പുതുതായി രോഗം കണ്ടെത്തിയവർ അടക്കം 15 പേരാണ് കൊല്ലം ജില്ലയിൽ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയ ആരോഗ്യപ്രവർത്തകയ്ക്കൊപ്പം ജോലി ചെയ്ത രണ്ട് ആരോഗ്യപ്രവർത്തകർ ഇന്ന് രോഗബാധിതയായി.
നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പർക്കം പുലർത്തിയ പ്രാദേശിക രാഷ്ട്രീയ നേതാവിനും കോവിഡ് ബാധിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ 73 വയസുകാരന് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ആന്ധ്രയില്‍ നിന്ന് മീനുമായി വന്ന ലോറി ഡ്രൈവറാണ് രോഗം ബാധിച്ച മറ്റൊരാൾ. ഓച്ചിറയിലെ കേന്ദ്രത്തിൽ നിരീക്ഷത്തിലിരിക്കെയാണ് ഇയാൾക്ക് അസുഖം കണ്ടെത്തിയത്. ആറുപേരുടെയും റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി.
രോഗബാധിതരുടെ എണ്ണം കൂടിയതോടെ ചാത്തന്നൂർ മേഖലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. കല്ലുവാതുക്കൽ, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലെ ചില വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് പൂർണമായും വിലക്കി. ജില്ലയിൽ 53 പരിശോധന ഫലം കൂടിയാണ് ലഭിക്കാനുള്ളത്.