കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ട്രൂനാറ്റ് മെഷീനിൽ കൊവിഡ് പരിശോധന തുടങ്ങി. ഇന്നലെ ട്രൂനാറ്റ് മെഷീൻ ഉപയോഗിച്ച് ജില്ലയ്ക്കുള്ളിൽ ആദ്യമായി കൊവിഡ് പരിശോധന നടത്തി ഫലം കണ്ടെത്തി.
അടിയന്തരമായി ഡയാലിസിസ് ആവശ്യമായി വന്ന ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പുനലൂർ സ്വദേശിയായ 63 കാരന്റെ സ്രവമാണ് ആദ്യമായി പരിശോധിച്ചത്. ഇതോടെ ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവരിൽ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ആവശ്യങ്ങൾ വന്നാൽ വേഗത്തിൽ സ്രവ പരിശോധന നടത്താനാകും. കൊവിഡ് ഇല്ലെങ്കിൽ ഇവർക്ക് ആശങ്കയില്ലാതെ സാധാരണ ചികിത്സാ സംവിധാനങ്ങളും രോഗമുണ്ടെങ്കിൽ കൊവിഡ് ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങളും ഉപയോഗിക്കാം.
ഏകദേശം അഞ്ചുലക്ഷം രൂപയോളം ചെലവിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ടി.ബി സെൽ വഴിയാണ് യന്ത്രം വാങ്ങിയത്. ഒരു ദിവസം 20 പേരുടെ സ്രവം പരിശോധിക്കാം. ദ്രുതഗതിയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ആർ.ടി.പി.സി.ആർ ലാബ് വൈകാതെ പ്രവർത്തന സജ്ജമാകും.
credit
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ