കണ്ണൂര്‍: കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.
രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. മാര്‍ച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല.
എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയില്‍ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗണ്‍ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരില്‍ ഇതുവരെ 65 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ