
കൊല്ലം: ഗ്രൗണ്ടില്‍ കളിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് ശേഷം വീടുകയറി ആക്രമിച്ച കേസില്‍ 9 പേര്‍ അറസ്റ്റില്‍. ശൂരനാട് പള്ളിക്കല്‍ ചെറുകുന്നം പ്രമോദ് ഭവനത്തില്‍ പ്രദീപ്(40), ബിജുഭവനത്തില്‍ ബിജു(44), മണപ്പള്ളി താഴതില്‍ വീട്ടില്‍ വസുമോഹന്‍(43), മനയത്ത് വീട്ടില്‍ അഖില്‍ മധു(21), നടുവിലെമുറി ജിതിന്‍ഭവനത്തില്‍ ജിതിന്‍(25), പോരുവഴി ചാത്താകുളം രമണി വിലാസത്തില്‍ വിഷ്ണു(20), ഇടയ്ക്കാട് ചാത്താകുളത്ത് പുത്തന്‍വീട്ടില്‍ അഖില്‍കുമാര്‍(20), വടക്കേമുറി ചാത്താകുളം രജിന്‍ഭവനത്തില്‍ രജിന്‍(20) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശൂരനാട് വടക്ക് നടുവിലെമുറി അംബിക ഭവനത്തില്‍ ജ്യോതിഷിന്റെ (19) വീടുകയറിയാണ് ആക്രമണം നടത്തിയത്. 23ന് രാത്രി 9.30ന് മാരകായുധങ്ങളുമായെത്തിയ സംഘം ആനയടി പാലത്തിന് സമീപത്തെ വാടക വീട്ടിലെത്തിയാണ് ജ്യോതിഷിനെയും അമ്മ മുത്താലിയമ്മാളിനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ജ്യോതിഷിന്റെ തല അടിച്ചുപൊട്ടിക്കുകയും കൈയ്ക്കും മൂക്കിനും ഇടിയ്ക്കുകയും ചെയ്തു. അമ്മയെയും തല്ലിച്ചതച്ചു. ക്രൂരമായി മര്‍ദ്ദനമേറ്റ് അവശനിലയില്‍ വീട്ടില്‍ക്കിടന്ന ഇരുവരെയും അയല്‍ക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജ്യോതിഷിന്റെ നില ഗുരുതരമാണ്. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കവെ ജ്യോതിഷും സുഹൃത്തുക്കളും പ്രദേശത്തെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ പ്രതിപ്പട്ടികയിലെ ജിതിന്റെ പിതാവ് മധു ഇത് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി കളിച്ചവരും മധുവുമായി വാക്കേറ്റമുണ്ടായി. ഇതിന് നേതൃത്വം നല്‍കിയ ജ്യോതിഷിനെ ആക്രമിക്കാന്‍ പിന്നീട് തീരുമാനിച്ച പ്രകാരമായിരുന്നു വീടുകയറി ആക്രമണം. ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളെ ശൂരനാട് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധങ്ങളും കണ്ടെടുത്തു. സി.ഐ എ.ഫിറോസ്, എസ്.ഐമാരായ പി.ശ്രീജിത്ത്, സെബാസ്റ്റ്യന്‍, എ.എസ്.ഐമാരായ പ്രദീപ്, ചന്ദ്രമോന്‍, ഹര്‍ഷാദ്, സി.പി.ഒമാരായ ഷിജു ആനന്ദ്, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ