കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍! കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും കൊല്ലം ജില്ലാ കളക്ടറുമായ അബ്ദുല്‍ നാസര്‍ ബി. ഐഎഎസാണ് കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്.
ആള്‍ക്കൂട്ടം രൂപപ്പെട്ട് കോവിഡ് 19 രോഗബാധ വ്യാപിക്കുന്ന സാഹചര്യം ഉളവാകുന്നത് പൊതുജനങ്ങളുടെ ജീവന് കടുത്ത ദുരന്ത ഭീഷണി ഉയര്‍ത്തുമെന്നതിനാലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 26 (2) 30 (1) 30 (2) ii iii ,iv ,v , xi ,xvi ,xviii ,xx ,33, 34 (c )(m) പ്രകാര൦ കളക്ടറില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവ്.
കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:
കൊറോണ വൈറസ് ബാധ (കോവിഡ് 19) ലോകവ്യാപകമായി അതിവേഗം പടര്‍ന്നുപിടിക്കുകയാണ് . ലോകാരോഗ്യസംഘടന ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോവിഡ് 19 നെ അംഗീകൃത ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രതിരോധ പ്രതികരണ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തും കോവിഡ് 19 ന്‍റെ രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. ഇതിനായുള്ള മുന്‍കരുതലുകള്‍ പലതും ഉത്തരവുകളായും ഉപദേശ രൂപേണയും ഇതിനകം തന്നെ കൊല്ലം ജില്ലാ ഭരണകൂടം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഏതാനും ചിലരുടെ സാമൂഹ്യാവബോധമില്ലായ്മ നിമിത്തം വിവാഹം ,ഉത്സവം പോലെയുള്ള ചടങ്ങുകളില്‍ ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയതോതില്‍ ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടുന്നതായി ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൗര ബോധമില്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ കോവിഡ് 19 ന്‍റെ വ്യാപനത്തിനും അതുവഴി സാമാന്യജനങ്ങളുടെ ജീവഹാനിക്കും ഇടയാക്കുന്നതാണ്.
ഇപ്രകാരം ആള്‍ക്കൂട്ടം രൂപപ്പെട്ട് കോവിഡ് 19 രോഗബാധ വ്യാപിക്കുന്ന സാഹചര്യം ഉളവാകുന്നത് പൊതുജനങ്ങളുടെ ജീവന് കടുത്ത ദുരന്ത ഭീഷണി ഉയര്‍ത്തുമെന്നത് ഉത്തമബോധ്യം വന്ന വസ്തുതയാണ്. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയുമാണ് എന്നതിനാല്‍ കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും കൊല്ലം ജില്ലാ കളക്ടറുമായ അബ്ദുല്‍ നാസര്‍ ബി ഐ എ എസ് എന്ന ഞാന്‍ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 26 (2) 30 (1) 30 (2) ii iii ,iv ,v , xi ,xvi ,xviii ,xx ,33, 34 (c )(m) പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് താഴെ പറയും പ്രകാരം ഉടന്‍ പ്രാബല്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
1. കൊല്ലം റവന്യു ജില്ലയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ആഡിറ്റോറിയങ്ങള്‍ ,കല്യാണ മണ്ഡപങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്‍റ്ററുകള്‍ ,കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 (അന്‍പത്) ആയി നിജപ്പെടുത്തി ഇതിനാല്‍ ഉത്തരവാകുന്നു .ഈ നിയന്ത്രണം ലംഘിച്ച് നിശ്ചിത അന്‍പതില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടുന്ന പക്ഷം യുക്തമെന്ന് തോന്നുന്ന വിധത്തില്‍ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി ,കൊല്ലം സിറ്റി/ റൂറല്‍ എന്നിവരെ ചുമതലപ്പെടുത്തുന്നു. കൂടാതെ അതത് ജില്ലാ പോലീസ് മേധാവിമാര്‍ ആവശ്യപ്പെടുന്ന പക്ഷം ടി സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനും ,ജലവിതരണവും വിശ്ചേദിക്കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍,കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് ലിമിറ്റഡ്, കൊല്ലം, കൊട്ടാരക്കര /സൂപ്രണ്ടിംഗ് എഞ്ചിനീയര്‍,കേരള വാട്ടര്‍ അതോറിറ്റി, പി എച്ച് സര്‍ക്കിള്‍, കൊല്ലം എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.തുടര്‍ന്നും ടി നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്കൊ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)- നൊ ബോധ്യപ്പെടുന്നപക്ഷം ടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീല്‍ വെക്കുവാനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു.
(നടപടി : ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി / റൂറല്‍ , റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ നഗരകാര്യ വകുപ്പ് കൊല്ലം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം ,ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ , കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് ലിമിറ്റഡ്,കൊല്ലം/കൊട്ടാരക്കര, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിറ്റി, പി എച്ച് സര്‍ക്കിള്‍ ,കൊല്ലം.)
2. വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍ എന്നിവയോടനുബന്ധിച്ചുള്ള വിശ്വാസപരമായ ആചാര ചടങ്ങുകള്‍ നടത്തുന്നതിനത്ത്യാവശ്യമായ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി അവ നടത്തേണ്ടതാണ്. കൂടാതെ ഘോഷയാത്രകള്‍, കൂട്ടപ്രാര്‍ത്ഥനകള്‍, മരണാനന്തര ചടങ്ങുകള്‍ മുതലായവയിലും ഇതേ നടപടിക്രമം തന്നെ പാലിക്കേണ്ടതാണ്. മേല്‍പ്പറഞ്ഞവയിലേതിലും അത്യാവശ്യത്തിലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്നു എന്നു തോന്നിയാല്‍ അവരെ പിരിച്ചുവിടുവാന്‍ പോലീസ് ,ആരോഗ്യവകുപ്പുകള്‍ക്ക് അതത് പ്രദേശത്തെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ നിര്‍ദ്ദേശ പ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്.
(നടപടി: ജില്ലാ പോലീസ് മേധാവി ,കൊല്ലം സിറ്റി /കൊല്ലം റൂറല്‍ ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ,കൊല്ലം / തഹസില്‍ദാര്‍ ,കൊല്ലം / കൊട്ടാരക്കര / കരുനാഗപ്പള്ളി / കുന്നത്തൂര്‍ /പത്തനാപുരം / പുനലൂര്‍ )
3. ജില്ലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ മാതൃ ഭാഷയില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും മറ്റും ഉചിതമായ മാര്‍ഗ്ഗങ്ങളിലും നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തുന്നു.
(നടപടി: ജില്ലാ ലേബര്‍ ഓഫീസര്‍,കൊല്ലം)
4. ജില്ലയിലെ എല്ലാ പൊതു പരിപാടികളും കലാ കായിക മത്സരങ്ങളും, വാണിജ്യ മേളകളും ഇതിനാല്‍ നിരോധിച്ചുത്തരവാകുന്നു.
5.ഏതു സാഹചര്യത്തിലും അത്യാവശ്യങ്ങള്‍ക്കായല്ലാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍ അവരെ പിരിച്ചുവിടാന്‍ സബ് ഇന്‍സ്പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥരേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത ആരോഗ്യ വകുപ്പുദ്യോഗസ്ഥരേയും വില്ലേജാഫീസറുടെ പദവിയില്‍ താഴെയല്ലാത്ത റവന്യു ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയും ഇതിനാല്‍ ഉത്തരവാകുന്നു.
ഈ ഉത്തരവിന് 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും.ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ,ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങളിലേതിനുപുറമെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 ,56 എന്നീ വകുപ്പുകള്‍ പ്രകാരം കൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ചെയര്‍മാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി&
ജില്ലാ കളക്ടര്‍ ,കൊല്ലം .
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി , കളക്‌ട്രേറ്റ് , കൊല്ലം - 691013
ടോള്‍ഫ്രീ :1077 , ഫോണ്‍ :0474 -2794004 , ഫാക്സ് : 0474 -2794002
മൊബൈല്‍ : 9447677800 . ഇ-മെയില്‍ : dmdkollam@gmail.com