കൊട്ടാരക്കര: കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ സോണ്‍-ഓറഞ്ച് എ കാറ്റഗറിയില്‍ വരുന്ന കൊല്ലം ജില്ലയില്‍ 2020 ഏപ്രില്‍ 24 വരെ കര്‍ശനമായി തുടരുമെന്നും നാളെ മുതല്‍ 24 വരെ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു. പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ് നമ്പര്‍: 78/2020 തീയതി 17.04.2020 പ്രകാരം സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ചിട്ടുള്ളതും അതില്‍ ഓറഞ്ച് എ കാറ്റഗറിയില്‍ വരുന്ന കൊല്ലം ജില്ലയില്‍ ഏപ്രില്‍ 24 വരെ സമ്പൂര്‍ണ്ണ നിയന്ത്രണം തുടരുന്നതുമാണ്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവുകള്‍ അനുവദിച്ചിട്ടുള്ള മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ തങ്ങളുടെ ഐ.ഡി. കാര്‍ഡ് നിര്‍ബന്ധമായും കരുതേണ്ടതാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാത്രം പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണ്. ജില്ലയുടെ അതിര്‍ത്തി പോയിന്‍റുകളില്‍ കൂടുതല്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തിട്ടുണ്ട്. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ തീരുന്നതുവരെ പൊതുജനങ്ങളാരും നിരത്തിലിറങ്ങരുതെന്നും കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സെയ്ഫ് സോണില്‍ വരുന്ന ജില്ലകള്‍ക്ക് 20-ാം തീയതി മുതല്‍ നല്‍കിയിട്ടുള്ള ഇളവുകള്‍ തെറ്റിദ്ധരിച്ച് പൊതുജനങ്ങള്‍ നിരത്തിലിറങ്ങുവാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് കടുത്ത നടപടികളിലേക്ക് പോകുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.