കുമ്മിൾ: ലോക കയ്യെഴുത്തു മത്സരത്തിൽ കുമ്മിൾ സ്വദേശി മോഹനൻ നായർക്ക് ഒന്നാം സ്ഥാനം. കയ്യെഴുത്തിന്റെ മാന്ത്രികനാണ് മോഹനൻ നായർ. അത് സാധാരണ കയ്യെഴുത്തോ Cursive Writing എന്നു വിളിക്കുന്ന കൂട്ടെഴുത്തോ കലാപരമായ എഴുത്തോ ആയിക്കോട്ടെ മോഹനന്റെ അക്ഷരങ്ങളുടെ ഒഴുക്കും തുടിപ്പും ചാരുതയും കണ്ട് ‘ആരാകിലെന്ത് മിഴിയുള്ളവർ’ നിന്നുപോകും.
ഒടുവിലിതാ തന്റെ കഴിവിനൊത്ത അംഗീകാരം തന്നെ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. ലോക കയ്യെഴുത്ത് മത്സരത്തിൽ ജേതാവായിരിക്കുകയാണ് ശ്രീ. മോഹനൻ നായർ. ഇരുപതിനും അറുപതിനുമിടയിൽ പ്രായമുള്ളവരുടെ അന്താരാഷ്ട്ര കയ്യെഴുത്ത് മത്സരത്തിലാണ് മോഹനൻ നായർക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.
ജന്മനാ ഇടം കയ്യനായിരുന്നു മോഹനൻ. അഞ്ചാം വയസ്സിൽ സ്കൂളിൽ ചേർന്ന ഇടം കയ്യനായ മോഹനനെ കൂട്ടുകാർ വല്ലാതെ കളിയാക്കി. അതാ കുഞ്ഞുമനസ്സിനു താങ്ങാനായില്ല. തുടർന്ന് ഒരുകൊല്ലം വീട്ടിൽ തന്നെയിരുന്ന് വലം കൈയ്യെഴുത്ത് പരിശീലിക്കുകയായിരുന്നു. നന്നായെഴുതുമായിരുന്ന അച്ഛൻ മകനു തുണയായി. തിരികെ സ്കൂളിലെത്തുമ്പൊഴേക്കും നാലാം ക്ലാസ്സിലെ ചേട്ടന്മാരെക്കാൾ മികവോടെ അക്ഷരങ്ങളെഴുതാൻ മോഹനൻ പരിശീലിച്ചിരുന്നു. അങ്ങനെ മോഹനന്റെ അക്ഷരകലാസാധനയ്ക്ക് അച്ഛനോടും കളിയാക്കി വീട്ടിലിരുത്തിയ ഒന്നാം ക്ലാസ്സിലെ കൂട്ടുകാരോടും കടപ്പാട്.
2001 ലാണ് ഇദ്ദേഹം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനാകുന്നത്. അതിനുമുമ്പ് ഏഴുകൊല്ലത്തോളം പാലക്കാട് ജില്ലാ കോടതിയിൽ ഗുമസ്ഥനായിരുന്നു. മനോഹരമായ കയ്യക്ഷരവും ഫയലെഴുത്തിലെ മികവും മോഹനന് പുതുസാധ്യതകൾ തുറന്നുനൽകി. കഴിഞ്ഞ ചില വർഷങ്ങളായി കെ എസ് ഇ ബി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗവും മറ്റ് ഉന്നതതല യോഗങ്ങളും മിനിട്ട് ബുക്കിൽ രേഖപ്പെടുത്തുന്നത് മോഹനന്റെ ചുമതലയാണ്. തന്റെ കയ്യെഴുത്തിന് സി എം ഡിയുൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ നൽകിയ പ്രോത്സാഹനവും പ്രശംസയും മനസ്സിന്റെ ആൽബത്തിൽ മോഹനൻ താലോലിക്കുന്നു.
ഇതിന് മുമ്പും ശിൽപ്പചാരുതയുള്ള കയ്യെഴുത്തിന് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2013ൽ ന്യൂയോർക്ക് കേന്ദ്രമാക്കി നടന്ന Handwriting for Humanity എന്ന അന്തർദ്ദേശീയ കയ്യെഴുത്ത് മത്സരത്തിൽ മോഹനന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കെ എസ് ഇ ബിയുടെ ‘ഭരണഭാഷ മാതൃഭാഷ’ പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ ഫയലെഴുത്ത് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതും ‘അമ്മയ്ക്കൊരു കത്ത്’ എന്ന വിഷയത്തിൽ തലസ്ഥാനത്തെ ഒരു പ്രമുഖ വസ്ത്രാലയം നടത്തിയ സംസ്ഥാനതല കത്തെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയതുമൊക്കെ ഈ രംഗത്തെ അംഗീകാരങ്ങളിൽ ചിലതു മാത്രം.
കേവലം കയ്യെഴുത്തിലൊതുങ്ങുന്നില്ല മോഹനന്റെ കൗതുകം. ലോകമെമ്പാടും നിന്നുള്ള സവിശേഷമായ പേനകളുടെയും മഷികളുടെയും ഗംഭീരശേഖരം മോഹനന് സ്വന്തമായുണ്ട്. രണ്ട് രൂപമുതൽ പതിനായിരം രൂപ വരെ വിലവരുന്ന 1500 ലേറെ പേനകളും പത്തു മുതൽ മൂവായിരം രൂപവരെ വിലയുള്ള മഷികളും കാട്രിഡ്ജുകളുമുണ്ട് ഈ ശേഖരത്തിൽ. ഇതിനൊക്കെ പുറമേ രണ്ടായിരത്തോളം സാഹിത്യപുസ്തകങ്ങളും സർവ്വീസ് ഗ്രന്ഥങ്ങളുമുൾപ്പെടുന്ന ലൈബ്രറിയും ആയിരക്കണക്കിന് ശാസ്ത്രീയ-ലളിതസംഗീത സിഡികളുടെ ശേഖരവും ഇദ്ദേഹത്തിനുണ്ട്.
ഗണിതത്തിൽ ബിരുദാനന്തര ബിരുദധാരിയായ മോഹനൻ ഇപ്പോൾ തിരുവനതപുരം വൈദ്യുതിഭവനത്തിൽ കമ്പനി സെക്രട്ടേറിയറ്റിൽ സിനിയർ സൂപ്രണ്ടാണ്. തിരുവനന്തപുരത്ത് നാലാഞ്ചിറയിലാണ് താമസം. ഭാര്യ ബിനി യു പി സ്കൂൾ ടീച്ചറാണ്. മക്കൾ, അദ്വൈതയും അഥർവും.
മോഹനന്റെ അക്ഷരകലാസപര്യ തുടരുന്നു. ആ അക്ഷരങ്ങൾ കടലാസ്സിൽ നിന്ന് വായനക്കാരന്റെ മനസ്സിലേക്ക് ചിറകടിച്ചുയരുന്നു.
റിപ്പോർട്ട്: കുമ്മിൾ ന്യൂസ്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ