തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി. പൊസിറ്റീവായ 14 പേർ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേർ സമ്പർക്കത്തിലൂടെയാണ് രോഗികളായത്. കാസർകോട് ഏഴുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും പാലക്കാട് ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഇത് നാം നേരിടുന്ന വിപത്തിന്‍റെ സൂചന. പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കും. ഇതുവരെ 560 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 64 പേർ ഇപ്പോൾ ചികിത്സയിലാണ്. 36362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 39619 എണ്ണം നെഗറ്റീവാണ്.മുൻഗണനാ വിഭാഗത്തിലെ 4347 സാമ്പിളുകൾ ശേഖരിച്ചതിൽ 4249 നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി. കണ്ണൂരിൽ മൂന്ന്, കാസർകോട് മൂന്ന്. വയനാട് ഏഴ്, കോട്ടയം, തൃശ്ശൂർ ഒന്ന് വീതം ഹോട്ട്സ്പോട്ടുകൾ.
കൊറോണവൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്സിന്‍റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ ലോകത്താകെ നിലനിൽക്കുന്ന വൈറസായി നോവൽ കൊറോണ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. സമൂഹത്തിന്‍റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കൽ, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാർത്ഥ്യമാക്കലും പ്രധാനമാണ്. പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലിൽ കേന്ദ്രീകരിക്കും. പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണം. മാസ്ക് പൊതുജീവിതത്തിന്‍റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം.
അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം. ഭക്ഷണശാലകളിലും ഷോപ്പിങ് സെന്‍ററുകളിലും മുൻകൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് സമയം നൽകണം. ലോക്ക് ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകൾ നാം കൊറോണയെ കരുതിയാവണം ജീവിക്കേണ്ടത്. കൊവിഡ് 19 മനുഷ്യജീവൻ കവർന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് ചുറ്റിലും. ലോകത്തിന്‍റെ വിവിധ ഭാദങ്ങളിൽ 124 മലയാളികൾ ഇതുവരെ മരിച്ചു. അവരുടെ വേർപാട് വേദനാജനകമാണ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി നിൽക്കുന്നവരും രോഗത്തിന് കീഴടങ്ങി. എല്ലാവരുടെയും ബന്ധുക്കളുടെ ദുഖത്തിൽ പങ്കുചേരുന്നു.
പ്രതിരോധ പ്രവർത്തനത്തിൽ അതത് രാജ്യങ്ങളിലെ നിർദ്ദേശങ്ങൾ പ്രവാസികൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. നാട് ഒപ്പമുണ്ട്. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും ചെക്പോസ്റ്റുകളിലും എത്തിയ ശേഷം വീടുകളിലേക്ക് പോവുന്നവരുടെ സൗകര്യരാർത്ഥം ജില്ലകളിൽ 185 കേന്ദ്രങ്ങൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സജ്ജീകരിച്ചു. ഈ കേന്ദ്രങ്ങളുടെ പട്ടിക ഹെൽപ്പ് ഡെസ്‍ക്കുകളില്‍ ലഭിക്കും.
അതിർത്തിയിൽ പണം വാങ്ങി ആളുകളെ കടത്തുന്നുവെന്ന പരാതിയുണ്ട്. കാസർകോട് ഇതിന്‍റെ വാർത്ത വന്നു. പാസില്ലാതെ ആളെ കടത്തിവിട്ടുവെന്ന വാർത്തയും കണ്ടു. ഇതുണ്ടാക്കുന്ന അപകടമാണ് വാളയാറിൽ കണ്ടത്. മെയ് എട്ടിന് ചെന്നൈയിൽ നിന്ന് മിനി ബസിൽ പുറപ്പെട്ട് ഒൻപതിന് രാത്രി വാളയാറിൽ എത്തിയ മലപ്പുറം പള്ളിക്കൽ സ്വദേശിയായ 46 കാരൻ കൊവിഡ് ബാധിച്ച് പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന ആളും നിരീക്ഷണത്തിലാണ്. മറ്റ് എട്ട് പേർ മഞ്ചേരി മെഡിക്കൽ കോളേജിലാണ്. പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകർക്കും. ഒരാൾ അങ്ങനെ വന്നാൽ സമൂഹം പ്രതിസന്ധിയിലാകും. ഇത് പറയുമ്പോള്‍ മറ്റ് തരത്തിൽ ചിത്രീകരിക്കേണ്ടതില്ല. കർശനമായി നിർദ്ദേശം നടപ്പാക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകി.