
കൊല്ലം: അവശ്യ സാധനങ്ങള്‍ പൂഴ്ത്തി വെക്കാനും വന്‍ തോതില്‍ വില ഉയര്‍ത്താനും ശ്രമിച്ചാല്‍ സാധനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ വ്യാപാരികളെ നേരില്‍ കണ്ട് ഓര്‍മപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണനൊപ്പമാണ് അദ്ദേഹം നഗരത്തിലെ ചാമക്കട മാര്‍ക്കറ്റില്‍ എത്തിയത്.
ചില്ലറ വില്‍പനക്കാര്‍, മൊത്തക്കച്ചവടക്കാര്‍ എന്നിവരെ നേരില്‍ കണ്ട് സംസാരിച്ച ശേഷം ഗോഡൗണിലും പരിശോധന നടത്തി. സാധനങ്ങള്‍ ഒരു തരത്തിലും പൂഴ്ത്തിവയ്ക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പൂഴ്ത്തിവച്ച സാധനങ്ങള്‍ പിടിച്ചെടുത്ത് പൊതുവിതരണ മേഖല വഴി വിതരണം ചെയ്യും. നിരന്തരമായി വിപണിയില്‍ ഇടപെടാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും പിന്നീട് നഗരത്തിലെ പ്രധാന വിപണിയായ ചാമക്കടയില്‍ എത്തി. വരും ദിവസങ്ങളിലും കളക്ടര്‍ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങുമെന്നാണ് വിവരം.
ഉള്ളിയുടെ വില കുറപ്പിച്ചു
ലോക്ക്ഡൗണ്‍ വന്നതിനു പിന്നാലെ കൊല്ലത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ സവാളയ്ക്കും ചെറിയ ഉള്ളിക്കും വിലഉയര്‍ത്തി. മുമ്ബ് സംഭരിച്ച ഉള്ളിക്ക് സാഹചര്യം അനുസരിച്ചു വിലഉയര്‍ത്തുകയായിരുന്നു. ഇതറിഞ്ഞു പരിശോധന നടത്തിയ ജില്ലാ സപ്ലൈ ഓഫീസറുടെ സംഘം സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുറപ്പിച്ചു. പൂഴ്ത്തി വെപ്പും വിലവര്‍ദ്ധനവും നടത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ