Responsive Ad Slot

Slider

മണ്ഡല പരിചയം; 'ഇടത്തോട്' ചാഞ്ഞ ചടയമംഗലം

കൊല്ലം ജില്ലയെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാക്കുന്ന ഒരു ഭാഗമാണ് ചടയമംഗലവും. സിപിഐയുടെ ഉറച്ച സീറ്റുകളിലൊന്ന്. 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ കണ്ട ചടയമംഗലം 1

 

വെളിയം ഭാർഗവനിൽ തുടങ്ങുന്നതാണ് ചടയമംഗലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം

കൊല്ലം ജില്ലയെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാക്കുന്ന ഒരു ഭാഗമാണ് ചടയമംഗലവും. സിപിഐയുടെ ഉറച്ച സീറ്റുകളിലൊന്ന്. 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ കണ്ട ചടയമംഗലം 12 തവണയും സിപിഐ സ്ഥാനാർഥികളെ തന്നെ വിജയിപ്പിച്ച് നിയമസഭയിൽ എത്തിച്ചു.

വെളിയം ഭാർഗവനിൽ തുടങ്ങുന്നതാണ് ചടയമംഗലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. ഏറ്റവും ഒടുവിൽ മുല്ലക്കര രത്നകരന്റെ ഹാട്രിക് വിജയം വരെ എത്തിനിൽക്കുമ്പോൾ ചടയമംഗലം അടിവരയിടുന്നു, എന്നും ഇടതിനൊപ്പമെന്നും ചെങ്കോട്ടയായി തുടരുമെന്നും.

തിരഞ്ഞെടുപ്പ് ചരിത്രം

1957ലെ പ്രഥമ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ എക്കാലത്തെയും മികച്ച നേതാക്കന്മാരിൽ ഒരാളായ വെളിയം ഭാർഗവനാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1960ലും ഭാർഗവൻ വിജയം ആവർത്തിച്ചു. 1967ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഡി.ഡി പോറ്റിയാണ് ജയിക്കുന്നത്. 1970ൽ എം.എൻ ഗോവിന്ദൻ നായരും 1977ലും 1980ലും ഇ ചന്ദ്രശേഖരൻ നായരും മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 15 വർഷം കെ.ആർ ചന്ദ്രമോഹനും പത്താം നിയമസഭയിൽ ആർ ലളിത ദേവിയും നിയമസഭയിലെത്തി. 2001ൽ കോൺഗ്രസ് ചടയമംഗലത്ത് ചരിത്രം തിരുത്തി. പ്രയാർ ഗോപാലകൃഷ്ണനാണ് കോൺഗ്രസിനുവേണ്ടി ആദ്യമായി ചടയമംഗലത്ത് വിജയിക്കുന്നത്. എന്നാൽ 2006ൽ മുല്ലക്കര രത്നാകരനെ ഇറക്കിയാണ് സിപിഐ മണ്ഡലം തിരികെ പിടിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയം ആഴർത്തിച്ചു.

2016ലെ തിരഞ്ഞെടുപ്പ്

മൂന്നാം അങ്കത്തിനിറങ്ങുമ്പോഴും ചടയമംഗലം മുല്ലക്കര രത്നാകരനൊപ്പം നിന്ന കാഴ്ചയായിരുന്നു കഴിഞ്ഞ തവണ കണ്ടത്. വോട്ട് വിഹിതം കുറഞ്ഞെങ്കിലും വലിയ മാർജിനിൽ തന്നെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എം.എം ഹസനെ പരാജയപ്പെടുത്തിയാണ് മുല്ലക്കര നിയമസഭയിലെത്തിയത്. 21,928 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുല്ലക്കര നേടിയത്. ബിജെപി വോട്ട് വിഹിതത്തിൽ പത്ത് ശതമാനം വർധനവും നേടി.

കരുത്തരായ നേതാക്കൾ

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വെളിയം ഭാർഗവനുള്ള സ്ഥാനം വലുതാണ്. അദ്ദേഹം രണ്ട് തവണ മത്സരിച്ച മണ്ഡലമെന്ന പ്രത്യേകത ചടയമംഗലത്തിനുണ്ട്. എം.എന്‍.ഗോവിന്ദന്‍ നായരും ഇ.ചന്ദ്രശേഖരന്‍ നായരും മുല്ലക്കര രത്‌നാകരനും സംസ്ഥാന മന്ത്രിമാരായും മികവ് പുലര്‍ത്തി. പി.എസ്.പി.യിലെ ഡി.ദാമോദരന്‍ പോറ്റി സ്പീക്കറായി തിളങ്ങിയതും ചടയമംഗലത്തിന്റെ പ്രതിനിധിയായാണ്.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചിഞ്ചുറാണി

മൂന്ന് ടേം പൂർത്തിയാക്കിയ മുല്ലക്കര രത്നാകരന് മണ്ഡലത്തിൽ പിൻഗാമിയെ കണ്ടെത്താൻ സിപിഐയ്ക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാതിരുന്ന ചടയമംഗലത്ത് സ്ഥാനാർഥി ആലോചനകളിൽ തന്നെ കല്ലുകടി വ്യക്തമായിരുന്നു. വനിതാ സ്ഥാനാർഥി എന്ന നിലപാടിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിന്നതാണ് തിരിച്ചടിയായത്. പ്രാദേശിക തലത്തിൽ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന വികാരം മറികടന്നാണ്, അവരുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെയാണ് ചിഞ്ചുറാണി സ്ഥാനാർഥിയാകുന്നത്. സ്ഥാനാർഥിത്വത്തിലെ അനിശ്ചിതത്വം വോട്ടിങ്ങിൽ തിരിച്ചടിയാകില്ലെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. സർക്കാരിന്രെ വികസന-ജനക്ഷേമ നടപടികൾ തന്നെയാണ് ഇവിടെയും മുഖ്യ പ്രചരണ വിഷയം.

എം.എം നസീർ യുഡിഎഫ് സ്ഥാനാർഥി

ഇടതു കോട്ട പിടിച്ചെടുക്കുക എന്ന ഉത്തരവാദിത്വത്തോടെ ഇത്തവണ യുഡിഎഫ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നത് എം.എം നസീറിനെയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളാണ് യുഡിഎഫ് മണ്ഡലത്തിൽ ഉയർത്തി കാട്ടുന്നത്.

മണ്ഡല സ്ഥിതി വിവരം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചടയമംഗലം നിയമസഭാമണ്ഡലം. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് ചടയമഗംലം മണ്ഡലത്തില്‍ ആകെ 192594 വോട്ടര്‍മാരാണുള്ളത്. അതില്‍ 89845 പുരുഷന്മാരും 102749 സ്ത്രീകളുമാണ്.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com