കൊട്ടാരക്കര: കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിദിനങ്ങളില്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി മാര്‍ക്കറ്റുകളില്‍ തിരക്ക് ഉണ്ടാക്കാനുളള സാധ്യത കണക്കിലെടുത്ത് പ്രധാന മാര്‍ക്കറ്റുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിച്ചു. മറ്റ് മാര്‍ക്കറ്റുകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുളളതും എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനും ഐ.ഡി കാര്‍ഡോ, പാസോ ഇല്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യുന്നതിനും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി രോഗവ്യാപനം നടത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും, വ്യാജചാരായ നിര്‍മ്മാണം തടയുന്നതിനായി ഒഴിഞ്ഞു കിടക്കുന്ന ക്വാറികളും മറ്റ് പ്രദേശങ്ങളും പരിശോധിക്കുന്നതിനും എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കൊല്ലം റൂറല്‍ ജില്ലയില്‍ വെളളിയാഴ്ച 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 191 പ്രതികളെ അറസ്റ്റ് ചെയ്ത് 151 വാഹനങ്ങള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ