കൊല്ലം: ആശങ്കയ്ക്കു നടുവിലും ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. ഇന്നലെ പുതിയ കോവിഡ്-19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. നിലവിൽ 9 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ച ആശാ വർക്കറുടെയും ഷാർജയിൽ നിന്നെത്തിയ 7 വയസ്സുകാരിയുടെയും അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതും ആശ്വാസമായി. ആശാവർക്കറുടെ ഭർത്താവ്, 2 മക്കൾ, മരുമകന്റെ മാതാപിതാക്കൾ എന്നിങ്ങനെ 6 പേരുടെ സ്രവ പരിശോധനാ ഫലമാണു നെഗറ്റീവ് ആയത്.
7 വയസ്സുകാരിയുടെ അമ്മ ഉൾപ്പെടെ 9 അടുത്ത ബന്ധുക്കളുടേതും നെഗറ്റീവാണ്. കുളത്തൂപ്പുഴയിൽ ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായും വയോധികയുമായും പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 6 പേരുടെയും ഫലം നെഗറ്റീവ് ആണ്. ഇവരെ വീടുകളിൽ ഗൃഹനിരീക്ഷണത്തിലാക്കി.
ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 10 ആശാപ്രവർത്തകർ ഉൾപ്പെടെ 43 പേരുടെ സ്രവം ശേഖരിച്ചു. സ്രവ പരിശോധനയ്ക്കു നൂറിലേറെ പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ചാത്തന്നൂർ പഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 360 പേരുടെ സ്രവപരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.30 വരെ ചാത്തന്നൂർ സ്വദേശികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സാംപിൾ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇന്നലെയും സമാന അവസ്ഥയായിരുന്നു.