നിയമപ്രകാരം അനുവദിക്കേണ്ടത്. ഭാരത്തിനും നിയന്ത്രണമുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന്, വാഹനത്തിന്റെ ബോഡിക്കു മുകളിലായി കൂറ്റന്‍പാറ കയറ്റിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് വശത്ത് താമസിക്കുന്നവരും യാത്രക്കാരും ഏതു നിമിഷവും വന്‍ അപകടം സംഭവിക്കാമെന്ന ഭയപ്പാടിലാണ്. നാട്ടുകാര്‍ക്ക് വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥ കൂടി വന്നിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഇതൊന്നും കണ്ട മട്ടില്ല.
കുമ്മിള്‍-മുക്കുന്നം-കിളിമാനൂര്‍ റോഡ് വഴിയുള്ള ടോറസ് വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലം കലക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഐരക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പര്‍ ലോറിയുടെ അമിത വേഗമായിരുന്നു.
സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ഓടുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറേയില്ല. കണ്‍സ്ട്രക്ഷന്‍ കമ്ബനികളാകട്ടെ ലൈസന്‍സ് പോലുമില്ലാത്ത നിര്‍മാണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് ടിപ്പറുകള്‍ ഓടിക്കുന്നത്. ഇവ അമിത ലോഡുമായി സഞ്ചരിക്കുന്നത് മൂലം റോഡുകള്‍ തകരുന്നതിനെതിരെ നാട്ടുകാര്‍ നേരേത്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ക്രഷര്‍കമ്ബനികള്‍ തന്നെ പൊതു റോഡുകള്‍ നവീകരിച്ചിരുന്നു. പിന്നീട് ഈ റോഡുകളിലൂടെ അമിത വേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം.
മുക്കുന്നം കല്ലുതേരിയില്‍ അമിത ലോഡുമായി പോകുന്നതിനിടയില്‍ കൂറ്റന്‍പാറ പുറത്തേക്ക് വീണ സംഭവമുണ്ടായി. പരാതി നല്‍കലും വഴി തടയലുമടക്കമുള്ള സമരങ്ങളുമായി നാട്ടുകാര്‍ വിവിധ ഘട്ടങ്ങളിലായി രംഗത്തുവന്നെങ്കിലും ടിപ്പറുകള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ