നിലമേല്‍: കൊവിഡ് ബാധിച്ച് കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചെന്ന് തെറ്റായ സന്ദേശം നല്‍കിയത് ബന്ധുക്കളെ ആശങ്കയിലാക്കി. ചടയമംഗലം, നിലമേല്‍ സ്വദേശിയായ 55കാരി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പ്രചരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ രോഗി മരിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം നല്‍കുകയായിരുന്നു. ഈസ്റ്റ് പൊലീസ് ചടയമംഗലം സ്റ്റേഷനില്‍ വിവരം അറിയിച്ചു. അവര്‍ നിലമേല്‍ പഞ്ചായത്ത് അധികൃതരെയും പൗരസമിതി പ്രവര്‍ത്തകനായ ബിനുവിനെയും അറിയിച്ചു. ബിനുവാണ് ബന്ധുക്കളെ വിവരം ധരിപ്പിച്ചത്. നിലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം റാഫിയും, മരണപ്പെട്ടെന്ന് അറിയിച്ച വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവ് ഷംനാദും നിലമേല്‍ പഞ്ചായത്തില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള കത്തു വാങ്ങി ജില്ലാ ആശുപത്രിയിലെത്തി. വീടിനടുത്തുള്ള നിലമേല്‍ മുസ്ലിം ജമാഅത്തില്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് മൃതദേഹം സംസ്കരിക്കാനുള്ള മുന്നൊരുക്കം നടത്തിയ ശേഷമാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണവുമായി ഇവരെത്തിയത്. അപ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്ന് വ്യക്തമായത്. മേയ് 20ന് മൃതദേഹം മാറി നല്‍കിയ സംഭവവും ജില്ലാ ആശുപത്രിയിലുണ്ടായി.
പഴി ചാരി ആശുപത്രിയും പൊലീസും
രോഗി നെഗറ്റീവായത് ബന്ധുക്കളെ അറിയിക്കണമെന്ന സന്ദേശമാണ് ഈസ്റ്റ് പൊലീസിന് നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിവരം തെറ്റായി മനസിലാക്കിയ ഈസ്റ്റ് പൊലീസാണ് സന്ദേശം തെറ്റായി കൈമാറിയതെന്നാണ് ആരോപണം. എന്നാല്‍ ഈസ്റ്റ് പൊലീസ് ഇത് തള്ളിക്കളഞ്ഞു. വിവാദമായപ്പോള്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തിയതാണെന്നാണ് പൊലീസിന്റെ വാദം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ