ചടയമംഗലം: ചടയമംഗലം പോലീസ് സ്റ്റേഷന് സമീപം എം. സി റോഡിന്റെ വശത്ത് സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം ചെയ്തതിനു രണ്ടുപേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അമ്പലംകുന്ന് മീയ്യന ഷെബിൻ മൻസിലിൽ സിനോഫർ മകൻ ഷെഹിൻ (21 വയസ്സ് ), ഓയൂർ കാളവയൽ പാതിരിയോട് പാറവിളവീട്ടിൽ സലിം മകൻ ആരിഫ് മുഹമ്മദ് (20 വയസ്സ്) എന്നിവരാണ് പിടിയിൽ ആയത്.
28-05-2020 രാത്രി 8മണിയോടെ നല്ല മഴയുള്ള സമയം യുവാക്കൾ ചടയമംഗലം ജംഗ്ഷൻ ഭാഗത്തേക്ക് മോട്ടോർ സൈക്കിൾ ഉരുട്ടി കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരി വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്ത് എത്തിയ പോലീസ് വാഹനം കണ്ട് മോഷ്ടാക്കൾ ബൈക്ക് റോഡിൽ ഉപേക്ഷിച്ചു ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
തുടർന്ന് എസ്. ഐ ശരലാലിന്റെ നേതൃത്വത്തിൽ എ എസ് ഐ മാരായ കൃഷ്ണകുമാർ, രാജേഷ് സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ബിനീഷ്, ഹോം ഗാർഡ് ഉണ്ണിത്താൻ എന്നിവർ ഉൾപ്പെട്ട സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗൺ വളഞ്ഞു. രാത്രിയിൽ ചടയമംഗലം ടൗൺ അരിച്ചു പെറുക്കിയ പോലീസ് ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകളിലും കഞ്ചാവ് കേസിലും പ്രതികളാണ് ഇവർ. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ