കടയ്ക്കല്‍: കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആധുനിക ക്രിമറ്റോറിയം നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 2020 ഒക്ടോബര്‍ 28 ബുധനാഴ്ച വൈകിട്ട് 3 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പി. ആര്‍. പുഷ്കരന്‍ നിര്‍വ്വഹിച്ചു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അരുണാദേവി അദ്ധ്യക്ഷയായ ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. എസ്. ബിജു സ്വാഗതം പറഞ്ഞു. രാജ്യത്തെ മികച്ച രണ്ടാമത്തെ പൊതുശൌചാലയത്തിനുള്ള ദേശീയ പുരസ്കാരത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ വികസന പാതയിലെ നാഴികക്കല്ലാകുന്ന മറ്റൊരു ബൃഹദ് പദ്ധതിയാണ് ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വിഹിതം 45 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതം 50 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതം 15 ലക്ഷം രൂപയും ഉള്‍പ്പെടെ 1 കോടി 10 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ടി പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി സിഡ്കോ ആണ്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഇ. രമാദേവി ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ആര്‍. ലത, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എം. ഷാജഹാന്‍, ശ്യാമള സോമരാജന്‍, അഡ്വ. അശോക്. ആര്‍. നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ലില്ലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വിക്രമന്‍ പിള്ള നന്ദി പറഞ്ഞു. ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചു ചടങ്ങില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ