കടയ്ക്കല്‍: കോവിഡ് 19 നെതിരെ പൊരുതാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ ആശുപത്രികളില്‍ 45 വെന്റിലേറ്ററുകള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. നിലവില്‍ 90 വെന്റിലേറ്ററുകളാണ് വിവിധ ആശുപത്രികളില്‍ ഉള്ളത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ രംഗത്ത് വലിയ നേട്ടമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.
എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, അഡ്വ കെ സോമപ്രസാദ് എന്നിവര്‍ 1.5 കോടി രൂപ വീതവും അഡ്വ എ എം ആരിഫ് 50 ലക്ഷം രൂപയുമാണ് പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം പി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു വെന്റിലേറ്ററിന് 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 35 വെന്റിലേറ്ററുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി അറിയിച്ചു. പുതിയ വെന്റിലേറ്ററുകള്‍ ഇവിടങ്ങളില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ്-10, കൊല്ലം ജില്ലാ ആശുപത്രി-10, കൊല്ലം വിക്‌ടോറിയ ആശുപത്രി-മൂന്ന്, കടയ്ക്കല്‍ താലൂക്കാശുപത്രി-3 , കൊട്ടാരക്കര, ശാസ്താംകോട്ട താലൂക്കാശുപത്രികളില്‍ അഞ്ചെണ്ണം വീതവുമാണ് സ്ഥാപിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ