ചടയമംഗലം/കടയ്ക്കൽ: ചടയമംഗലം ചിങ്ങേലി റോഡിന്റെ പരാതികൾ ഉയരുന്നുവരുന്ന ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി എംഎൽഎ രംഗത്തെത്തിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കുറേക്കാലമായി മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്ന ഒരു കാര്യമാണിത്. രാഷ്ട്രീയനേട്ടത്തിനായി വിമർശനമുന്നയിക്കുന്നവർ മാത്രമല്ല നമ്മുടെ മണ്ഡലത്തിലെ ഓരോ സാധാരണക്കാരനും ഈ ചോദ്യം നേരിട്ടും അല്ലാതെയും ചോദിക്കുന്നുണ്ടായിരുന്നു എന്നത് വാസ്തവമാണ്. ഒറ്റയടിക്ക് പരിഹാരം കാണാൻ സാധിക്കാത്ത ചില പ്രശ്നങ്ങളും കുരുക്കുകളും ഭരണപരമായ കാര്യങ്ങളിൽ പലപ്പോഴും വന്ന് ചേരാറുണ്ട്. അത്തരമൊന്നാണ് ഈ റോഡിന്റെ കാര്യത്തിലും സംഭവിച്ചത്.
2016-17 സാമ്പത്തിക വർഷത്തിലാണ് പാങ്ങോട്-കടയ്ക്കൽ, ചിങ്ങേലി-ചടയമംഗലം എന്നീ റോഡുകൾ ഉൾപ്പെട്ട നവീകരണ പദ്ധതി കിഫ്ബി ഏറ്റെടുക്കുന്നത്. 2018ൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും ചിങ്ങേലി-ചടയമംഗലം റോഡിൽ ഉൾപ്പെട്ടു വരുന്ന ചിതറ കുടിവെളള പദ്ധതി സമാന്തരമായി അനുവദിച്ചത് ഈ ഭാഗത്തെ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ മുടങ്ങാൻ കാരണമായി. 2019 സെപ്റ്റംബറിൽ പൂർത്തീകരിക്കേണ്ടിയിരുന്ന കുടിവെള്ള പദ്ധതിയ്ക്ക് സമയം നീട്ടിനൽകിയതോടെ ചടയമംഗലം – ചിങ്ങേലി റോഡിന്റെ ടാറിംഗ് മറ്റൊരു പദ്ധതിയാക്കാൻ കിഫ്ബി തീരുമാനിച്ചു. വാട്ടർ അതോറിറ്റിയുടെ നിർമ്മാണപ്രവർത്തികൾ റോഡിന്റെ നിരപ്പിലും മറ്റുമുണ്ടാക്കിയ വ്യത്യാസങ്ങൾ പരിഹരിക്കാൻ അടങ്കൽ തുക മതിയാകില്ല എന്ന കരാറുകാരന്റെ വാദവും ഇതിന് കാരണമായി. എന്നാൽ കിഫ്ബി പദ്ധതി പുതിയതായി അനുവദിക്കുന്നത് വലിയ കാലതാമസമുണ്ടാക്കും എന്നതിനാൽ ധനമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ട് ഈ റോഡിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ ധാരണയാക്കുകയുണ്ടായി. ഇതിനായി പുതിയ ഫണ്ട് സർക്കാരിൽ നിന്നും അനുവദിക്കാൻ കാലതാമസമുണ്ടാകും എന്നതിനാൽ ചടയമംഗലം-ചിങ്ങേലി റോഡിലെ 6 കിലോമീറ്റർ ദൂരം പൂർത്തീകരിക്കുന്നതിന് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.44 കോടി രൂപ അനുവദിക്കുകയും ചെയ്തു.
എം ജി സ്കൂളിന്റെ മതിൽ നിർമ്മാണം നടക്കുന്നതിനിടെ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായത്ത് ആരുടെയും കുറ്റം കൊണ്ടല്ല. ആ മതിലിന്റെ പണി റോഡ് അടച്ചിട്ട് പെട്ടെന്ന് പൂർത്തിയാക്കാൻ ചിലരുടെ പ്രതിഷേധം കൊണ്ട് സാധിച്ചില്ല. ആ മതിൽ കാണുന്നവർക്കറിയാം അത്രയും ഉയരത്തിലുള്ള മതിൽ വാഹനഗതാഗതം നടക്കുന്ന ഒരു റോഡിന്റെ വശത്ത് പണിതീർക്കാനുള്ള ബുദ്ധിമുട്ട്. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കരുത് എന്ന അഭ്യർത്ഥനയുണ്ട്. അതേസമയം പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും ചെയ്യുന്നു.
പാങ്ങോട്-കടയ്ക്കൽ-ചിങ്ങേലി-ചടയമംഗലം റോഡ് നവീകരണം
കിഫ്ബി പദ്ധതി നാൾവഴികൾ
===============================================
പാങ്ങോട്-കടയ്ക്കൽ, ചിങ്ങേലി-ചടയമംഗലം എന്നീ 2 റോഡുകൾ ഉൾപ്പെട്ട റോഡ് നവീകരണ പദ്ധതി 2016-17 കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തു.
1. 19-09-2017-ലെ 1/76/2017/KIFB നമ്പർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ചു. തുക : 27.80 കോടി
2. 11-12-2017-ലെ 1KLM/2017/18//8818 ഉത്തരവ് പ്രകാരം ഈ പ്രവൃത്തിക്ക് 26.89 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു.
3. 19-05-2018-ലെ D1-44/KIFB/2018 നമ്പർ പ്രകാരമുളള ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് No.9/PWD-004/17/PD/PMU-KRFB/2018 പ്രകാരം അംഗീകരിക്കപ്പെട്ട ധാരണപത്രപ്രകാരം അക്ഷയ ബിൽഡേഴ്സ്, മൂവാറ്റുപുഴ പ്രവർത്തി ഏറ്റെടുത്തു. കരാർ തുക :-23,46,62,220/- രൂപ
4. 26-05-2018-ൽ നിർമ്മാണ പ്രവർത്തികൾക്കായി പ്രസ്തുത റോഡുകൾ PWD കരാർ കമ്പനിക്ക് കൈമാറി. 18-മാസക്കാലാവധി നിശ്ചയിച്ചു.
5. 2018 ജൂലൈ 18ന് കുമ്മിൾ ചേർന്ന യോഗത്തിൽ വച്ച് പ്രവർത്തി ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.
6. 2018 നവംബറിൽ റവന്യൂ-സർവ്വെ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത ടീം റോഡ് സർവ്വെ പൂർത്തീകരിച്ചു.
7. പാങ്ങോട്-കടയ്ക്കൽ റോഡിലെ നിർമ്മാണ പ്രവർത്തികൾ 2018 നവംബറിൽ ആരംഭിച്ചു.
8. ചിങ്ങേലി-ചടയമംഗലം റോഡിൽ ഉൾപ്പെട്ടു വരുന്ന ചിതറ കുടിവെളള പദ്ധതി (8.36 കോടി രൂപ) യുടെ പ്രവർത്തിക്ക് 2018 ഡിസംബറിൽ ഭരണാനുമതി ലഭിച്ചു.
9. ചിങ്ങേലി-ചടയമംഗലം റോഡിൽ ഉൾപ്പെട്ടു വരുന്ന ചിതറ കുടിവെളളപദ്ധതിയുടെ 8.36 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് 2019 ഫെബ്രുവരിയിൽ സാങ്കേതിക അനുമതി ലഭിച്ചു. തുടർന്ന് ചടയമംഗലം-ചിങ്ങേലി റോഡിന്റെ BM & BC പ്രവർത്തികൾ രണ്ടാം ഘട്ടമായി ചെയ്യണമെന്ന് തീരുമാനിച്ചു. കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തി 2019 സെപ്റ്റംബർ മാസം പൂർത്തീകരിക്കണമെന്ന് ഉന്നതതല യോഗത്തിൽ ധാരണയായി.
10. 2019 ജനുവരിയിൽ പാങ്ങോട്-കടയ്ക്കൽ റോഡിലെ ബി.എം. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പാങ്ങോട്-കടയ്ക്കൽ റോഡിലെ ബി.എം.പ്രവർത്തി 2019 മെയ് മാസത്തിൽ തന്നെ പൂർത്തീകരിച്ചു.
11. 27-05-2019ൽ നടന്ന പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ-ഇൻ-പ്രോഗ്രാമിൽ ഒരു വ്യക്തി ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കിഫ്ബി പ്രോജക്ട് ഡയറക്ടറുടെ No.17/PD/PMU/KRFB/137R/KLM/2017 നമ്പർ ഉത്തരവ് പ്രകാരം പ്രവർത്തി 28-05-2019ൽ നിർത്തി വച്ചു.
12. 2020 ഫെബ്രുവരി 06ന് പരാതി സംബന്ധിച്ച അന്വേഷണവും നടപടിക്രമങ്ങളും പൂർത്തീകരിച്ച് പ്രവർത്തി പുനരാരംഭിച്ചു.
13. ഈ പ്രവർത്തി പൂർത്തിയാക്കുന്നതിന് 25-05-2020 വരെ കരാർ കാലാവധി നീട്ടി നൽകുകയും പിന്നീട് ലോക്ഡൗൺ കാരണം തടസ്സം വന്ന സാഹചര്യം കണക്കിലെടുത്ത് 25-11-2020 വരെ പ്രവർത്തി പൂർത്തിയാക്കുന്നതിന് സമയക്രമം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ്.
14. പാങ്ങോട്-കടയ്ക്കൽ റോഡിലെ ബി.എം.പ്രവർത്തികളും 2 പാലങ്ങളുടെ നവീകരണത്തിൽ ഒരു പാലത്തിന്റെ നവീകരണവും, ചിങ്ങേലി മുതൽ ആൽത്തറമൂട് വരെ ബി.സി വർക്കുകളും, ചടയമംഗലം-ചിങ്ങേലി റോഡിൽ ചടയമംഗലത്ത് നിന്ന് 1.5 KM ബി.എം.വർക്കും പൂർത്തികരിച്ചിട്ടുണ്ട്. ചടയമംഗലം M.G.H.S.S. നോട് ചേർന്നുളള കൂറ്റൻ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടന്നു വരുന്നു.
15. 8.36 കോടി രൂപ വകയിരുത്തിയുളള ചിതറ കുടിവെളള പദ്ധതിയുടെ നവീകരണ പ്രവർത്തികൾ ചടയമംഗലം-ചിങ്ങേലി റോഡിലെ ചിങ്ങേലി-കോട്ടപ്പുറം-കൊച്ചാലുമ്മൂട് വരെയുളള റോഡിൽ 2019 സെപ്റ്റംബറിൽ പൂർത്തികരിക്കാൻ ലക്ഷ്യം വച്ചിരുന്നത് പൂർത്തികരിക്കാൻ കഴിയാതെ വരികയും കുടിവെളള പദ്ധതിയ്ക്ക് കൂടുതൽ സമയം അനുവദിക്കേണ്ടി വന്ന സാഹചര്യത്തിൽ കിഫ്ബി സാങ്കേതിക പരിശോധനാവിഭാഗം പരിശോധന നടത്തി.
16. 12-02-2020ൽ കൂടിയ കിഫ്ബി സാങ്കേതിക പരിശോധനാവിഭാഗം യോഗത്തിന്റെ തീരുമാനപ്രകാരം ചടയമംഗലം-ചിങ്ങേലി റോഡിൽ 6 കിലോമീറ്റർ റോഡിന്റെ BM & BC പ്രവർത്തികൾ കിഫ്ബിയുടെ നിലവിലുളള പദ്ധതിയിൽ നിന്നും ഒഴിവാക്കാനും പിന്നീട് പുതിയ പദ്ധതിയായി പരിഗണിക്കാനും തീരുമാനിച്ചു.
17. 2020 മെയ് മാസത്തിൽ വാട്ടർ അതോറിറ്റിയിൽ നിന്നും PWD-യ്ക്ക് ചടയമംഗലം-ചിങ്ങേലി റോഡ് കൈമാറിക്കൊണ്ടുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി.
18. ചടയമംഗലം-ചിങ്ങേലി റോഡിലെ 6 കിലോമീറ്റർ ദൂരം കിഫ്ബി പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തി നടപടിക്രമങ്ങൾ സ്വീകരിച്ച് നവീകരിക്കുന്നത് സാധ്യമാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസങ്ങൾ കാരണം ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന്, MLA നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2020 ജൂൺ 23-ാം തീയതി 1.44 കോടി രൂപ അനുവദിച്ചു. 6 കിലോമീറ്റർ റോഡ് നവീകരണത്തിന് PWD അടിയന്തര നടപടികൾ സ്വീകരിച്ച് വരുന്നു. ബാക്കി 13.5 കിലോമീറ്റർ ദൂരം റോഡ് കിഫ്‌ബി പദ്ധതിയിൽ അനുവദിച്ച സമയത്ത് തന്നെ പൂർത്തീകരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ