Responsive Ad Slot

Slider

സംസ്ഥാനത്ത് ആദ്യമായി താലൂക്ക് ആശുപത്രിയിൽ സി.ടി.സ്കാൻ യൂണിറ്റ്; മാറാനൊരുങ്ങി കൊട്ടാരക്കര താലൂക്ക് ആശുപത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റ് ഉദ്ഘാടനത്തിനൊരുങ്ങി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് താലൂക്ക് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റ് എത്ത
കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ പ്രവർത്തനസജ്ജമായ സി.ടി.സ്കാൻ യൂണിറ്റ്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റ് ഉദ്ഘാടനത്തിനൊരുങ്ങി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് താലൂക്ക് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റ് എത്തുന്നതെന്ന് പി.ഐഷാപോറ്റി എം.എൽ.എ അറിയിച്ചു. 1.98 കോടി രൂപ മുടക്കിയാണ് യൂണിറ്റ് സ്ഥാപിച്ചത്. അത്യാധുനിക സംവിധാനമുള്ള 16 സ്ളൈസ് സി.ടി മെഷീനായതിനാൽ കുറഞ്ഞ റേഡിയേഷനിൽ സി.ടി എടുക്കാൻ കഴിയും. ടെലിമെഡിസിൻ സമ്പ്രദായവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും.

ബി.പി.എൽ വിഭാഗത്തിന് 900 രൂപയും എ.പി.എൽ വിഭാഗത്തിന് 1600 രൂപയും ഫീസ് വാങ്ങി സേവനം ലഭ്യമാക്കാനാണ് എച്ച്.എം.സിയുടെ തീരുമാനം. യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനായി റേഡിയോ ഗ്രാഫറെ നിയമിച്ചു. ട്രയൽ റൺ ഇന്നലെ തുടങ്ങിയത് പൂർണ വിജയമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ അറിയിച്ചു. സി.ടി സ്കാൻ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. പി. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷംല, വാർഡ് കൗൺസിലർ കാർത്തിക വി. നാഥ്, സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽ കുമാർ എന്നിവർ പങ്കെടുക്കും.

കൊല്ലം തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കരയിൽ അപകട നിരക്ക് കൂടുതലാണ്. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ ചെറിയ അപകടങ്ങളിൽപ്പെടുന്നവരെപ്പോലും മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്. എന്നാൽ ഇനി അത് വേണ്ടിവരില്ലെന്നാണ് അധികൃതർ പറയുന്നത്. ട്രോമോകെയർ യൂണിറ്റ് പൂർണ സജ്ജമായിട്ടുണ്ട്. ന്യൂറോ സർജന്റെ കുറവ് മാത്രമാണ് ഏക പ്രതിസന്ധി. അതിനും ഉടൻ പരിഹാരമാകും. കൊവിഡുമായി ബന്ധപ്പെട്ട് ഹോട്ട് സ്പോട്ടുകളിൽ നിന്ന് വരുന്ന രോഗികൾക്കായി പ്രത്യേക ഓപ്പറേഷൻ തിയേറ്ററും ലേബർ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഒരു വെൻഡിലേറ്റർ സൗകര്യവും ആശുപത്രിയിലുണ്ട്. പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. രണ്ട് കെട്ടിടങ്ങളൊഴികെ മറ്റെല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുക. പൊളിച്ച് നീക്കുന്നതിനായി 13 ലക്ഷം രൂപയുടെ ടെണ്ടർ നടപടിയായിട്ടുണ്ട്. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. എം.എൽ.എ ഫണ്ടിൽ നിന്നാണ് ആംബുലൻസ് അനുവദിച്ചത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com