രാജ്യാന്തര നിലവാരത്തിലുള്ള പരിശോധന സംവിധാനങ്ങളോടു കൂടിയ 9 വാഹനങ്ങളും 4 മോട്ടോർ ബൈക്കുകളുമാണു കെഎസ്ടിപി നൽകുന്നത്. സുരക്ഷാ ഇടനാഴിയായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഈ വാഹനങ്ങൾ ഉപയോഗിച്ചു പരിശോധന നടത്തും. വാഹനങ്ങളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ജൂൺ മുതൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണു സൂചന. അമിത വേഗം, സീറ്റ് ബെൽറ്റ് ഹെൽമറ്റ് എന്നിവ ഇല്ലാതെ വാഹനം ഓടിക്കൽ, റോഡിലെ മാർക്കിങ് മറികടക്കൽ, തെറ്റായ ഓവർടേക്കിങ്, മദ്യപിച്ചു വാഹനം ഓടിക്കൽ ഇവയിലെയെല്ലാം ഇനി പിടിവീഴും.
സുരക്ഷ ഇടനാഴിയായി കണ്ടെത്തിയ സ്ഥലങ്ങളിൽ അപകടങ്ങൾ കുറയ്ക്കാൻ നടപ്പാക്കേണ്ട സംവിധാനങ്ങളെ കുറിച്ചു ഇംഗ്ലണ്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ടിആർഎൽ കമ്പനി പഠനം നടത്തി റിപ്പോർട്ട് കെഎസ്ടിപിക്കു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ വാഹനങ്ങൾ നൽകി പരിശോധനകൾ കർശനമാക്കുന്നത്. 6 വാഹനങ്ങളും 4 ബൈക്കുകളും പൊലീസിനും 3 വാഹനങ്ങൾ മോട്ടർ വാഹന വകുപ്പിനും നൽകും.
പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, കൊട്ടാരക്കര, അടൂർ പൊലീസ് സ്റ്റേഷനുകളിലേക്കാണു വാഹനങ്ങൾ നൽകുന്നത്. 80 കിലോമീറ്ററാണു സുരക്ഷ ഇടനാഴിയായി കണ്ടെത്തിയിരിക്കുന്നത്. ഓരോ 20 കിലോമീറ്ററിനുള്ളിൽ ബൈക്കുകളിലും പരിശോധന ഉണ്ടാകും.രാജ്യാന്തര നിലവാരത്തിൽ വാഹന പരിശോധന നടത്തുന്നതിനു ടിആർഎല്ലിന്റെ നേതൃത്വത്തിൽ മോട്ടർ വാഹനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയിരുന്നു. ഇതിൽ നിന്നു തിരഞ്ഞെടുക്കുന്നവരെയാണു പുതിയ പരിശോധന സംഘത്തിൽ നിയമിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ