![]() |
കൊവിഡ് ബാധിതയായ വയോധികയെ എ.ഐ.വൈ.എഫ് പ്രവർത്തകർ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നു |
ചിതറ: കൊവിഡ് ബാധിച്ച വയോധികയെ എടുത്തുകൊണ്ട് മുന്നൂറ് മീറ്ററോളം നടന്നും പിന്നീട് വാഹനത്തിലും ആശുപത്രിയിലെത്തിച്ച എ.ഐ.വൈ.എഫ് പ്രവർത്തകർ നാടിന് മാതൃകയായി.
എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം റോയി തോമസ്, മടത്തറ മേഖലാ കമ്മിറ്റി അംഗം നിതിൻ എന്നിവരാണ് കൊവിഡ് ബാധിച്ചതിനാൽ ആരും സഹായിക്കാനെത്താതിരുന്ന വയോധികയ്ക്ക് തുണയായത്. മടത്തറ കൊച്ചുകലുങ്കിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
എൻപത്തിയഞ്ചുകാരിയായ വയോധിക മത്സ്യക്കച്ചവടക്കാരനായ കൊച്ചുമകനും ഭാര്യയ്ക്കുമൊപ്പം കൊച്ചുകലുങ്കിലുള്ള വീട്ടിലാണ് താമസം. കൊച്ചുമകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായതോടെയാണ് വയോധിക വീട്ടിൽ ഒറ്റയ്ക്കായത്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവരുടെ വീട്ടിൽ നിന്ന് മുന്നൂറ് മീറ്റർ അകലെയുള്ള റോഡു വരെ മാത്രമേ വാഹനം എത്തുകയുള്ളു. നടക്കാൻ കഴിയാത്ത വയോധികയെ റോഡിലെത്തിക്കാൻ ആരും തയ്യാറായില്ല. വിവരം അറിഞ്ഞെത്തിയ റോയി തോമസും നിതിനും പി.പി.ഇ കിറ്റ് ധരിച്ച് വയോധികയെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചു. ആംബുലൻസ് എത്താൻ വൈകിയതോടെ റോയി സ്വന്തം വാഹനത്തിൽ ഇവരെ മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ആംബുലൻസിൽ കയറ്റി വിട്ടു. വാളകത്തെ സർക്കാർ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ഇവരിപ്പോൾ.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ