കുമ്മിൾ: കോളേജ് വിദ്യാഭ്യാസത്തോടൊപ്പം ആട്ടോ ഓടിക്കാനും കാറ്ററിംഗിനും തട്ടുകട നടത്താനും ഒക്കെ പോയി വിദ്യാഭ്യാസ ചെലവ് കണ്ടെത്തുന്ന യുവാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കുമ്മിൾ പഞ്ചായത്തിലെ വട്ടത്താമര വാർഡിൽ അപർണ എന്ന പെൺകുട്ടി വ്യത്യസ്തയാകുന്നത് ഈ ലോക്ക് ഡൗൺ കാലത്ത് അമ്മയ്ക്കൊപ്പം തൊഴിലുറപ്പിന് ഇറങ്ങിയാണ്. പിറവം ബി.പി.സി കോളേജിൽ രണ്ടാം വർഷ ബി.എ ജേർണലിസം വിദ്യാർത്ഥിയാണ് അപർണ.
അമ്മ തൊഴിലുറപ്പിനൊപ്പം കശുഅണ്ടി ഫാക്ടറിയിലും പോകുന്നുണ്ട്. ഒരു കുടുംബത്തിന് ഒരു വർഷം നൂറു തൊഴിൽ ദിനങ്ങൾ ലഭിക്കുമ്പോൾ മകൾ കൂടി തൊഴിലുറപ്പിന് ഇറങ്ങിയതോടെ അമ്മ മേരിജയ്ക്ക് ചെറിയൊരാശ്വാസം. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുകയും ഇല്ല കശുഅണ്ടി ഫാക്ടറിയിലും പോകാം. യൂണിവേഴ്സിറ്റി റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനക്കാരിയും, സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻ ഷിപ്പിൽ വെങ്കല ജേതാവുമാണ് അപർണ. തന്റെ അമ്മയോളം പ്രായമുള്ള മറ്റു തൊഴിലാളികൾക്കൊപ്പം മൺവെട്ടിയുമായി തൊഴിലിടത്തേക്ക് പോകുമ്പോൾ അപർണ പറയുന്നു 'ജീവിതം തന്നെ ഒരു ഗുസ്തി അല്ലേ".
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ