
കടയ്ക്കല്‍: ലോക് ഡൗണ്‍കാലത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും അമിതവില ഈടാക്കുന്നത് തടയാനും കര്‍ശന പരിശോധനയുമായി ഭക്ഷസുരക്ഷാ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
അമിതവില ഈടാക്കുന്നതായി കണ്ടെത്തിയ കടകളില്‍ താക്കീത് നല്‍കുകയും വില കുറപ്പിക്കുകയും ചെയ്തു. ചിതറ, മടത്തറ, പുത്തൂര്‍ ടൗണ്‍, വെട്ടിക്കവല എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. കടയ്ക്കല്‍, നിലമേല്‍, ആയൂര്‍, വെളിയം, ഓടനാവട്ടം ടൗണ്‍, എഴുകോണ്‍ എന്നിവിടങ്ങളിലും പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തുന്നു.
ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 130 രൂപവരെ ഈടാക്കുന്നതായി കണ്ടെത്തി. നൂറു രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 87 രൂപ മാത്രമാണ് ഉള്ളിയുടെ മൊത്തവില. കൊട്ടാരക്കരയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉഴുന്ന്, ചെറുപയര്‍ എന്നിവയ്ക്ക് അധികവില ഈടാക്കുന്നതു കണ്ടെത്തി കുറപ്പിച്ചു.
പത്തുമുതല്‍ മുപ്പതുശതമാനംവരെ അധികവില ചില വ്യാപാരികള്‍ ഈടാക്കുമ്ബോള്‍ ന്യായവിലയില്‍ കച്ചവടം ചെയ്യുന്നവരും ഏറെയാണ്. താലൂക്കിലെ മൊത്തവ്യാപാരികളില്‍നിന്ന് കരുതല്‍ ശേഖരത്തിന്റെ കണക്ക് സപ്ലൈ ഓഫീസര്‍ ശേഖരിച്ചു. നിലവില്‍ എല്ലാ വ്യാപാരികള്‍ക്കും കരുതലുണ്ടെങ്കിലും തമിഴ്നാട്ടില്‍നിന്നുള്ള സാധനങ്ങളുടെ വരവ് കുറഞ്ഞത് ആശങ്കയ്ക്ക് കാരണമാകുന്നു. മൂന്നുമാസത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ കരുതലുള്ളതായി സപ്ലൈ ഓഫീസര്‍ പറഞ്ഞു. കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ പോലീസ് തന്നെ അടയാളപ്പെടുത്തുന്നുണ്ട്. തിരക്കുള്ള ഇടങ്ങളിലെല്ലാം കളങ്ങള്‍ വരച്ച് അതിലാണ് ആളുകളെ നിര്‍ത്തുന്നത്.
തമിഴ്നാട്ടിലേക്ക് ലോറികള്‍ അയയ്ക്കാന്‍ ശ്രമം
:അവശ്യസാധനങ്ങളുമായി തമിഴ്‌നാട്ടില്‍നിന്നുള്ള ലോറികളുടെ വരവ് കുറഞ്ഞതിനാല്‍ താലൂക്കിലെ വ്യാപാരികളുടെ ലോറികള്‍ തമിഴ്‌നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമം നടത്തുന്നതായി സപ്ലൈ ഓഫീസര്‍ എസ്.എ.സെയ്ഫ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് ചുരുക്കം ലോറികള്‍ മാത്രമാണ് എത്തുന്നത്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കത്തിന് തടസ്സമില്ല. അതിനാലാണ് ഇവിടെനിന്ന് ലോറികള്‍ അയച്ച് സാധനങ്ങളെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ