കൊല്ലം: ജില്ലയിൽ 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 5 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 4 പേർക്കും രോഗം പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്താനായിട്ടില്ല. 4 പേർ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. പുനലൂർ താലൂക്ക് ആശുപത്രിയിലെ മെയിൽ നഴ്സ് കരുനാഗപ്പള്ളി പാവുമ്പ നോർത്ത് സ്വദേശി (31), കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് (40), ലാബ് ടെക്നീഷ്യനായ യുവതി (40), കടയ്ക്കൽ മിഷൻകുന്ന് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ (36), പള്ളിമുക്ക് സ്വദേശിയായ വയോധികൻ (81) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 76 ആയി. മെഡിക്കൽ കോളജ് ആശുപത്രിയിൽ 44 പേരാണു നിലവിൽ രോഗബാധിതരായി ചികത്സയിലുള്ളത്. മറ്റുള്ളവർ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ചികിത്സയിൽ. പുനലൂരിലെ മെയിൽ നഴ്സ് ഈ മാസം 13 മുതൽ 30 വരെ പുനലൂരിലെ കൊറോണ കെയർ സെന്ററിന്റെ ചുമതല വഹിച്ചിരുന്നു. അവിടെ നിരീക്ഷണത്തിലുണ്ടായിരുന്ന പിന്നീട് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ, ഏരൂർ ഐരനല്ലൂർ സ്വദേശികളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.
ഇവരിൽ നിന്നാണു രോഗബാധയെന്നു സംശയിക്കുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കു രോഗം പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്താനായിട്ടില്ല. . കടയ്ക്കൽ സ്വദേശിയായ ഗർഭിണിയായ യുവതി രണ്ടാഴ്ച മുൻപ് ഇവിടെ പരിശോധനയ്ക്കെത്തിയിരുന്നു. ഇവർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പിന്നീട് പരിശോധനയിൽ നെഗറ്റീവ് ആയി. ഈ യുവതിക്കു രോഗം പിടിപെട്ടത് എങ്ങനെയെന്നും കണ്ടെത്താനായില്ല.
കടയ്ക്കൽ മിഷൻകുന്ന് സ്വദേശിയായ യുവാവ് ഈ മാസം ഒന്നു മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. ഈ മാസം 16 മുതൽ 30 വരെയുള്ള കാലയളവിൽ അടുത്ത സൂപ്പർ മാർക്കറ്റ് സന്ദർശിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സാംപിൾ പരിശോധനയ്ക്കു വിധേയനായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ