Responsive Ad Slot

Slider

പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ അന്തരിച്ചു

വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര

മുംബൈ: വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ വേഷമിട്ടു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇർഫാന് 2011 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ജയ്പുരിൽ ജനിച്ച ഇർഫാൻ ചെറുപ്പത്തിൽ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മുബൈയിലെത്തി. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. മീരാ നായരുടെ സലാം ബോംബെയാണ് ആദ്യ ചിത്രം. 2013 ൽ പാൻസിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അമേസിങ് സ്പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.

ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാനു സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദർ. രണ്ടു മക്കൾ.
disqus,
© all rights reserved
made with Kadakkalnews.com