ഇട്ടിവ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളാണ് സംഭാവനകൾ നൽകുന്നത്. ലക്ഷങ്ങൾ സമ്പാദിക്കുന്നവർ മുതൽ ദൈനംദിന ചിലവിനുള്ള തുക കണ്ടെത്തുന്നവർ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു.
ഒരു വർഷം മുമ്പാണ് കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡിലെ വിഷ്ണുഭവനിലെ ശ്യാംലാൽ
ഷോക്കേറ്റ് മരിച്ചത്. സർക്കാരിന്റെ ധനസഹായം ശ്യാംലാലിന്റെ കുടുംബത്തിന് ഇന്നലെയാണ് ലഭിച്ചത്. പക്ഷേ, ലഭിച്ച ധനസഹായത്തിലൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് വീട്ടുകാർ. ഇട്ടിവ ഗ്രാമപഞ്ചായത്ത് അംഗം ബി. ബൈജുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ബി ബൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
"അവന്റെ ജീവന്റെ പൈസയാ മെമ്പറെ ഇത്, നമ്മള് മാത്രമല്ലല്ലോ നാട് മൊത്തോം പ്രശ്നത്തിലിരിക്കുമ്പോ ഇതീന്നൊരു പങ്ക് ഈ നാട്ടിനേൽപ്പിച്ചാ അവന്റെ ആത്മാവ് സന്തോഷിക്കും മെമ്പറെ ... സഖാവിത് മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയിലേയക്ക് കൊട്"
സത്യത്തിൽ എന്ത് പറയണമെന്നറിയാത്ത സ്ഥിതിയിലായിപ്പോയി ഇന്ന് ഞാൻ. ഒരു കൊല്ലം മുമ്പാണ് ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡിലെ വിഷ്ണു ഭവനിലെ ശ്യാംലാൽ ഷോക്കേറ്റ് മരിക്കുന്നത്. പതിനെട്ട് തികഞ്ഞിട്ടെയുണ്ടായിരുന്നു അവന്. ഇന്നലെയാണ് സർക്കാരിന്റെ ധനസഹായം അവന്റെ വീട്ടുകാർക്ക് കിട്ടുന്നത്.സ്ഥിതി ദയനീയാവസ്ഥയിലായിട്ടും അതിൽ നിന്നൊരു 10000 രൂപ ഈ നാടിന്റെ അതിജീവനത്തിനായാണ് മുമ്പിലേക്ക് വെച്ചു നീട്ടിയത്. ആറു ദിവസത്തെ ശമ്പളം പോകുമെന്ന വിഷമത്തിൽ സർക്കുലർ കത്തിച്ചവർക്ക് മുമ്പിൽ ഈ സാധുക്കൾ എത്രയോ വലിയവർ. ആ മാതാപിതാക്കളോട് എന്ത് പറയാൻ; നിങ്ങളുടെ എല്ലാം കരുതലിൽ ഈ നാട് അതിജീവിക്കുമെന്നല്ലാതെ.
ബി. ബൈജു
ഇട്ടിവ ഗ്രാമ പഞ്ചായത്ത് അംഗം