
കൊല്ലം: കൊവിഡ് 19 സ്ഥിരീകരിച്ച കല്ലുവാതുക്കൽ സ്വദേശിയായ ഗർഭിണി ചികിത്സയിലിരുന്ന കൊല്ലം വിക്ടോറിയ ആശുപത്രി അണുവിമുക്തമാക്കി വീണ്ടും പ്രവർത്തനം ആരംഭിച്ചു. നിലവിലുണ്ടായിരുന്ന ഒരു വിഭാഗം ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ക്വാറന്റൈനിലാക്കി ശേഷിക്കുന്നവരെ നിയോഗിച്ചാണ് പ്രവർത്തനം.
ഈ മാസം 5ന് കല്ലുവാതുക്കൽ സ്വദേശി വിക്ടോറിയയിൽ എത്തിയിരുന്നു. അന്ന് നടത്തിയ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുഞ്ഞിന് അനക്കം കുറവായതിനാൽ 20ന് യുവതി വീണ്ടുമെത്തി. വൈകിട്ട് വരെ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം മടക്കി അയച്ചു. അർദ്ധരാത്രി വീണ്ടുമെത്തിയ യുവതിയെ 21ന് പുലർച്ചെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. അതിനൊപ്പം കൊവിഡ് പരിശോധനയ്ക്കായി സ്രവവും ശേഖരിച്ചു. 23ന് കൊവിഡ് സ്ഥിരീകരിച്ചികൊണ്ടുള്ള ഫലം വന്നതോടെ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിനൊപ്പം വിക്ടോറിയ ആശുപത്രി അടച്ചുപൂട്ടി.
യുവതി ആദ്യം കിടന്നിരുന്ന പോസ്റ്റ് ഡെലിവറി വാർഡ്, പിന്നീട് പ്രവേശിപ്പിച്ച ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ജനറൽ വാർഡ്, ഡീലക്സ് വാർഡ് എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയുമാണ് നിരീക്ഷണത്തിലാക്കിയത്. ഫയർഫോഴ്സിന്റെ അണുനശീകരണത്തിന് ശേഷം കുട്ടികളുടെ വിഭാഗമാണ് ഇന്നലെ പ്രവർത്തനം തുടങ്ങിയത്. പതിവ് തിരക്കില്ലെങ്കിലും കൊവിഡ് ഭീതിയില്ലാതെ രോഗികൾ ഇന്നലെയും ചികിത്സ തേടിയെത്തി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ