കടയ്ക്കല്‍: രാത്രിയില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്രസിദ്ധ മോഷ്ടാവിന്റെ മകന്‍ ഉള്‍പ്പടെ രണ്ടു മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം ജവഹര്‍ ജംഗ്ഷന്‍ സ്വാദേശി മുഹമ്മദ് താരീഖ്, കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകന്‍ ചിറക്കര പാരിപള്ളി സ്വാദേശി നന്ദു വി. നായര്‍ എന്നിവരാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വെളുപ്പിന് ഒന്നരയോടെ കടക്കല്‍ ഇളമ്ബഴന്നൂര്‍ മേലെ പുത്തന്‍വീട്ടില്‍ സദ്ദാമിന്റെ വീട്ടിനുള്ളില്‍ കാര്‍ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കൃത്രിമ താക്കോല്‍ ഇട്ട് തുറക്കാന്‍ ശ്രമിക്കുന്നത് അയല്‍വാസിയായ യുവാവിന്റെ ശ്രദ്ധയില്‍ പെടുകയും വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് വീട്ടിനുള്ളില്‍ വച്ചുതന്നെ മോഷ്ടാക്കളില്‍ ഒരാളായ മുഹമ്മദ് താരീഖിനെ പിടികൂടുകയുമായിരുന്നു.
കൂടെ ഉണ്ടായിരുന്ന നന്ദു ഓടി രക്ഷപ്പെടുകയായിരുന്നു. കടയ്ക്കല്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെട്ട നന്ദുവിനെ ചടയമംഗലത്തെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടു പേര്‍ക്കുമെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളും പിടിച്ചുപറി കേസുകളും ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. മോഷണക്കേസില്‍ മാവേലിക്കര ജയിലില്‍ കഴിയുകയായിരുന്ന മുഹമ്മദ് താരിഖിനെ കഴിഞ്ഞ ബുധനാഴ്ചയാണ് മോഷ്ടാവായ നന്ദു ജാമ്യത്തിലിറക്കിയത്. തുടര്‍ന്നാണ് രണ്ടുപേരും ചേര്‍ന്ന് മോഷണം നടത്താന്‍ തീരുമാനിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ