ചടയമംഗലം: അമ്മൂമ്മയും അമ്മയും കരയുന്നതെന്തിനെന്നു നാലുവയസ്സുകാരി ശ്രദ്ധയ്ക്ക് ഇനിയുമറിയില്ല. അവളുടെ അച്ഛൻ ദുബായിൽനിന്ന് ഇനി മടങ്ങിവരില്ലെന്നും അറിയില്ല. ദുബായിൽ കോവിഡ് ബാധിച്ചു മരിച്ച ഇളമ്പഴന്നൂർ കല്ലുംകൂട്ടത്തിൽ വീട്ടിൽ രതീഷിന്റെ ഏക മകളാണു ശ്രദ്ധ. കഴിഞ്ഞ ദിവസം രാത്രി 11നാണു മരണവിവരം വീട്ടിലറിയുന്നത്. സഹോദരീ ഭർത്താവാണു ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. അമ്മ ലളിതയും ഭാര്യ രമ്യയും വിവരം അറിഞ്ഞതോടെ കൂട്ടക്കരച്ചിലായി.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഏതാനും ബന്ധുക്കൾ മാത്രമാണു വീട്ടിൽ എത്തിയത്. വരുന്നവർക്ക് ഇവരെ ആശ്വസിപ്പിക്കാനും വാക്കുകളില്ല. കോവിഡ് ബാധിച്ചു മരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാതെ അവിടെ സംസ്കരിക്കാൻ തീരുമാനവും എത്തി. ഭാര്യയ്ക്കും മകൾക്കും അമ്മയ്ക്കും അവസാനമായി കാണുവാനും അന്തിമോപചാരം അർപ്പിക്കാനും കഴിയാതെ ദുബായിൽ രതീഷിന് അന്ത്യവിശ്രമം. ടാക്സി ഡ്രൈവറായിരുന്നു രതീഷ്.
അച്ഛൻ സോമരാജൻ നേരത്തെ മരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണു രതീഷ് അവധിക്കെത്തി മടങ്ങിയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. 15 ദിവസം മുൻപു ഫോണിൽ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കടുത്ത പനിയാണെന്നും അറിയിച്ചു. സ്രവ പരിശോധന പോസിറ്റീവ് ആണെന്ന സന്ദേശവും എത്തിയിരുന്നു. പിന്നീട്, മരിച്ചെന്ന വിവരമാണ് എത്തുന്നത്.