കടയ്ക്കല്‍: ഓര്‍ക്കാപ്പുറത്ത് ഒരു വീട്ടില്‍ മൂന്ന് മരണമുണ്ടായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും കൊല്ലം കടയ്ക്കല്‍ ഇട്ടിവ ഗ്രാമം. ഇട്ടിവ വയ്യാനം പുലിയംകോണത്ത് വീട്ടില്‍ സുദര്‍ശനന്‍ (57) ആണ് ഭാര്യ വസന്തകുമാരിയെയും (55) മകന്‍ സുധേഷിനെയും (വിശാഖ്-25) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദുര്‍മരണങ്ങളുടെ വാര്‍ത്ത ഞെട്ടലോടെ നാടറിഞ്ഞത്. അപ്പോള്‍ മുതല്‍ നാട്ടുകാരുടെ മനസില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കുടുംബ വഴക്കിന്റെ പേരില്‍ ഇങ്ങനെ അരുംകൊല ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ ? അരുംകൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?
ചോരയുടെ രൂക്ഷ ഗന്ധം
എപ്പോഴും ആളനക്കമുള്ള വീട്ടില്‍ അന്ന് ആരെയും പുറത്തേക്ക് കണ്ടില്ല. വീടിന്റെ വാതിൽ അടച്ചിട്ടിരിക്കുകയാണ്. എങ്ങും പോയതായും അറിയില്ല. എന്നും ഫോണിലെങ്കിലും ബന്ധപ്പെടാറുള്ള വസന്തകുമാരി ഉച്ച കഴിഞ്ഞിട്ടും വിളിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ അയല്‍വീട്ടുകാരോട് തിരക്കിയത്. അവര്‍ വീടിനടുത്തെത്തിയപ്പോള്‍ ചോരയുടെ രൂക്ഷ ഗന്ധമായിരുന്നു പരിസരമാകെ. വാതിലില്‍ ചോരപ്പാടുകള്‍ കണ്ടതോടെ ഭീതി ഇരട്ടിച്ചു. മുട്ടിവിളിച്ചിട്ടും ആളനക്കമില്ല, ഒരുപാട് ആലോചനകള്‍ക്ക് മുതിരാതെ അയല്‍ക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു. അകത്ത് ഹാളിലാണ് ഒരു മൃതദേഹം കിടന്നത്. തുണികൊണ്ട് മൂടിയ മൃതദേഹത്തില്‍ നിന്ന് ചോര ഒഴുകിപ്പരന്നിരുന്നു. തുണി മാറ്റിയപ്പോഴാണ് അത് വസന്തകുമാരിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ കടയ്ക്കല്‍ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് എത്തുംമുമ്ബെ അയല്‍ക്കാര്‍ അടുത്ത മുറി പരിശോധിച്ചു. അവിടെ കട്ടിലിലായിരുന്നു മറ്റൊരു മൃതദേഹം. സുധേഷിന്റെ തലയില്‍ നിന്ന് വാര്‍ന്നൊഴുകിയ ചോര കട്ടിപിടിക്കാന്‍ തുടങ്ങിയിരുന്നു. മുറിയ്ക്കകത്താകെ രൂക്ഷ ഗന്ധമായിരുന്നു. അമ്മയെയും മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഒറ്റ നോട്ടത്തില്‍തന്നെ എല്ലാവര്‍ക്കും ബോദ്ധ്യമായി. കൊന്നത് സുദര്‍ശനന്‍ തന്നെയാകുമെന്ന് എന്തുകൊണ്ടോ അവര്‍ ഉറപ്പിച്ചു. സുദര്‍ശനനെ കണ്ടെത്താന്‍ ഔട്ട് ഹൗസില്‍ പരിശോധിച്ചവര്‍ വീണ്ടും ഞെട്ടി. സുദര്‍ശനന്‍ അവിടെ തൂങ്ങി മരിച്ച നിലയിലായിരുന്നു.
ആയുധമെവിടെ ?
വസന്തകുമാരിയെ വെട്ടിക്കൊന്നതും സുധേഷിനെ തലയ്ക്കടിച്ച് കൊന്നതുമാണെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍, വെട്ടിയതല്ലെന്ന് ഇന്‍ക്വസ്റ്റില്‍ ബോദ്ധ്യമായി. ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചതാണെന്നാണ് പിന്നീട് വിലയിരുത്തിയത്. എന്നാല്‍, അത്തരമൊരു ആയുധം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അവിടെയുണ്ടായിരുന്ന ഒരു തടിക്കഷ്ണം വച്ച് തലയ്ക്കടിച്ചതാകാമെന്ന നിഗമനത്തിലാണ് അവസാനമെത്തിയത്. ഈ തടിക്കഷ്ണവും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടമാരെയും ഫോറന്‍സിക് അധികൃതരെയും കാട്ടി. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്.
കുടുംബ കലഹം
സാധാരണ കുടുംബത്തിലെ അംഗമായിരുന്ന സുദര്‍ശനന്‍ ചെറുപ്പകാലത്ത് പൊതുരംഗത്തും സജീവമായിരുന്നു. പള്ളിയ്ക്ക് മുന്നില്‍ സന്ദേശമെഴുതിയതിന് അക്കാലത്ത് വഴക്കുണ്ടായിട്ടുണ്ട്. പിന്നീട് സൈന്യത്തില്‍ ജോലി കിട്ടി. അതോടെ സുദര്‍ശനന്റെ സ്വഭാവത്തിലും കാര്യമായ മാറ്റമുണ്ടായി. വിവാഹ ശേഷം നല്ല രീതിയിലാണ് ജീവിതം മുന്നോട്ടുപോയത്. ഒരു മകനും മകളുമുണ്ടായതോടെ സന്തോഷങ്ങള്‍ക്ക് തിളക്കമേറി. പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയ ശേഷമാണ് ഭാര്യ വസന്തകുമാരിയുമായി സ്വരച്ചേര്‍ച്ചക്കുറവുണ്ടായത്. പിന്നെയത് വലിയ വഴക്കിലേക്ക് മാറി. മകന്‍ സുധേഷ് എപ്പോഴും അമ്മയ്ക്കൊപ്പം നിന്നു. മകളെ വിവാഹം ചെയ്തയച്ചതിനാല്‍ വീട്ടില്‍ സുദര്‍ശനന്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. ഒരു വര്‍ഷം മുന്‍പ് സുദര്‍ശനന്‍ വസന്തകുമാരിയെ മര്‍ദ്ദിച്ചത് സുധേഷ് ചോദ്യം ചെയ്തു. ഇരുവരും തമ്മില്‍ അടിപിടിയും നടന്നു. അന്ന് വസന്തകുമാരിയെ കറിക്കത്തികൊണ്ട് സുദര്‍ശനന്‍ വെട്ടി. പൊലീസ് കേസായെങ്കിലും പിന്നീടത് ഒതുക്കിത്തീര്‍ത്തു. എങ്കിലും കുടുംബത്തില്‍ സുദര്‍ശനനെ കയറ്റാനാകില്ലെന്ന നിലപാടിലേക്ക് ഭാര്യയും മകനുമെത്തി. കോടതിയില്‍ കേസുകളായി. സുദര്‍ശനന് വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസിലേക്ക് താമസം മാറ്റേണ്ടി വന്നു.
സ്വത്തുക്കള്‍ ബന്ധുക്കള്‍ക്ക്
തന്റെ പേരിലുള്ള വസ്തുവും വീടുമെല്ലാം സുദര്‍ശനന്‍ സഹോദരന്റെയും മക്കളുടെയും പേരിലേക്ക് ആരുമറിയാതെ മാറ്റിയെഴുതി. ഒരു വര്‍ഷം മുന്‍പ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, അടുത്തിടെ കോടതി നടപടിയുടെ ഭാഗമായി ഇക്കാര്യം പുറത്തായി. അതോടെ വീട്ടിലെ അന്തരീക്ഷം കലുഷിതമായി. വസന്തകുമാരിയുടെ സഹോദരനും മറ്റു ബന്ധുക്കളും ചേര്‍ന്ന് ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കുകയും 15 ലക്ഷം രൂപ മകനും മകള്‍ക്കുമായി നല്‍കാനും സമ്മതിച്ചു. തുക കൊടുക്കാമെന്ന് സുദര്‍ശനന്‍ വാക്ക് കൊടുത്തെങ്കിലും അന്നുമുതല്‍ വല്ലാത്ത അസ്വസ്ഥതകളിലായിരുന്നു. എന്തെല്ലാമോ ഉറപ്പിച്ച രീതിയിലായിരുന്നു പെരുമാറ്റം. നേരത്തേതന്നെ താടിയും മുടിയും നീട്ടിവളര്‍ത്തി വല്ലാത്ത മുഖഭാവത്തോടെയിരുന്ന സുദര്‍ശനനിലെ ഭാവമാറ്റും പലരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ആരോടും വര്‍ത്തമാനത്തിന് മുതിരാതെ ഔട്ട് ഹൗസില്‍ത്തന്നെ ഒതുങ്ങി.
പൊലീസ് നിഗമനം
കുടുംബ കലഹത്തിന്റെ പേരില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും ഞായറാഴ്ച രാവിലെ സുദര്‍ശനന്‍ വീട്ടിനുള്ളിലേക്ക് കടന്നത്. ഉള്ളിലേക്ക് കടക്കരുതെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. മുറിയ്ക്കുള്ളില്‍ കടന്ന് കൈയില്‍ കരുതിയ ആയുധമോ വിറക് കഷ്ണമോ കൊണ്ട് സുധേഷിന്റെ തലയ്ക്കടിച്ചിട്ടുണ്ടാകും. കട്ടിലിലേക്ക് തള്ളിയിട്ട ശേഷം പുറത്തേക്കിറങ്ങിയപ്പോഴാകും ശബ്ദംകേട്ട് അടുക്കളയില്‍ നിന്ന് വസന്തകുമാരി ഓടിയെത്തിയിട്ടുണ്ടാവുക. ഹാളില്‍ വച്ചുതന്നെ വസന്തകുമാരിയെയും അടിച്ചുവീഴ്ത്തി. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷമാവാം വീടിന് പുറത്തിറങ്ങി താന്‍ താമസിക്കുന്ന ഔട്ട് ഹൗസിലേക്ക് കടന്ന് തൂങ്ങിമരിച്ചത്.
അന്വേഷണം നിറുത്തില്ല
ഭാര്യയും മകനുമായി നിരന്തരം വഴക്കുണ്ടാകുമെങ്കിലും മകളോട് അത്ര വിരോധമുണ്ടായിരുന്നില്ല. ഭാര്യയെയും മകനെയും കൊലപ്പെടുത്താനും പിന്നീട് ആത്മഹത്യ ചെയ്യാനും ആരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. റൂറല്‍ എസ്.പി ഹരിശങ്കര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സുദര്‍ശനന്‍ തന്നെയാണ് മറ്റ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ പൊലീസിന് വലിയ സംശയങ്ങളില്ല. എന്നാല്‍, തലനാരിഴ കീറി പരിശോധിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.