ചരിത്രം പുരാവസ്തുവിലേക്ക്. സ്വാതന്ത്ര്യ സമരത്തിനു മുൻപ് തന്നെ പ്രവർത്തിച്ചിരുന്ന പാങ്ങോട് പഴയ പോലീസ് സ്റ്റേഷൻ,
കല്ലറ പാങ്ങോട് കർഷക സമരവുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഇ സ്റ്റേഷൻ പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.കർഷകസമരത്തിന്റെ വീരഗാഥ ഇങ്ങനെ.
കല്ലറ-പാങ്ങോട് പഞ്ചായത്തുകളിൽ ചന്ത ദിവസങ്ങളിൽ കൊണ്ടുവരുന്ന കാർഷിക ഉത്‌പന്നങ്ങൾക്ക് സർ സി.പി.യുടെ ഗുണ്ടകൾ അന്യായ ചുങ്കപ്പിരിവ് ഏർപ്പെടുത്തുകയും കർഷകർ ഇതിനെതിരേ പ്രതിഷേധിക്കുകയും ചെയ്തപ്പോഴാണ് കല്ലറ-പാങ്ങോട് സമരം തുടങ്ങുന്നത്.
കർഷകരുടെ പ്രതിഷേധത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ മടങ്ങിയ ഗുണ്ടകളും പോലീസും കൂടുതൽ സന്നാഹങ്ങളുമായി കല്ലറയിലേക്കു മാർച്ചു ചെയ്ത് തച്ചോണം എന്ന സ്ഥലത്തുവെച്ച് കൊച്ചപ്പിപിള്ള എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്തു കൊല്ലവർഷം 1114(1938-39).
ലോക്കപ്പിൽ ക്രൂരമർദനത്തിനിരയാക്കിയ കൊച്ചപ്പിപിള്ളയെ അനുനയ ചർച്ചകൾക്കൊടുവിലാണ് പോലീസ് പുറത്തുവിട്ടത്. വളരെ അവശനായ കൊച്ചപ്പിപിള്ളയെ കണ്ട് കർഷകർ പോലീസിനെതിരേ തിരിയുന്നതിനു തീരുമാനിക്കുകയും വെഞ്ഞാറമൂട് നന്ദിയോട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കൂടുതൽ കർഷകർ കല്ലറയിലേക്കെത്തുകയും പാങ്ങോട് പോലീസ്റ്റേഷനിലേക്ക് മാർച്ച് ചെയ്യുകയുമായിരുന്നു. സ്റ്റേഷനു മുന്നിൽവെച്ച് പോലീസും കർഷകരും ഏറ്റുമുട്ടുകയും വെടിവെപ്പുണ്ടാകുകയും ചെയ്തു. സ്റ്റേഷനു മുന്നിലെ മൺഭിത്തി തുരന്നാണ് കർഷകർ പോലീസിനു നേരേ വെടിവെച്ചത്.
ഇരു വിഭാഗത്തിലും കാര്യമായ നഷ്ടങ്ങളുണ്ടാകുകയും ചെറുവാളം കൊച്ചുനാരായണനാശാരി, പ്ലാങ്കീഴിൽ കൃഷ്ണപിള്ള എന്നീ കർഷകർ പാങ്ങോട് സ്റ്റേഷനു മുന്നിൽ വെടിയേറ്റു മരിച്ചു വീഴുകയും ചെയ്തു. മൃതദേഹങ്ങളോടുപോലും സർ സി.പി.യുടെ പോലീസ് നീതി കാട്ടില്ലെന്നു മനസ്സിലാക്കിയ മറ്റൊരു കർഷകനായ ഗോപാലൻ പോലീസ്‌വേഷം ധരിച്ച് സ്‌റ്റേഷൻ വളപ്പിനുള്ളിൽക്കയറി മൃതദേഹങ്ങൾ സ്റ്റേഷനു മുന്നിൽ മറവു ചെയ്യുകയുമായിരുന്നുവെന്ന് ചരിത്രം പറയുന്നു.
ചോരപ്പൂക്കൾ വിരിഞ്ഞ കല്ലറ- പാങ്ങോട് കാർഷിക കലാപത്തിന്റെ ഈ ഉജ്ജ്വല സ്മാരകം,കൊളോണിയൽ വാഴ്ചയുടെ നടത്തിപ്പുകാർക്കെതിരെ നാടിന്റെ ചെറുത്തു നില്‌പിന്റെയും പോരാട്ടത്തിന്റെയും പ്രതീകം കൂടിയാണ്.
റിപ്പോർട്ട്: ചിതറ പി.ഒ