കിളിമാനൂര്‍: തിരുവനന്തപുരം തട്ടത്തുമല കിളിമാനൂര്‍ റോഡില്‍ റോഡ് റോളറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. അപകടരത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. റോഡ് റോളര്‍ പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഇന്ന് ഉച്ചക്ക് 12മണിയോടെയാണ് അപകടം നടന്നത്.
റോഡ് റോളര്‍ ഡ്രൈവറും ബിഹാര്‍ സ്വദേശിയുമായ സാലിമിനാണ് പരിക്കേറ്റത്. കിളിമാനൂര്‍ ഭാഗത്ത് നിന്നും നിലമേല്‍ ഭാഗത്തേക്ക് പോയ ലോറിയും എതിരെ വന്ന റോഡ് റോളറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ റോഡ് റോളര്‍ രണ്ടായി മുറിഞ്ഞു മാറിയിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡ് റോളര്‍ ഡ്രൈവര്‍ സലിം റോഡിലേക്ക് തെറിച്ചു വീണു. ഉടന്‍ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റ സലീമിനെ 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം.
കിളിമാനൂര്‍ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഗതാഗത തടസ്സം ഉണ്ടായി. ഒടുവില്‍ ക്രയിന്‍ എത്തിയാണ് റോഡില്‍ നിന്ന് റോഡ് റോളര്‍ മാറ്റിയത്. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം.