കിളിമാനൂർ: സുഹൃത്തിൻ്റെ കാർ യാത്രക്കായി വാങ്ങിയ ശേഷം വ്യാജ രേഖയുണ്ടാക്കി വില്പന നടത്തിയ 3 അംഗ സംഘത്തെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരത്തുമുക്ക്, കുറിയേടത്തുകോണം, തോപ്പിൽ ഹൗസിൽ ഷിജു കരീം (31), ചെങ്കിക്കുന്ന്, കായാട്ടുകോണം, ചരുവിള പുത്തൻവീട്ടിൽ കണ്ണനെന്നു വിളിക്കുന്ന ജ്യോതിഷ് കൃഷ്ണൻ (26), ചെങ്കിക്കുന്ന്, മൊട്ടലുവിള, മേടയിൽ വീട്ടിൽ ബിജു റഹ്മാൻ (38) എന്നിവരെയാണ് കിളിമാനൂർ ഐഎസ്എച്ച്ഒ കെ.ബി.മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മഞ്ഞപ്പാറ വട്ടത്താമരകോണത്ത് പുത്തൻവീട്ടിൽ സിദ്ധിഖ് തൻ്റെ കാർ സുഹൃത്തുക്കൾ ചേർന്ന് തട്ടിയെടുത്തതായി കാട്ടി കിളിമാനൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിദ്ധിഖിൻ്റെ സുഹൃത്തായ ബിജു റഹ്മാൻ ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് മാസം മുമ്പ് ഇയാളുടെ സുഹൃത്തായ ഷിജു കരീമിൻ്റ മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുള്ള ആവശ്യത്തിനായി KL-16- R-6379 മാരുതി ആൾട്ടോ കാർ വാങ്ങിയ ശേഷം പ്രതികളായ മൂവരും ചേർന്ന് കാറിൻ്റെ ആർസി ബുക്കും ഉടമയുടെ പേരിലുള്ള ആധാർ കാർഡും മറ്റ് രേഖകളും ഒർജിനലെന്നു തോന്നിക്കും വിധം വ്യാജമായി നിർമ്മിച്ച് വർക്കല സ്വദേശിയായ മറ്റൊരാൾക്ക് വില്പന നടത്തുകയായിരുന്നു.
വ്യാജരേഖയോടൊപ്പം കാർ വർക്കലയിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടിയ ശേഷം സൈബർ സെൽ വിദഗ്ധൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വ്യാജരേഖ നിർമ്മിക്കാനുപയോഗിച്ചിരുന്ന ലാപ് ടോപ്പ്, ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, പെൺഡ്രൈവ് തുടങ്ങിയവ ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. സമാന രീതിയിൽ മറ്റു ചില വാഹനങ്ങളും വില്പന നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായും ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ