Responsive Ad Slot

Slider

യുവതിയുടെ ദുരൂഹ മരണം ദാരുണമായ കൊലപാതകമെന്ന് തെളിഞ്ഞു ഭര്‍ത്താവും സുഹൃത്തായ പാമ്പുപിടിത്തക്കാരനും അറസ്റ്റില്‍

അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരില്‍ വിജയസേനന്‍റെ മകള്‍ 25 വയസ്സുള്ള ഉത്ര പാമ്പുകടിയേറ്റ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അഞ്ചല്‍ പോലീസ് സ്റ്റേഷനിൽ അസ്വാഭാവി

അഞ്ചല്‍: അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരില്‍ വിജയസേനന്‍റെ മകള്‍ 25 വയസ്സുള്ള ഉത്ര പാമ്പുകടിയേറ്റ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അഞ്ചല്‍ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് 07.05.2020 ല്‍ രജിസ്റ്റർ ചെയ്ത കേസ് ദാരുണമായ കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍.ഐ.പി.എസ് ന് നല്‍കിയ പരാതി അന്വേഷിക്കുന്നതിനായി കൊല്ലം ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.അശോകനെ ചുമതലപ്പെടുത്തുകയും തുടര്‍ന്ന് കേസിന്‍റെ അന്വേഷണവും ഡി.വൈ.എസ്.പിക്ക് നല്‍കിയിട്ടുള്ളതുമാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍ മകന്‍ 27 വയസുള്ള സൂരജ്, പാമ്പ് പിടിത്തക്കാരനായ സഹായി പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ് ഭവനില്‍ ചാവരുകാവ് സുരേഷ് എന്ന് അറിയപ്പെടുന്ന 47 വയസുള്ള സുരേഷ്കുമാര്‍ എന്നിവരെ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.


25.03.2018 ല്‍ സൂരജ് ഉത്രയെ വിവാഹം കഴിച്ചിട്ടുള്ളതും ബന്ധത്തില്‍ ഒരു വയസ്സുള്ള മകനുമുള്ളതാണ്. വിവാഹ സമയത്ത് മാതാപിതാക്കള്‍ ഉത്രക്ക് 98 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 5 ലക്ഷം രൂപയും, ഒരുകാറും നല്‍കിയിട്ടുള്ളതും, കൂടാതെ സൂരജ് ആവശ്യപ്പെടുന്ന സമയങ്ങളിലെല്ലാം ആവശ്യപ്പെടുന്ന പണവും മറ്റും നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് സൂരജ് നിരന്തരം സൂര്യയുടെ വീട്ടുകാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഉത്രയെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി സുഹൃത്തായ പാമ്പു പിടിത്തക്കാരന്‍ സുരേഷിന്‍റെ കയ്യില്‍ നിന്നും വാങ്ങിയ അണലിയെ ഉപയോഗിച്ച് സൂരജിന്‍റെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ഉറങ്ങി കിടന്ന ഉത്രയെ കൊലപ്പെടുത്തുന്നതിനായി ടിയാളുടെ കാലിൽ കടിപ്പിച്ചിട്ടുള്ളതും, ആയതില്‍ വച്ച് ഉത്ര തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ 56 ദിവസം ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്നതും , ഡിസ്ചാര്‍ജ്ജായ ശേഷം ഉത്രയുടെ കുടുംബ വീടായ ആഞ്ചല്‍ വിഷു വെള്ളശ്ശേരി വീട്ടില്‍ കഴിഞ്ഞു ചികിത്സ നടത്തി വരവെ 06.05.2020 രാത്രി ഏകദേശം ഒരു മണിയോടെ, സുഹൃത്തായ സുരേഷ് നല്കിയ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഉറങ്ങി കിടന്ന ഉത്രയുടെ ഇടതുകൈ തണ്ടയില്‍ കടിപ്പിച്ചതില്‍ വച്ചാണ് ഉത്ര മരണപ്പെട്ടു പോയിട്ടുള്ളത്. വളരെ ആസൂത്രിതമായാണ് സൂരജ് കൊലപാതകം നടപ്പാക്കിയത്. മൂന്നു മാസത്തിനിടയില്‍ 2 തവണ ഉത്രയ്ക്ക് പാമ്പുകടിയേറ്റതും രണ്ടു തവണയും ഭര്‍ത്താവായ സൂരജിന്‍റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നതും മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഭാര്യയുടെ സ്വത്തിനുമേല്‍ സൂരജ് അവകാശ വാദം ഉന്നയിച്ചതുമാണ് മാതാ പിതാക്കളും ബന്ധുക്കളും ഇപ്രകാരം ഒരു പരാതിയുമായി ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ്സ് നെ സമീപിയ്ക്കുന്നതിനിടയാക്കിയത്.


വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ തന്നെ തന്‍റെ ശമ്പളം പോരാതെ വന്ന സൂരജ് , ഉത്രയുടെ മാതാ പിതാക്കളെ സമ്മര്‍ദ്ദത്തിലാക്കി പ്രതിമാസം 8000 രൂപ വീതം വാങ്ങിയെടുത്തിരുന്നതും, മറ്റ് പല ആവശ്യങ്ങള്‍ പറഞ്ഞ് വന്‍തുകകള്‍ സൂരജ് കൈവശപ്പെടുത്തിയിട്ടുള്ളതുമാണ്. ഉത്രയോട് താത്പര്യമില്ലാതിരുന്ന സൂരജ് വിവാഹമോചനം നേടിയാല്‍ സ്ത്രീധനമായി ലഭിച്ച സ്വത്തുക്കള്‍ തിരികെ നല്കേണ്ടി വരുമെന്ന ഭയം നിമിത്തമാണ് ഉത്രയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്, ബിരുദധാരിയും സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥനുമായ സൂരജ് അതിനായി യൂടൂബിലും മറ്റും തെരഞ്ഞ് നവീനമായ ഒരു മാര്‍ഗ്ഗം അതിനുവേണ്ടി കണ്ടെത്തുകയായിരുന്നു. ഈ കേസ്സില്‍ രണ്ടാം പ്രതിയായ ചാവരുകാവ് സുരേഷിനെ ഫോണിലൂടെ പരിചയപ്പെടുകയും, ചാത്തന്നൂരില്‍ പോയി പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായുള്ള വിശദവിവരങ്ങള്‍ ആലോചിക്കുകയും ചെയ്തു. പിന്നീട് സുരേഷ് സൂരജിന്‍റെ പറക്കോടുള്ള വീട്ടില്‍ ഒരു അണലിയുമായെത്തി പാമ്പിനെ കൈമാറി പ്രതിഫലമായി 10,000 രൂപ കൈപ്പറ്റുകയും ചെയ്തു, ആദ്യ ഉദ്യമം പരാജയപ്പെട്ട സൂരജ് സുരേഷില്‍ നിന്നും രണ്ടാമത് വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗപ്പെടുത്തി 06.052020 രാത്രി ഉറങ്ങി കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ കടിപ്പിച്ച ശേഷം ഒന്നുമറിയാത്തതുപോലെ നേരം പുലരുന്നതുവരെ ഉത്രയോടൊപ്പം അതേമുറിയില്‍ കഴിഞ്ഞു. അതിരാവിലെ എഴുന്നേറ്റ സൂരജ് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ ഉത്രയുടെ അമ്മയുടെ നിലവിളികേട്ട് ബഡ്റൂമിലേയ്ക്ക് ഓടിചെല്ലുകയും ബോധരഹിതയായി കിടക്കുന്ന ഉത്രയുമായി അഞ്ചല്‍ മിഷന്‍ ഹോസ്പിറ്റലിലേയ്ക്ക് പോകുകയും പാമ്പു കടിച്ചതാണെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭാവവ്യത്യാസമില്ലാതെ ഉത്രയുടെ സഹോദരനോടൊപ്പം തിരികെ വീട്ടിലെത്തി പാമ്പിനെ തല്ലികൊല്ലുകയും ഉത്ര മരിച്ചതായറിയുകയും തുടര്‍ന്ന് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ളതുമാണ്. കേവലം പാമ്പുകടിയേറ്റുള്ള മരണം എന്ന നിലയില്‍ അവസാനിപ്പിക്കേണ്ടിയിരുന്ന ഈ കേസ്സ് അതിക്രൂരമായ ഒരുകൊലപാതകമെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് കൊല്ലം റൂറല്‍ ജില്ലാപോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ്സിന്‍റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ. അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ മികവാണ്. അന്വേഷണ സംഘത്തില്‍ ഡി.വൈ,എസ്സ്.പി എ. അശോകനെ കൂടാതെ ഗ്രേഡ് എസ്. ഐ മാരായ എ.അബ്ദുള്‍ സലാം, മുരുകന്‍.ആർ, ശിവശങ്കര പിള്ള, ആര്‍, സജി ജോണ്‍, അജയകുമാര്‍, രാധാകൃഷ്ണ പിള്ള
ഗ്രേഡ് എ.എസ്.ഐ മാരായ ആഷിര്‍ കോഹൂര്‍, സി.മനോജ് കുമാര്‍, നിക്സണ്‍ ചാള്‍സ് സി.പ.ഒ മാരായ മഹേഷ് മോഹന്‍, അഖില്‍ പ്രസാദ്, സജീന.എസ്സ് എന്നിവര്‍ ഉള്‍പ്പെടുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com