കടയ്ക്കൽ: ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയ പ്രതിയെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിദഗ്ദ്ധമായി പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടിൽ വീട്ടിൽ ജോർജ് കുട്ടി മകൻ 46 വയസുള്ള രാജേഷ് ജോർജ് ആണ് പോലീസ് പിടിയിലായത്.
കടയുടമ ഇല്ലാത്ത സന്ദർഭത്തിൽ സ്ത്രീകൾ മാത്രമുള്ള കടകളിൽ എത്തി കടയുടമയുടെ സുഹൃത്താണെന്നും മറ്റും പറഞ്ഞു മൊബൈൽ ഫോണിൽ ഉടമയുമായി സംസാരിക്കുകയാണെന്ന് അഭിനയിച്ചു ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ചു പണവുമായി മുങ്ങുകയായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതി. KL 33 G 3425 ഹോണ്ട മോട്ടോർസൈക്കിളിൽ കറങ്ങി നടന്നാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
ടിയാനെതിരെ കടയ്ക്കൽ, പൂയപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. കൂടാതെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിലും വ്യാപാരസ്ഥാപനങ്ങളിൽ മോഷണത്തിനും തട്ടിപ്പിനും തോപ്പുംപടി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്.
കടയ്ക്കൽ പോലീസ് ഇൻസ്‌പെക്ടർ രാജേഷ്, എസ്സ്.ഐ സജു, എ.എസ്സ്.ഐ പ്രശാന്ത്, സി.പി.ഒ അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ