കൊല്ലം: ഏത് സാഹചര്യത്തിലും ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാനിടയാകരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഴീക്കല്‍ ഹാര്‍ബറില്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് ഇന്നലെ അനുമതി നല്‍കിയിരുന്നു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും നടന്നുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് സൂപ്രണ്ടുമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
കോവിഡ് പോസിറ്റീവ് കേസുകള്‍ ഏറി വരുന്ന ആലപ്പാട് മേഖലയില്‍ ഏറ്റെടുത്തിട്ടുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ മതിയായ സംവിധാനങ്ങളൊരുക്കാനും നിര്‍ദേശിച്ചു. കൊല്ലം നഗരത്തിലെയും റൂറലിലേയും രോഗവ്യാപനത്തെ സംബന്ധിച്ച് സിറ്റി-റൂറല്‍ പോലീസ് മേധാവികളുടെ റിപോര്‍ട്ടുകള്‍ യോഗം വിലയിരുത്തി. കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മാതൃകയാവണമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരക്ഷിത കുടുംബ കൂട്ടായ്മകള്‍(സി സി ജി) കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വ്വകക്ഷിയോഗങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും സി സി ജി യുടെ ചുമതലയുള്ള ആര്‍ ഡി ഒ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. ഹാര്‍ബറുകളിലെ മാലിന്യ നിക്ഷേപം അടക്കമുള്ള വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജോയിന്റ് ആര്‍ ടി ഒ, കോര്‍പ്പറേഷന്‍ സെക്രട്ടറി, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ