കൊല്ലം: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, വിക്‌ടോറിയ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളേജ്(പാലത്തറ ബ്ലോക്ക്), പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.
ഇതുകൂടാതെ ജില്ലയില്‍ തുടര്‍ഘട്ടങ്ങളില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനായും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചുമതലയുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍ അതത് ആരോഗ്യ ബ്ലോക്കുകളുടെ മേല്‍നോട്ട ചുമതല വഹിക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കും.
കോവിഡ് വാക്സിന്‍ എത്തുന്ന മുറയ്ക്ക് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കി. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തി. കോവിഡ് വാക്സിനേഷനായി ഇതുവരെ 22,006 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ